സെന്റ് ലൂയിസ്: റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിലൂടെ സുവിശേഷ സന്ദേശം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ച ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും. അമേരിക്കയിലെ മിസോറിയിലെ സെന്റ് ലൂയിസിലുള്ള ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ സെപ്റ്റംബർ 24-ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുക്കർമ്മങ്ങൾ നടക്കും.
സെന്റ് ലൂയിസ് സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ദിവ്യബലിയിൽ (റോം സമയം രാത്രി ഒമ്പത്) വത്തിക്കാൻ പ്രതിനിധി കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിക്ക് മുന്നോടിയായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ, സംഗീതപരിപാടികൾ, എക്സ്പോ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
1950-60 കാലഘട്ടത്തിൽ അമേരിക്കയിൽ സംപ്രേഷണം ചെയ്ത ‘ലൈഫ് ഈസ് വർത്ത് ലിവിംഗ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ഫുൾട്ടൻ ജെ. ഷീൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ ശ്രദ്ധേയനായത്. ദശലക്ഷക്കണക്കിന് ആളുകൾ വീക്ഷിച്ച പരിപാടിയുടെ ഭാഗങ്ങൾ അദ്ദേഹത്തിന്റെ മരണശേഷവും വിവിധ മാധ്യമങ്ങളിലൂടെ പുനഃസംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. മികച്ച ടെലിവിഷൻ വ്യക്തിത്വത്തിനുള്ള എമ്മി പുരസ്കാരം രണ്ടുതവണ അദ്ദേഹത്തിന് ലഭിച്ചിരുന്നു.1895-ൽ ഇല്ലിനോയിസിൽ ജനിച്ച ഷീൻ 24-ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. 1951-ൽ ന്യൂയോർക്കിലെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം 1966-ൽ റോച്ചെസ്റ്റർ രൂപതയുടെ മെത്രാനായി. 1969-ൽ ആർച്ച്ബിഷപ്പ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1979-ൽ ന്യൂയോർക്ക് സിറ്റിയിൽ അന്തരിച്ചു.2002-ലാണ് ഫുൾട്ടൻ ജെ. ഷീന്റെ നാമകരണ നടപടികൾ ആരംഭിച്ചത്. വിശുദ്ധമായ ജീവിതവും സുവിശേഷപ്രഘോഷണത്തിലെ തീക്ഷ്ണതയും അദ്ദേഹത്തെ വിശ്വാസികളുടെ ഇടയിൽ ശ്രദ്ധേയനാക്കി.ഷീന്റെ മാധ്യസ്ഥത്തിലൂടെ ലഭിച്ച അത്ഭുതമാണ് അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വഴിയൊരുക്കിയത്. 2010-ൽ ജീവന്റെ ലക്ഷണങ്ങളില്ലാതെ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവത്തിൽ ഷീന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചതായി കുട്ടിയുടെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയിരുന്നു. സഭയുടെ അന്വേഷണങ്ങൾക്കൊടുവിൽ ഈ സംഭവം അത്ഭുതമായി അംഗീകരിക്കപ്പെട്ടു.

