ജോസി. മാത്യു
സ്പാനിഷ് ഭാഷയില്‍ എല്‍നിനോ എന്നാല്‍ ‘ആണ്‍കുട്ടി’ എന്നും ലാനിന എന്നാല്‍ ‘പെണ്‍കുട്ടി’ എന്നും അര്‍ഥം. പേരുകളില്‍ ഒരു കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയുണ്ടെങ്കിലും ഇവര്‍ കടലില്‍ നടത്തുന്ന കളി അത്ര നിഷ്കളങ്കമല്ല. ലോകത്തിന്റെ കാലാവസ്ഥയെ ഉലയ്ക്കാനും മഴയുടെ താളം മാറ്റാനും വരള്‍ച്ചയുടെ കാഠിന്യം കൂട്ടാനും കടലിലെ മത്സ്യങ്ങളുടെ സഞ്ചാരത്തെ സ്വാധീനിക്കാനും കഴിയുന്ന വലിയ പ്രകൃതിചലനങ്ങളാണ് ഇവ.
കടലിന്റെ അടിത്തട്ടില്‍ തുടങ്ങുന്ന കഥ
സി.പി. റോയ് എഴുതി ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘കാലാവസ്ഥ മാറുമ്പോള്‍’ എന്ന പുസ്തകം വായിച്ചിരുന്നു. ആഗോളതാപനവും എല്‍നിനോ ഉള്‍പ്പെടെയുള്ള സമുദ്ര പ്രക്രിയകളും ഭൂമിയുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇതില്‍ വിവരിക്കുന്നുണ്ട്. കടലുമായി ബന്ധപ്പെട്ടവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
എല്‍നിനോ, ലാനിന എന്നിവ പസഫിക് മഹാസമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ഉണ്ടാകുന്ന രണ്ട് വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങളാണ്. ഇവ രണ്ടും ആഗോള കാലാവസ്ഥയെ വിപരീത ദിശകളിലാണ് ബാധിക്കുന്നത്. വെറുമൊരു ശാസ്ത്രീയ പ്രതിഭാസത്തിനപ്പുറം മനുഷ്യന്റെ ദൈനംദിന ജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന ഒന്നാണിതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പകുതിയിലധികം കൃഷിയിടങ്ങളും മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എല്‍നിനോ കാരണം മഴ കുറയുമ്പോള്‍ നെല്ല്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്പാദനം കുത്തനെ ഇടിയുകയും, ഇത് വിപണിയില്‍ കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുന്നു. വിളനാശവും ജലക്ഷാമവും കടക്കെണിയിലാക്കുന്നത് ലക്ഷക്കണക്കിന് സാധാരണ കര്‍ഷകരെയാണ്. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെയാകെ തളര്‍ത്തുന്നു.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കടല്‍ച്ചൂട് കാരണം മത്തിയും (ചാള) അയലയും ഉള്‍പ്പെടെയുള്ള മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുകയോ വംശനാശം നേരിടുകയോ ചെയ്യുന്നു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. നദികളും അണക്കെട്ടുകളും വറ്റിവരളുന്നത് കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. ഒപ്പം കടുത്ത ഉഷ്ണതരംഗവും സൂര്യാഘാതവും രോഗങ്ങളും വര്‍ദ്ധിക്കാനും കാരണമാകുന്നു. ഒരിടത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീയും അനുഭവപ്പെടുമ്പോള്‍, ലാനിനയുടെ സമയത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവുമാണ് ഉണ്ടാകുന്നത്. ഈ അസ്ഥിരത പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ തകര്‍ക്കുന്നു.
