മോണ്‍. റോക്കി റോബി കളത്തില്‍
(വികാരി ജനറല്‍, കോട്ടപ്പുറം രൂപത)
ജന്മനാടായ ഗോതുരുത്തിനെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയും, ഈ നാടിന്റെ സ്പന്ദനങ്ങള്‍ ആഴത്തില്‍ അറിഞ്ഞ് അതിന്റെ സാമൂഹിക-സാംസ്കാരിക വളര്‍ച്ചയില്‍ സജീവമായി ഇടപെട്ട് , ഈ നാടിന്റെ അഭിമാനമായി മാറുകയും ചെയ്ത വ്യക്തിയായിരുന്നു കോട്ടപ്പുറം രൂപതാംഗമായിരുന്ന പ്രമുഖ പത്രപ്രവര്ത്തകന് ജിജോ ജോണ്‍. എനിക്ക് ജിജോയുമായി പതിനഞ്ച് വര്‍ഷത്തിലേറെ നീളുന്ന സൗഹൃദവും സ്നേഹ ബന്ധവുമുണ്ടായിരുന്നു. നലംതികഞ്ഞ പത്രപ്രവര്ത്തകന് എന്നു മാത്രമല്ല മികച്ച സംഘാടകന്‍, കാമ്പുള്ള എഴുത്തുകാരന്, ആരെയും ആകര്‍ഷിക്കുന്ന വാഗ്മി, വാക്കുകള്‍കൊണ്ട് സദസ്സിനെ കൈയിലെടുക്കുന്ന കമന്റേറ്റര്‍ എന്നിങ്ങനെ തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം ജിജോ വ്യക്തിമുദ്ര പതിപ്പിച്ചു.
ഗോതുരുത്തിനെ ചവിട്ടുനാടകത്തിന്റെ പ്രധാന കേന്ദ്രമായി വളര്‍ത്തുന്നതിനും ഗോതുരുത്ത് വള്ളംകളിക്ക് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്ത് ഉയര്‍ത്തുന്നതിനും ജിജോ നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗോതുരുത്തിലെ എസ്എസിയുടെ നെടുംതൂണായി നിന്ന് ചുവടിഫെസ്റ്റിനും വള്ളംകളിക്കും അദ്ദേഹം നല്കിയ പിന്തുണയും നേതൃത്വവും വിലമതിക്കാനാവാത്തതാണ്.
കോട്ടപ്പുറം രൂപതയുടെ മാധ്യമ ഡയറക്ടറും പിആര്‍ഒയും ജീവനാദം വാരികയുടെ മാനേജിങ്ങ് എഡിറ്ററുമൊക്കെയായി നിയമിതനായ കാലം മുതലാണ് ജിജോയുമായി സൗഹൃദത്തിന് തുടക്കമാവുന്നത്. പലകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള നിരന്തരമായ സംഭാഷണത്തിലൂടെ ആ സൗഹൃദം ആത്മബന്ധമായി വളര്‍ന്നു. മാധ്യമ രംഗത്തെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിനും നിലപാടുകള്‍ കൈകൊള്ളുന്നതിനുമായി ജിജോയുമായി ഞാന്‍ പലപ്പോഴും സംസാരിക്കുമായിരുന്നു. മാധ്യമരംഗവുമായി ബന്ധപ്പെട്ട് ജിജോ നല്കിയ നിര്‍ദ്ദേശങ്ങളും സേവനങ്ങളും കോട്ടപ്പുറം രൂപതയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണ്.
