കൊല്ലം: പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം വളർത്തുന്നതിനുമായി കൊല്ലം രൂപത നടപ്പാക്കുന്ന ‘ലവ്ദാതോസി–ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഇടവകതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഷ്ടമുടി അഷ്ടജല റാണി പള്ളിയിൽ നടന്ന രൂപതാതല ഉദ്ഘാടനം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
ഇടവകകൾ, സ്ഥാപനങ്ങൾ, കുടുംബങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക, ജൈവ–അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം

ബോധവൽക്കരണത്തിലൂടെ പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ പറഞ്ഞു.അഷ്ടമുടിക്കായലിന്റെ ശുചീകരണവും പദ്ധതിയുടെ പ്രധാന ഭാഗമാണ്. കായലോര ഇടവകകൾ കേന്ദ്രീകരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ കായൽ സംരക്ഷണത്തിനും ശുചീകരണത്തിനും വലിയ സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടമുടി അഷ്ടജല റാണി പള്ളിയിൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇതിന്റെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടവക വികാരി ഫാ. സൈജു സൈമൺ, രൂപത അസോസിയേറ്റ് പി.ആർ.ഒ ജോർജ് എഫ്. സേവ്യർ വലിയവീട്, കെ.ആർ.എൽ.സി.ബി.സി വിമൻസ് കമ്മീഷൻ കൊല്ലം രൂപത സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, സി.എൽ.സി രൂപത പ്രസിഡന്റ് റിത്താ ദാസ്, ഇടവക കൈക്കാരൻ ജോസ് എഡ്വേർഡ്, അജപാലന സമിതി സെക്രട്ടറി രാജൻ സോണാസ്, ബി.സി.സി കോർഡിനേറ്റർ ജയിംസ് ജോർജ്, സിസ്റ്റർ ആന്റനിറ്റ എന്നിവർ പ്രസംഗിച്ചു.

