വത്തിക്കാൻ: കായികരംഗം വ്യക്തിയെ ശ്രേഷ്ഠവും ആധികാരികവുമായ മൂല്യങ്ങൾ പഠിപ്പിക്കുന്ന മഹത്തായ വിദ്യാഭ്യാസ വേദിയാണെന്ന് ലെയോ പതിനാലാമൻ പാപ്പ.
ബുദ്ധിപരമായ വൈകല്യമുള്ളവർക്കായുള്ള സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത ഇറ്റാലിയൻ കായികതാരങ്ങളുമായി സെപ്റ്റംബർ 19ന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.കായികതാരങ്ങളെ നേരിൽ കാണാനും അവരുമായി സന്തോഷം പങ്കുവയ്ക്കാനും ലഭിച്ച അവസരം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു. കായികരംഗത്തിന്റെ വിദ്യാഭ്യാസപരമായ മൂല്യത്തിൽ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും, ജീവിതത്തിലെ ശ്രേഷ്ഠമായ മൂല്യങ്ങൾ അഭ്യസിക്കാനും അവയ്ക്ക് സാക്ഷ്യം വഹിക്കാനും കായികതാരങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കായികമത്സരങ്ങളിൽ ഗൗരവത്തോടെയും സമർപ്പണത്തോടെയും പങ്കെടുക്കുന്നതിലൂടെ വ്യക്തിയിൽ വിശ്വസ്തത, വിശ്വാസം, തുറന്ന മനസ്സ്, കൂട്ടായ്മ, ധൈര്യം തുടങ്ങിയ ഗുണങ്ങൾ വളരുന്നുവെന്ന് പാപ്പ പറഞ്ഞു. സ്ഥിരോത്സാഹത്തിലൂടെ കൈവരിക്കുന്ന ഈ മൂല്യങ്ങളും അവ നൽകുന്ന സൗന്ദര്യവും മറ്റുള്ളവരുമായി സവിശേഷമായ രീതിയിൽ പങ്കുവയ്ക്കാൻ കായികതാരങ്ങൾക്ക് കഴിയുമെന്നും ലെയോ പാപ്പ കൂട്ടിച്ചേർത്തു.