ചുരുക്കത്തില്‍, എല്‍നിനോ/ലാനിന പ്രതിഭാസങ്ങള്‍ കേവലം കാലാവസ്ഥാ വ്യതിയാനം മാത്രമല്ല; മറിച്ച് കൃഷി, സമുദ്ര സമ്പത്ത്, സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയെ ഒരേസമയം ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. മുന്‍കൂട്ടിയുള്ള കൃത്യമായ ആസൂത്രണവും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള കരുതല്‍ നടപടികളും മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
നമ്മുടെ തീന്മേശയിലെ മത്തിക്കും അയലയ്ക്കും ഒരു കഥയുണ്ട്. അത് തുടങ്ങുന്നത് വലയില്‍ നിന്നല്ല. കടലിന്റെ അടിത്തട്ടില്‍ നിന്നാണ്. കേരളതീരത്ത് മണ്‍സൂണ്‍ കാലത്ത് കടലിന്റെ ആഴങ്ങളില്‍ നിന്നുള്ള തണുത്തതും പോഷകസമൃദ്ധവുമായ വെള്ളം മുകളിലേക്ക് ഉയരുന്ന ഒരു പ്രതിഭാസമുണ്ട്. അതാണ് അപ്വെല്ലിങ്. കടലിന്റെ ആഴങ്ങളില്‍ കിടക്കുന്ന നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ ഈ വെള്ളത്തോടൊപ്പം മുകളിലെത്തുന്നു. അവ സൂക്ഷ്മ സസ്യജീവികളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഫൈറ്റോപ്ലാങ്ക്ടണുകള്‍ പെരുകുന്നു. അവയെ ഭക്ഷിക്കുന്ന ചെറുജീവികള്‍ പെരുകുന്നു. ഈ ജീവികളെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ എത്തുന്നു. അവയെ പിന്തുടര്ന്ന് വലിയ മത്സ്യങ്ങളും എത്തുന്നു.
ഒടുവില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വല നിറയുന്നു. അങ്ങനെ നോക്കിയാല്‍, കടലിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്ന ഒരു പോഷകകണമാണ് ഒടുവില്‍ കേരളീയന്റെ ചോറിനൊപ്പം മത്തിക്കറിയായി എത്തുന്നത്. കടലിന്റെ ഭക്ഷ്യശൃംഖലയും മനുഷ്യന്റെ ഭക്ഷണമേശയും തമ്മിലുള്ള അകലം അത്ര വലുതല്ല.
എല്‍നിനോ എത്തുമ്പോള്‍
ഇനി പസഫിക് സമുദ്രത്തിലേക്ക് പോകാം. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തില്‍ സാധാരണയായി കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വ്യാപാരക്കാറ്റുകള് സമുദ്രത്തിന്റെ ഉപരിതലത്തിലെ ചൂടുവെള്ളത്തെ ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും തള്ളിനീക്കുന്നു. തെക്കേ അമേരിക്കന്‍ തീരത്തിനടുത്ത് ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയരുന്നു. ഇതാണ് സാധാരണ സ്ഥിതി. ചില വര്‍ഷങ്ങളില്‍ ഈ കാറ്റുകളുടെ സ്വഭാവം മാറുന്നു. അവ ദുര്‍ബലമാകുന്നു. ചൂടുവെള്ളം കിഴക്കോട്ട് തിരിച്ചെത്തുന്നു. സമുദ്രത്തിന്റെ ഉപരിതല താപനില സാധാരണയേക്കാള്‍ ഉയരുന്നു. ഇതാണ് എല്‍നിനോ.
അതിനൊപ്പം ആഴക്കടലില്‍ നിന്നുള്ള തണുത്ത വെള്ളത്തിന്റെ ഉയര്‍ച്ച ചില പ്രദേശങ്ങളില്‍ ദുര്‍ബലമാകുന്നു. അതോടെ സമുദ്രത്തിലെ പോഷകചക്രത്തിലും മാറ്റമുണ്ടാകും. പ്ലാങ്ക്ടണുകളുടെ ലഭ്യത മാറും. അതിനെ ആശ്രയിക്കുന്ന മത്സ്യങ്ങളുടെ സാന്നിധ്യവും സഞ്ചാരവും മാറാം. അതിനാല്‍ എല്‍നിനോയെ വെറും ‘കടല്‍ ചൂടാകുന്ന പ്രതിഭാസം’ എന്നു പറയുന്നത് പോരാ.
