വത്തിക്കാൻ സിറ്റി: ജർമനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി ലഭിച്ച ഇടയശുശ്രൂഷ കത്തോലിക്കാ സഭയുടെ സാർവത്രിക സ്വഭാവത്തിന്റെ തെളിവാണെന്ന് മലയാളിയും കർമലീത്താ സഭാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടക്കൽ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും വത്തിക്കാനിൽ നടന്ന പരിശീലനപരിപാടി അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.പുതുതായി അഭിഷിക്തരായ മെത്രാന്മാർക്കായി വത്തിക്കാനിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ പങ്കെടുത്ത മോൺ. ജോഷി ജോർജ് പൊട്ടക്കൽ തന്റെ പുതിയ ഇടയദൗത്യത്തെക്കുറിച്ചും പരിശീലനപരിപാടിയിലെ അനുഭവങ്ങളെക്കുറിച്ചും വത്തിക്കാൻ ന്യൂസിനോട് സംസാരിച്ചു.
ജർമനിയിൽ ആദ്യമായി ഒരു ഇന്ത്യക്കാരനായ വൈദികൻ മെത്രാനായി നിയമിതനായത് ശ്രദ്ധേയമായ സംഭവമാണ്. കർമലീത്താ മാതൃസഭയുടെ സെന്റ് തോമസ് പ്രോവിൻസ് അംഗമായ മോൺ. ജോഷി ജോർജ് പൊട്ടക്കൽ ഇരുപത് വർഷത്തിലേറെയായി മൈൻസ് രൂപതയിൽ വിവിധ ശുശ്രൂഷകളിൽ സേവനം ചെയ്തുവരികയാണ്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ആശയവിനിമയവും പരിശീലനപരിപാടിയുടെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നുവെന്ന് മോൺ. ജോഷി പറഞ്ഞു. പരസ്പരം അറിയാനും വിവിധ രാജ്യങ്ങളിലെ സഭകളുടെ സാഹചര്യങ്ങളും അനുഭവങ്ങളും മനസ്സിലാക്കാനും ഇത് സഹായിച്ചു.ദൈവത്തെ സ്തുതിക്കുന്നതിനും ഇടയന്മാരായി ശുശ്രൂഷ ചെയ്യുന്നതിനുമായി തങ്ങൾ എങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നുവെന്നതിനെക്കുറിച്ചുള്ള പ്രഭാഷണം തന്നെ വ്യക്തിപരമായി ഏറെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെത്രാനെന്ന നിലയിലുള്ള തന്റെ ദൗത്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ ചിന്തകൾ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മ്യാൻമറിൽ നിന്നുള്ള ഒരു മെത്രാന്റെ അനുഭവങ്ങൾ നേരിട്ട് കേൾക്കാൻ കഴിഞ്ഞതും ഏറെ പ്രചോദനമായതായി മോൺ. ജോഷി പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിൽ സഭയും ഇടയന്മാരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കാൻ ഇത്തരം കൂടിക്കാഴ്ചകൾ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാരുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും പരിശീലനപരിപാടി അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം രൂപതയിലെ മീൻകുന്നം ഇടവകയിലെ പരേതരായ പൊട്ടക്കൽ ജോർജ്–ഏലിയാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോഷി ജോർജ് പൊട്ടക്കൽ. ജർമനിയിലെ സഭയിൽ വർഷങ്ങളായി ശുശ്രൂഷ ചെയ്തുവരുന്ന അദ്ദേഹത്തിന്റെ മെത്രാൻ നിയമനം കത്തോലിക്കാ സഭയുടെ സാർവത്രികതയുടെ ശ്രദ്ധേയമായ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.
