ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21, 19(1)(എ) അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പേരിൽ അവരുടെ ഇന്റർനെറ്റ് ഉപയോഗം പൂർണമായി നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും പരസ്പരവിരുദ്ധമല്ലെന്നും പഠനത്തിനും അറിവ് നേടുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഇന്റർനെറ്റ് നിർണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഓൺലൈൻ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങളും സംരക്ഷണ സംവിധാനങ്ങളും ആവശ്യമാണ്. രക്ഷിതാക്കളുടെ മേൽനോട്ടം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. പ്രായം പരിഗണിക്കാതെ കുട്ടികൾക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം. ഈ അവകാശങ്ങൾ നിഷേധിക്കുന്നത് സംസാരസ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലെ അസംബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കോടതി എടുത്തുപറഞ്ഞു.