കടലിന്റെ ഒരു ഭാഗത്ത് ചൂട് കൂടുമ്പോള്‍ മറ്റൊരു ഭാഗത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ വലയുടെ കഥ മാറിയേക്കാം.
പിന്നെ വരുന്നു പെണ്‍കുട്ടി
എല്‍നിനോയുടെ എതിര്‍സ്വഭാവമുള്ള പ്രതിഭാസമാണ് ലാനിന. കാറ്റുകള്‍ ശക്തമാകുന്നു. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് ചൂടുവെള്ളം കൂടുതല്‍ ശക്തമായി നീങ്ങുന്നു. തെക്കേ അമേരിക്കന്‍ തീരത്ത് ആഴക്കടലിലെ തണുത്ത വെള്ളത്തിന്റെ ഉയര്‍ച്ച ശക്തമാകുന്നു. കടലിന്റെ ഉപരിതല താപനില സാധാരണയേക്കാള്‍ താഴെയാകുന്നു. ഇതാണ് ലാനിന. അതുകൊണ്ടുമാത്രം ലാനിനയെ ‘നല്ല പെണ്‍കുട്ടി’ എന്നും എല്‍നിനോയെ ‘ചീത്ത ആണ്‍കുട്ടി’ എന്നും വിളിക്കാനാവില്ല. പ്രകൃതിയില്‍ നല്ലവനും ചീത്തവനും എന്ന വിഭജനം അത്ര എളുപ്പമല്ല.
ഒരു കടലില്‍ മത്സ്യസമ്പത്തിന് ഗുണകരമായ മാറ്റം മറ്റൊരു കടലില്‍ പ്രതികൂലമായേക്കാം. ഒരു പ്രദേശത്ത് മഴ കൊണ്ടുവരുന്ന കാലാവസ്ഥ മറ്റൊരിടത്ത് വരള്‍ച്ചയുണ്ടാക്കാം. പ്രകൃതി ഒരേ ഭാഷയില്‍ എല്ലാവരോടും സംസാരിക്കാറില്ല. പസഫിക്കിലെ തിര കേരളത്തിലെത്തുന്നത് എങ്ങനെ എന്നതാണ് ഏറ്റവും കൗതുകകരമായ ചോദ്യം. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് പസഫിക് സമുദ്രം. അവിടെ നടക്കുന്ന മാറ്റം കേരളത്തിലെ മത്തിയെയും അയലയെയും എങ്ങനെ ബാധിക്കും? ഉത്തരം കടലിനും ആകാശത്തിനും ഇടയിലുള്ള ബന്ധത്തിലാണ്. സമുദ്രത്തിന്റെ ചൂടും അന്തരീക്ഷത്തിലെ കാറ്റുകളും പരസ്പരം സ്വാധീനിക്കുന്നു. പസഫിക് സമുദ്രത്തിലെ വലിയ തോതിലുള്ള താപനിലമാറ്റങ്ങള് അന്തരീക്ഷത്തിലെ കാറ്റുകളുടെ ഘടനയിലും മര്ദവിതരണത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ത്യന്‍ മണ്‍സൂണിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രകടമാകാം.
എല്‍നിനോ പലപ്പോഴും ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നതുമായി ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ എല്ലാ എല്‍നിനോ വര്‍ഷവും ഒരേ ഫലം ഉണ്ടാക്കില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോലുള്ള മറ്റു സമുദ്ര-അന്തരീക്ഷ പ്രതിഭാസങ്ങള്‍, മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവം തുടങ്ങി നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് അന്തിമഫലം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഒരു ലളിതമായ ‘എല്‍നിനോ വന്നു, അതിനാല്‍ മീന്‍ കുറയും’ എന്നല്ല. പകരം, കടലിന്റെ താപനില മാറുന്നു, കാറ്റ് മാറുന്നു, മഴ മാറുന്നു, അപ്വെല്ലിങ് മാറുന്നു; അതിലൂടെ മത്സ്യങ്ങളുടെ ഭക്ഷണവും സഞ്ചാരവും മാറാം എന്നാണ്.