കോട്ടപ്പുറം രൂപതയുടെ മീഡിയ കമ്മീഷനും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷനും ജിജോ നല്കിയ സേവനം നിസ്തുലമായിരുന്നു. മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് ജിജോ ആഴത്തില്‍ പഠിച്ചിരുന്നതിനാല്‍ അതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തുമായിരുന്നു. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന് രൂപീകരിക്കുന്നതിന് മുമ്പ് കോട്ടപ്പുറം രൂപതയുടെ കീഴില്‍ ഉണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷന് പുറത്തിറക്കിയ ഡിവൈന്‍ സെഞ്ച്വറീസ് എന്ന ചരിത്ര ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തിലും അദ്ദേഹം സഹകാരിയായി. ഇതുമായി ബന്ധപ്പെട്ട് കോട്ടപ്പുറത്ത് നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും തിരക്കുകള്‍കിടയിലും സമയം കണ്ടെത്തി ജിജോ പങ്കെടുത്തത് ഓര്‍ക്കുന്നു. സെപ്തംബര്‍ അഞ്ച് ശനിയാഴ്ച എറണാകുളത്ത് കെഎല്‍സിഎച്ച്എയുടെ നേത്വത്തില്‍ നടന്ന ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലി അനുസ്മരണ സമ്മേളത്തില്‍ കണ്ടപ്പോഴും, വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ കോട്ടപ്പുറത്തിന്റെ ചരിത്രത്തെ വെളിച്ചത്തുകൊണ്ടുവരുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരുമിച്ചു കൂടുന്നതിനെപ്പറ്റിയുമായിരുന്നു ഞങ്ങളുടെ സംഭാഷണം. ആ കൂടികാഴ്ച അവസാനത്തേതാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല.
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ജിജോയുടെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും എനിക്കെന്നും പ്രചോദനമായിരുന്നു. തന്റെ തൂലികയെയും ബന്ധങ്ങളെയും സ്വന്തം നാടിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പൈതൃക സംരക്ഷണത്തിനുമെല്ലാം എങ്ങനെ പ്രയോജകീഭവിപ്പിക്കാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് ജിജോയുടെ മാധ്യമജീവിതം. വാര്‍ത്തകളുടെ പിന്നിലുള്ള ജിജോയുടെ അന്വേഷണവും പഠനവും കൃത്യതയും സൂക്ഷ്മതയുമെല്ലാം ആകാംഷയോടും കൗതുകത്തോടെയുമാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. അതിനാല്‍ പത്രം വായിക്കുമ്പോള്‍ സൗഹൃദത്തിന്റെ ആ ബൈലൈന്‍ എപ്പോഴും അഭിമാനമുണര്ത്തുന്നതായിരുന്നു. ”അന്വേഷണാത്മക വാര്‍ത്തകളുടെ തുടിക്കുന്ന ബൈലൈന്‍” എന്ന ഇന്‍ഡ്രോ ആയിരുന്നു മലയാള മനോരമ പത്രത്തില്‍ ജിജോയെ കുറിച്ചുള്ള അനുസ്മരണത്തില്‍ സഹപ്രവര്‍ത്തകനായ ആന്റണി ജോണ്‍ കുറിച്ചത് . ”സൂക്ഷ്മദൃഷ്ടിയുടെ ലെന്‍സുമായി സഞ്ചരിച്ച ക്രൈം റിപ്പോര്‍ട്ടര്‍” എന്ന അദ്ദേഹത്തിന്റെ വിശേഷണം ജിജോക്ക് ഏറ്റവും ചേര്‍ച്ചയുള്ളതു തന്നെ. ‘വാര്‍ത്തയെന്നാല്‍ നീതി തേടല്‍’ എന്നടയാളപ്പെടുത്തി പ്രവര്ത്തിച്ചതുകൊണ്ടുതന്നെയാണ് ഗോയങ്ക പുരസ്കാരമടക്കമുള്ള അംഗീകാരങ്ങള്‍ ജിജോയെ തേടിയെത്തിയത്. പത്രപ്രവര്‍ത്തനത്തെ സത്യോപാസനയായി കണ്ട വ്യക്തിയായിരുന്നു ജിജോ. ”സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ക്രിസ്തുമൊഴി അദ്ദേഹത്തിന്റെ ജീവിതദര്ശനത്തോടു ചേര്‍ന്നുനിന്നു. നിത്യസത്യമായ ക്രിസ്തു ജിജോയെ സ്വര്‍ഗീയ ഭവനത്തിലേക്ക് സ്വീകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. ജിജോയുടെ പത്നി രമ്യ ജോസഫിനും മക്കളായ അനന്യയ്ക്കും, ജോഹാന്‍ ജോസഫിനും, കുടുംബാംഗങ്ങള്‍ക്കും കോട്ടപ്പുറം രൂപതയുടെ അനുശോചനം അറിയിക്കുന്നു.

