വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസമേഖലയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കുള്ള സുപ്രധാന സ്ഥാനവും ഉത്തരവാദിത്വങ്ങളും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പാ. സ്കൂൾ, സർവകലാശാല മേഖലകളുമായി ബന്ധപ്പെട്ട അജപാലനത്തെക്കുറിച്ചുള്ള കോൺഗ്രസിൽ പങ്കെടുത്തവരുമായി ഒക്ടോബർ 22-ന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. യുവജനങ്ങൾ നേരിടുന്ന മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവരിൽ ആത്മവിശ്വാസം വളർത്താനും വിശ്വാസവും യുക്തിയും തമ്മിൽ ശരിയായ ബന്ധം സ്ഥാപിക്കാനും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുടുംബങ്ങളിലും മറ്റു മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ, ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ട ഏകാന്തത തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഇന്നത്തെ യുവജനങ്ങളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാനും ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുന്ന പരിശീലനം നൽകണം. സാഹോദര്യവും നീതിബോധവും അടിസ്ഥാനമാക്കി ജീവിക്കുന്ന സമൂഹത്തിന്റെ നിർമാതാക്കളായി അവരെ വളർത്തി യെടുക്കുന്നതിലും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