കേരളത്തിന്റെ കടലും മണ്‍സൂണും
കേരളത്തിന്റെ മത്സ്യജീവിതത്തില് മണ്‍സൂണിന് വലിയ സ്ഥാനമുണ്ട്. മഴയെത്തുമ്പോള്‍ നദികള്‍ നിറയുന്നതുപോലെ കടലിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. കാറ്റിന്റെ ദിശയും വേഗവും മാറുന്നു. കടലിന്റെ പാളികള്‍ ഇളകിമറിയുന്നു. ആഴങ്ങളില്‍ കിടന്നിരുന്ന പോഷകങ്ങള്‍ മുകളിലേക്ക് വരുന്നു. ഈ കാലാവസ്ഥാ മാറ്റങ്ങള്‍ മത്സ്യങ്ങളുടെ ഭക്ഷണലഭ്യതയെയും വളര്‍ച്ചയെയും സഞ്ചാരത്തെയും സ്വാധീനിക്കുന്നു. കേരളത്തിന്റെ കടലില്‍ മത്തി, അയല തുടങ്ങിയ ചെറുപെലാജിക് മത്സ്യങ്ങള്‍ക്ക് അതുകൊണ്ടുതന്നെ മണ്‍സൂണുമായി അടുത്ത ബന്ധമുണ്ട്. ഒരു വര്‍ഷം മത്തിയ്ക്ക് നല്ല കോളു കിട്ടിയാല്‍
മറ്റൊരു വര്‍ഷം അതേ കടലില്‍ മത്തിയെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും.
ചിലപ്പോള്‍ മീന്‍ മറ്റൊരു ഭാഗത്തേക്ക് മാറിയിട്ടുണ്ടാകും. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളിയുടെ അനുഭവവും ശാസ്ത്രജ്ഞന്റെ ഉപകരണങ്ങളും തമ്മില്‍ കൈകോര്‍ക്കേണ്ടത്.
കേരളത്തില്‍ മത്തി വെറും ഒരു മത്സ്യമല്ല. അത് ഒരു ജീവിതശൈലിയാണ്. മത്തിയുടെ വില സാധാരണക്കാരന്റെ അടുക്കളയിലെ സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്തി ധാരാളം കിട്ടുന്ന കാലത്ത് മത്സ്യത്തൊഴിലാളിയുടെ മുഖത്ത് ആശ്വാസമുണ്ടാകും. വിപണിയില്‍ വില കുറയും. സാധാരണ കുടുംബത്തിന് മീന്‍ വാങ്ങാന്‍ എളുപ്പമാകും. മത്തി കുറയുമ്പോള്‍ കഥ മാറുന്നു. വില ഉയരും. മത്സ്യത്തൊഴിലാളിക്ക് മീന്‍ കുറവായിരിക്കാം; പക്ഷേ ഉപഭോക്താവിന് വില കൂടുതലായിരിക്കും.
ഇരുവശത്തും പ്രശ്നം.
ഒരു ചെറിയ മത്സ്യത്തിന്റെ അഭാവം എത്ര വലിയ സാമ്പത്തിക തിരമാല സൃഷ്ടിക്കാമെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്.
അയലയുടെ കഥയും വ്യത്യസ്തമല്ല. മത്തിയെപ്പോലെ തന്നെ കേരളത്തിന്റെ മത്സ്യസംസ്കാരത്തില് അയലയ്ക്കും വലിയ സ്ഥാനമുണ്ട്. അയലയുടെ സഞ്ചാരവും കടലിന്റെ താപനില, ഭക്ഷണലഭ്യത, പ്രവാഹങ്ങള്‍ തുടങ്ങിയ പരിസ്ഥിതി ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കടലില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ മത്സ്യത്തിന്റെ സഞ്ചാരപാതയും മാറാം.
