വത്തിക്കാൻ: വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനപ്പുറം വിശ്വാസത്തെയും സത്യത്തെയും ആഴത്തിൽ മനസ്സിലാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ.
അറിവും പഠനവും ദൈവത്തോടും സഹമനുഷ്യരോടുമുള്ള ഉത്തരവാദിത്വബോധം വളർത്തുന്നതിനും സമൂഹത്തിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തണമെന്നും പാപ്പ ആഹ്വാനം ചെയ്തു.റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളുടെ 2026-2027 അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരുമുൾപ്പെടെ അയ്യായിരത്തോളം പേർ വിശുദ്ധ ബലിയിൽ പങ്കെടുത്തു.പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ അറിവ് നേടുകയും അത് മനുഷ്യരുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി വിനിയോഗിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. വിദ്യാഭ്യാസം കേവലം അക്കാദമിക നേട്ടങ്ങളിൽ ഒതുങ്ങരുതെന്നും മറിച്ച് വിശ്വാസജീവിതത്തെ കൂടുതൽ ആഴമുള്ളതാക്കുകയും ഉത്തരവാദിത്വമുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രചോദനമേകുകയും വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസത്തിന്റെ വളർച്ചയിൽ ബുദ്ധിക്കും യുക്തിചിന്തയ്ക്കും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള തുറന്ന മനോഭാവത്തിനും പ്രധാന സ്ഥാനമുണ്ടെന്ന് പാപ്പ പറഞ്ഞു.
അതേസമയം, മതവികാരങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദൈവവചനത്തിലും സഭാപാരമ്പര്യത്തിലും അടിയുറച്ചുകൊണ്ട് പഠനവും വിമർശനാത്മക ചിന്തയും മുന്നോട്ടുകൊണ്ടുപോകണം. അറിവ് സത്യാന്വേഷണത്തിനും വിശ്വാസത്തിന്റെ ആഴത്തിലുള്ള ബോധ്യത്തിനും മനുഷ്യർക്കിടയിൽ സമാധാനവും ഐക്യവും വളർത്തുന്നതിനുമുള്ള ഉപാധിയായി മാറണമെന്നും ലെയോ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു.

