പിലാത്തറ: കെസിവൈഎം കണ്ണൂർ രൂപത സംഘടിപ്പിച്ച ദൈവദാസൻ ഫാ. എൽ. എം. സുക്കോൾ എസ്.ജെ. സ്മാരക പ്രഥമ എവർ റോളിംഗ് ട്രോഫി ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ പരിയാരം സെന്റ് മേരീസ് ഇടവക ജേതാക്കളായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 32 ടീമുകളിലായി 350-ഓളം യുവാക്കൾ ടൂർണമെന്റിൽ മത്സരിച്ചു.
പിലാത്തറ ഫെറോന വികാരി ഫാ. തോംസൺ കൊറ്റിയത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല സമ്മാനങ്ങൾ വിതരണം ചെയ്തു. കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികതാരങ്ങളെ വളർത്തിയെടുക്കാൻ ടൂർണമെന്റ് സഹായകമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പുഞ്ചക്കാട് സെന്റ് ജോസഫ് ഇടവക രണ്ടാം സ്ഥാനം നേടി. വ്യക്തിഗത പുരസ്കാരങ്ങളിൽ നിബിൻ ഷാജി മികച്ച ഗോൾകീപ്പറായും ജസ്വിൻ ചാലിൽ മികച്ച കളിക്കാരനായും അഷീൻ പുഞ്ചക്കാട് മികച്ച പ്രതിരോധതാരമായും തിരഞ്ഞെടുക്കപ്പെട്ടു. പരിയാരം ടീമിന്റെ ജോമറ്റ് ടോപ് സ്കോററായി.ഫാ. ജസ്റ്റിൻ ഇടത്തിൽ, സി.എൽ.സി. രൂപതാ പ്രസിഡന്റ് ജോമോൻ, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ഷെബിൻ ജോർജ്, രൂപതാ പ്രസിഡന്റ് ചാൾസ് ഗിൽബർട്ട്, ആനിമേറ്റർ സിസ്റ്റർ നിമ്മി ഡി.എസ്.എസ്. എന്നിവരും രൂപതാ സമിതി അംഗങ്ങളും സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്തു.