മത്സ്യത്തൊഴിലാളിക്ക് അതിനനുസരിച്ച് തന്റെ യാത്രയുടെ ദൂരം മാറ്റേണ്ടിവരും. പക്ഷേ കടലിലേക്ക് കൂടുതല്‍ ദൂരം പോകുന്നതിന് കൂടുതല്‍ ഇന്ധനം വേണം. ഇന്ധനത്തിന് കൂടുതല്‍ പണം വേണം, കൂടുതല്‍ സമയവും. എല്ലാറ്റിനും പുറമേ
കൂടുതല്‍ അപകടസാധ്യതയും.
വലയില്‍ മീന്‍ കിട്ടിയില്ലെങ്കില്‍ നഷ്ടം ഇരട്ടിയാകും. അങ്ങനെ കാലാവസ്ഥയിലെ ഒരു മാറ്റം പതുക്കെ സാമ്പത്തിക പ്രതിസന്ധിയായി മാറുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍ മീന്‍ കുറയുമ്പോള്‍ അതിന്റെ പ്രതിധ്വനി ആദ്യമുണ്ടാകുന്നത് അയാളുടെ വീട്ടിലാണ്. മകന്റെ ഫീസ് അടയ്ക്കല്‍ മാറ്റിവയ്ക്കണം, മകളുടെ പുസ്തകം വാങ്ങല്‍ നീട്ടിവയ്ക്കണം, വീടിന്റേയും വീട്ടുസാധനങ്ങളുടേയും അറ്റകുറ്റപ്പണി അനിശ്ചിതമാകും. കടം പിന്നെയും കുറച്ച് ദിവസം കാത്തിരിക്കട്ടെ എന്നു സ്വയം തീരുമാനിക്കണം. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം ഒരു കുടുംബത്തിന്റെ ചെറിയ ചെറിയ തീരുമാനങ്ങളായി മാറുന്നു.
കടലിലെ ചൂട് കൂടിയെന്ന വാര്‍ത്ത പത്രത്തിന്റെ ഒരു കോളത്തില്‍ ഒതുങ്ങിയേക്കാം. പക്ഷേ അതിന്റെ പ്രത്യാഘാതം ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ പല ചോദ്യങ്ങളുമുയര്ത്താം. ഇതാണ് കാലാവസ്ഥാ ശാസ്ത്രത്തിന്റെ ഏറ്റവും മനുഷ്യമായ മുഖം.
കടലിനെ വായിച്ചിരുന്ന മനുഷ്യര്‍
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലിനെക്കുറിച്ച് തലമുറകളായി കൈമാറിവന്ന അറിവുണ്ട്. ഏത് കാലത്ത് ഏത് മീന്‍ വരും? ഏത് കാറ്റിലാണ് ഏത് ഭാഗത്തേക്ക് പോകേണ്ടത്? വെള്ളത്തിന്റെ നിറം എപ്പോള്‍ മാറും? തിരയുടെ സ്വഭാവം എന്താണ് പറയുന്നത്? പഴയ തലമുറകള്‍ പുസ്തകങ്ങളില്ലാതെ പഠിച്ച അറിവുകളാണിവ. പ്രകാശന് എന്ന മത്സ്യത്തൊഴിലാളി എഴുതിയ ‘കടലാഴങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇത്തരം അറിവുകള്‍ ധാരാളമുണ്ട്. ഇന്ന് ആ അറിവിനൊപ്പം ഉപഗ്രഹചിത്രങ്ങളും സമുദ്രതാപനിലയുടെ കണക്കുകളും കാലാവസ്ഥാ മാതൃകകളും മത്സ്യസാന്നിധ്യ പ്രവചനങ്ങളും എത്തിക്കേണ്ട കാലമാണ്.
പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും തമ്മില്‍ മത്സരമല്ല വേണ്ടത്; കൂട്ടുകെട്ടാണ് വേണ്ടത്. കാരണം കടലിനെ ഏറ്റവും അടുത്തറിയുന്ന മനുഷ്യനും കടലിന്റെ ആഴം അളക്കുന്ന ശാസ്ത്രജ്ഞനും പറയുന്നത് ഒരേ കഥയുടെ രണ്ടു ഭാഗങ്ങളാണ്.
എല്‍നിനോ വന്നാല്‍ എല്ലാം മോശമാകുമോ?
ഇല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എല്‍നിനോയെ എല്ലാ പ്രശ്നങ്ങളുടെയും കാരണമായി കാണുന്നത് ശാസ്ത്രീയമായി ശരിയല്ല. അതുപോലെ ലാനിനയെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നു കരുതാനും കഴിയില്ല. മത്സ്യലഭ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. കടലിന്റെ താപനില, മഴ, കാറ്റ്, അപ്വെല്ലിങ്, സമുദ്രപ്രവാഹങ്ങള്‍, പ്ലാങ്ക്ടണുകളുടെ ലഭ്യത, മത്സ്യങ്ങളുടെ പ്രജനനം, മത്സ്യബന്ധന സമ്മര്‍ദം, കടലിലെ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം…ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് ഒരു വര്‍ഷത്തെ മത്തി ലഭ്യത കണ്ടിട്ട് മാത്രം എല്നിനോയെയോ ലാനിനയെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പക്ഷേ അവ കടലിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നതും മറക്കാനാവില്ല.
നാളെ കടലിലേക്ക് പോകുന്നവര്‍ക്കായി
കാലാവസ്ഥാ മാറ്റങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ മത്സ്യത്തൊഴിലാളിക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൂടുതല്‍ കൃത്യമായും പ്രാദേശികമായും ലഭിക്കേണ്ടതുണ്ട്. കടലില്‍ എവിടെയാണ് മത്സ്യസാന്നിധ്യത്തിന് സാധ്യത? എപ്പോള്‍ കടല്‍ പ്രക്ഷുബ്ധമാകും? എവിടെയാണ് കാറ്റ് ശക്തമാകുക? കടലിന്റെ താപനില എങ്ങനെ മാറുന്നു? ഏത് മത്സ്യത്തിന്റെ സഞ്ചാരത്തിലാണ് മാറ്റം കാണുന്നത്? ഇത്തരം വിവരങ്ങള്‍ മത്സ്യത്തൊഴിലാളിക്ക് സമയത്ത് ലഭിക്കുന്നത് സുരക്ഷയ്ക്കും വരുമാനത്തിനും ഒരുപോലെ പ്രധാനമാണ്. അതോടൊപ്പം, മത്സ്യസമ്പത്ത് നിലനിര്‍ത്താന്‍ ശാസ്ത്രീയമായ മത്സ്യബന്ധന രീതികളും ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വര്‍ധിക്കുമ്പോള്‍ കടലിലെ മത്സ്യസമ്പത്തിന്റെ പ്രതിരോധശേഷിയും സംരക്ഷിക്കേണ്ടിവരും.
പ്രകൃതിയുടെ മാറ്റത്തെ ചെറുക്കാന്‍ മനുഷ്യന് കഴിയില്ല. പക്ഷേ അതിനോട് ഒത്തുചേരാന്‍ കഴിയും.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും കടലില്‍ വന്നപ്പോള്‍, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവിതത്തിലും ഒരു തിരമാല ഉയര്‍ന്നു. ആ തിരമാല എത്ര ദൂരം കരയിലേക്ക് കയറിവരും എന്നതാണ് ഇനി നമുക്ക് അറിയേണ്ടത്.

