തിരുവനന്തപുരം: കേരള സംസ്ഥാന പ്ലാനിങ് ബോർഡിലെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾ, മുസ്ലിം, ലത്തീൻ കത്തോലിക്കാ വിഭാഗങ്ങൾ, വനിതകൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നിവേദനം.
എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിലെ നേതാക്കളും സാമൂഹികനായകരും ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. പ്ലാനിങ് ബോർഡിലെ നിയമനങ്ങളിലെ പ്രാതിനിധ്യനിഷേധം പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭരണാധികാരസ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങൾക്കും ആനുപാതികവും മതിയായതുമായ പ്രാതിനിധ്യം ലഭിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിവേദനത്തിലെ പ്രധാന ഭാഗം:
“പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി, ഭരണാധികാരസ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങളുടെയും ആനുപാതികവും മതിയായതുമായ പ്രാതിനിധ്യം ലഭ്യമാക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. 1891-ൽ ഡോ. പൽപ്പു, ജി.പി. പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നൽകിയ മലയാളികൾ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ നിർണായക പ്രാധാന്യം നന്നായി അറിയുന്ന ജനതയാണ്. സർവകലാശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ അഭിഭാഷകർ തുടങ്ങി സർക്കാർ നാമനിർദേശങ്ങളിലൂടെ നിയമനം നടത്തുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്കവിഭാഗങ്ങളും വനിതകളും ഒഴിവാക്കപ്പെടുന്നു. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പല നിയമനങ്ങളും പരിശോധിച്ചാൽ ഈ അനീതിയും വിവേചനവും വ്യക്തമായി കാണാൻ കഴിയും.സംസ്ഥാന പ്ലാനിങ് ബോർഡിൽ ചെയർമാനും നാല് വിദഗ്ധാംഗങ്ങളും വർഷങ്ങളായി അധികാരം കുത്തകയാക്കിവെച്ചിട്ടുള്ള സമുദായത്തിൽനിന്നു മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത അതീവ നിരാശാജനകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങൾ പങ്കുവെക്കുന്നതിലും നിർണായകമായ ഉത്തരവാദിത്വം ബോർഡിനുണ്ട്. അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ അർഹമായ ഫണ്ടും വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും ഉറപ്പാക്കുന്നതിൽ പ്ലാനിങ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്. ഈ അധികാരത്തിൽ അർഹമായ പങ്ക് ലഭിക്കാൻ എസ്.സി., എസ്.ടി., പിന്നാക്കവിഭാഗങ്ങൾക്കും അർഹതയുണ്ട്. കേരളത്തിലെ ജനസംഖ്യയിൽ 80 ശതമാനവും പട്ടികവിഭാഗത്തിലും ഒ.ബി.സി.യിലുമാണ് ഉൾപ്പെടുന്നത്.
വിവിധ തലങ്ങളിൽ ഇതുസംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ഇതുസംബന്ധിച്ച് താങ്കൾക്ക് ഇതിനകം കത്ത് നൽകിയിട്ടുണ്ട്. മുസ്ലിം, ദലിത്, വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനുപുറമെ, കേരളത്തിലെ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി പിന്നാക്കസമുദായങ്ങളും ലത്തീൻ കത്തോലിക്കാ വിഭാഗവും ഈ നിയമനം നടന്നപ്പോൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സർക്കാർ ഏകപക്ഷീയമായും പക്ഷപാതപരമായും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും പദ്ധതി രൂപവത്കരണ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ അടിയന്തരമായി പ്ലാനിങ് ബോർഡിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു.”
പദ്ധതി രൂപവത്കരണത്തിലും സംസ്ഥാനത്തിന്റെ വിഭവവിതരണത്തിലും പിന്നാക്കവിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്ലാനിങ് ബോർഡിൽ അർഹമായ പ്രാതിനിധ്യം അനിവാര്യമാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിയമനങ്ങളിൽ സാമൂഹികനീതിയും തുല്യപ്രാതിനിധ്യവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും നിവേദകർ ആവശ്യപ്പെട്ടു.

