മുതിയാവിള: ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മതിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 25 ഞായറാഴ്ച മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര ലത്തീൻ രൂപത എമിരിറ്റസ് ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കും.
ദിവ്യബലിയെത്തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ദൈവദാസന്റെ നാമത്തിലുള്ള മ്യൂസിയം സന്ദർശിക്കാനും അവസരമുണ്ടാകും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. ദൈവദാസന്റെ വിശുദ്ധ ജീവിതത്തെയും ആത്മീയ സന്ദേശങ്ങളെയും അനുസ്മരിക്കുന്ന തിരുനാൾ പരിപാടികളിൽ കുടുംബസമേതം പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

