മഞ്ഞനക്കാട്: ഞാറക്കൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്. വർഷങ്ങളായി റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ യോഗം പ്രതിഷേധിച്ചു.റോഡിലെ വലിയ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഞാറക്കൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ എൺപത് കഴിഞ്ഞ വയോധികൻ റോഡിൽ വീണ് പരിക്കേറ്റ സംഭവവും പ്രതിഷേധത്തിന് ഇടയാക്കി.ആരാധനാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പ്രദേശവാസികൾക്ക് ആശ്രയിക്കാനുള്ള പ്രധാന ഗതാഗത മാർഗമാണ് ഈ റോഡ്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് യോഗം ആരോപിച്ചു.
റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ മഞ്ഞനക്കാട്–ഞാറക്കൽ നിവാസികളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വികാരി ഫാ. ആന്റണി ചെട്ടിവേലിയകത്തും സാമൂഹിക ഫോറം കൺവീനർ ആന്റണി കർവാലിയോയും പറഞ്ഞു. റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് കെ.എൽ.സി.എ മഞ്ഞനക്കാട് ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സി. ലിറ്റിൽ തെരേസ, ഡോണൽ റോഡ്രിക്സ്, ഡെക്ലിൽ, ദേവസി, റോണി, രശ്മി, ജീസ്ന, സ്റ്റഫി, സെലിൻ എന്നിവർ പ്രസംഗിച്ചു.

