കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമായി നാല് ശതമാനമാക്കണമെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു.
ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തെയും വിദ്യാഭ്യാസ സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഉദ്യോഗങ്ങളിൽ നാല് ശതമാനം സംവരണം ലഭിക്കുമ്പോൾ വിദ്യാഭ്യാസ പ്രവേശനങ്ങളിൽ മൂന്ന് ശതമാനം മുതൽ ഒരു ശതമാനം വരെ വ്യത്യസ്ത നിരക്കുകളിലാണ് സംവരണം അനുവദിച്ചിരിക്കുന്നതെന്ന് കെ.സി.വൈ.എം ചൂണ്ടിക്കാട്ടി.
ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തെ ഡിഗ്രി, പി.ജി. കോഴ്സുകളിലെ സംവരണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. പോസ്റ്റ് ഗ്രാജുവേഷൻ ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ കോഴ്സുകളിൽ ഒരു ശതമാനം മാത്രം സംവരണം അനുവദിക്കുന്നത് വിദ്യാർത്ഥികൾക്ക് സംവരണത്തിന്റെ യഥാർഥ പ്രയോജനം ലഭിക്കുന്നതിന് തടസ്സമാകുന്നതായും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് പറഞ്ഞു. അതിനാൽ വിദ്യാഭ്യാസ സംവരണം നാല് ശതമാനമായി ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും സംവരണത്തിനുള്ള റോസ്റ്റർ സംവിധാനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും രാജീവ് പാട്രിക് ആവശ്യപ്പെട്ടു.പ്രൊമോട്ടർ ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെ., ട്രഷറർ ജോയ്സൺ പി. ജെ., കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, അരുൺ വിജയ് എസ്., ലെറ്റി എസ്. വി., ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, ജോമോൻ ആന്റണി, അമൽ ജോർജ്, അമല റോസ്, മാനുൽ ബെന്നി, അഡ്വ. അഥീന നിക്സൺ, ജോയൽ പി. ജെ., ഡെന്നിസ് ജോർജ് എന്നിവർ സംസാരിച്ചു.

