വത്തിക്കാൻ സിറ്റി: വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്തിൽ മുമ്പെന്നത്തേക്കാളും അടിയന്തരമായ ഉത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അജപാലന പ്രമാണരേഖയായ ഗൗദിയും എത് സ്പേസ് സംബന്ധിച്ച മതബോധന പരമ്പരയിൽ, വിവാഹവും കുടുംബവും സമൂഹത്തിന്റെ അടിസ്ഥാനമാണെന്ന് പാപ്പ ഓർമിപ്പിച്ചു.
ഒക്ടോബർ 21-ന് വത്തിക്കാനിലെ പൊതുദർശനത്തിലാണ് പാപ്പ ഇക്കാര്യം വിശദീകരിച്ചത്. മനുഷ്യവ്യക്തിയുടെ അന്തസ്സും ലോകത്തിലെ അവന്റെ വിളിയും വിശദീകരിച്ചശേഷം, സമകാലിക ലോകത്തിലെ പ്രധാന പ്രശ്നങ്ങളെ സുവിശേഷത്തിന്റെയും മനുഷ്യാനുഭവത്തിന്റെയും വെളിച്ചത്തിൽ വിലയിരുത്തുന്ന പ്രമാണരേഖയാണ് ഗൗദിയും എത് സ്പേസ്. വ്യക്തിയുടെയും മനുഷ്യസമൂഹത്തിന്റെയും ക്രൈസ്തവസമൂഹത്തിന്റെയും ക്ഷേമം വിവാഹ-കുടുംബജീവിതത്തിന്റെ സുസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. വിവാഹത്തെ കേവലം ഒരു നിയമപരമായ കരാറായി പരിമിതപ്പെടുത്താതെ, ദാമ്പത്യ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ആഴമേറിയ കൂട്ടായ്മയായാണ് കൗൺസിൽ അവതരിപ്പിക്കുന്നതെന്ന് പാപ്പ വിശദീകരിച്ചു. ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്വയം സമർപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദാമ്പത്യ ഉടമ്പടിയാണ് ഈ ഐക്യത്തിന്റെ അടിസ്ഥാനം. “അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്” എന്ന ക്രിസ്തുവിന്റെ വചനത്തിലൂടെ വ്യക്തമാകുന്ന ഈ ബന്ധം പൂർണമായ വിശ്വസ്തതയും വേർപെടുത്താനാവാത്ത ഐക്യവും ആവശ്യപ്പെടുന്നു.
ദാമ്പത്യസ്നേഹം ശാരീരിക ആകർഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ദമ്പതികളുടെ ഹൃദയവികാരങ്ങളെയും ഇച്ഛാശക്തിയെയും ആർദ്രതയോടെയുള്ള പ്രവൃത്തികളെയും ഉൾക്കൊള്ളുന്നതാണെന്നും പാപ്പ പറഞ്ഞു. അന്തസ്സിൽ തുല്യരായ സ്ത്രീയുടെയും പുരുഷന്റെയും സമഗ്രമായ നന്മയെ ഉൾക്കൊള്ളുന്ന ഈ സ്നേഹം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാകുന്നു. പരസ്പര സമർപ്പണത്തിലൂടെ ദമ്പതികളുടെ ഐക്യവും സന്തോഷവും കൂടുതൽ സമ്പന്നമാകുന്നു. മക്കൾ വിവാഹത്തിന്റെ ഉത്കൃഷ്ടമായ ദാനമാണെന്ന് ഓർമിപ്പിച്ച പാപ്പ, ജീവൻ പകർന്നുനൽകുന്നതിലൂടെയും അവരെ വളർത്തുന്നതിലൂടെയും ദമ്പതികൾ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽ പങ്കുചേരുകയാണെന്നും വ്യക്തമാക്കി. ജനനം മുതൽ മനുഷ്യജീവനെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ എടുത്തുപറഞ്ഞു. കുടുംബത്തെ ‘ഉത്കൃഷ്ടമായ മനുഷ്യത്വത്തിന്റെ വിദ്യാലയം’, ‘സമൂഹത്തിന്റെ അടിസ്ഥാനം’ എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ഗൗദിയും എത് സ്പേസ്, വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ മേഖലകളിൽ ഉത്തരവാദിത്വമുള്ളവർക്കുണ്ടെന്നും വ്യക്തമാക്കുന്നു.
ഈ ദൗത്യം ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ അടിയന്തരമാണെന്ന് പറഞ്ഞ പാപ്പ, നസ്രത്തിലെ തിരുക്കുടുംബം ലോകമെമ്പാടുമുള്ള കുടുംബങ്ങളെ സംരക്ഷിക്കുകയും അവരുടെ ജീവിതയാത്രയിൽ വെളിച്ചമേകുകയും ചെയ്യട്ടെയെന്ന് പ്രാർഥിച്ചു.

