മോൺ. റോക്കി റോബി
പുരാതനമായ കൊടുങ്ങല്ലൂർ നഗരത്തിന്റെ ചരിത്രത്തോടും ക്രൈസ്തവ പൈതൃകത്തോടും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശമാണ് കോട്ടപ്പുറം. കൊടുങ്ങല്ലൂരിന്റെ ചരിത്രവികാസത്തിൽ കോട്ടപ്പുറത്തിന് നിർണായകമായ സ്ഥാനമുണ്ട്. 1523 ൽ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂരിൽ “സെൻ്റ് തോമസ് കോട്ട” പണിതതോടെ കോട്ടയ്ക്കു പുറത്തുള്ള പ്രദേശം ക്രമേണ കോട്ടപ്പുറം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതായി ചരിത്രപരമായും പ്രാദേശിക പാരമ്പര്യത്തിലും കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ കോട്ടപ്പുറം പുരാതന കൊടുങ്ങല്ലൂരിന്റെ ചരിത്രഭൂമിശാസ്ത്രത്തിന്റെ അവിഭാജ്യഘടകമാണ്.അപ്പസ്തോലിക പാരമ്പര്യവും കൊടുങ്ങല്ലൂരുംകേരളത്തിലെ ക്രൈസ്തവ പാരമ്പര്യമനുസരിച്ച്, അപ്പസ്തോലനായ വിശുദ്ധ തോമസ് ക്രിസ്തുവർഷം 52-ൽ പുരാതന മുസിരിസിന്റെ ഭാഗമായ മാല്യങ്കരയിൽ കപ്പലിറങ്ങി സുവിശേഷം പ്രസംഗിച്ചു. കൊടുങ്ങല്ലൂരിന്റെ പുരാതന വ്യാപാരപൈതൃകവുമായി ബന്ധപ്പെട്ട പ്രദേശമാണ് മുസിരിസ്. പുരാതന മുസിരിസ് വ്യാപാരകേന്ദ്രത്തിന്റെ തുടർച്ചയായി നിലനിന്നുവെന്ന് കരുതപ്പെടുന്ന കോട്ടപ്പുറം മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ തോമസിൻ്റെ കപ്പേളയും ഈ അപ്പസ്തോലിക പാരമ്പര്യത്തിന്റെ സ്മരണയുമായി ബന്ധപ്പെട്ടതാണ്. പോർച്ചുഗീസുകാർ കൊടുങല്ലൂരിൽ പണിത കോട്ടക്ക് സെൻ്റ് തോമസ് കോട്ട എന്ന പേരിട്ടതും യാദൃശ്ചികമാകാനിടയില്ല.ക്രിസ്തുവർഷം 345-ൽ ക്നായി തോമയുടെ നേതൃത്വത്തിൽ മാർ ജോസഫ് മെത്രാനോടും വൈദികരോടുമൊപ്പം പേർഷ്യൻ ക്രൈസ്തവരുടെ ഒരു സംഘം കൊടുങ്ങല്ലൂരിലെത്തിയതായി കേരളത്തിലെ പുരാതന ക്രൈസ്തവ പാരമ്പര്യം പറയുന്നു. ഏഴു ഗോത്രങ്ങളിൽപ്പെട്ട 72 കുടുംബങ്ങളിലായി ഏകദേശം 400 പേരടങ്ങിയ സംഘമായിരുന്നു ഇതെന്നാണ് പാരമ്പര്യം. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രവികാസത്തിൽ ഈ കുടിയേറ്റത്തിന് പ്രത്യേക സ്ഥാനമുണ്ട്.ക്നായി തോമയുടെ കാലഘട്ടം മുതൽ പിന്നീട് പോർച്ചുഗീസ് കാലഘട്ടം വരെയുള്ള കാലത്ത് കേരളത്തിലെ ക്രൈസ്തവ സമൂഹം പേർഷ്യൻ സഭാകേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പേർഷ്യൻ പാരമ്പര്യത്തിലുള്ള മെത്രാന്മാർ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ആത്മീയ നേതൃത്വം നൽകിയിരുന്നതായും ചരിത്രരേഖകളും പാരമ്പര്യങ്ങളും സൂചിപ്പിക്കുന്നു.

പോർച്ചുഗീസുകാരുടെ വരവും കൊടുങ്ങല്ലൂരും16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോർച്ചുഗീസുകാരുടെ വരവോടെ കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയവും മതപരവുമായ ചരിത്രത്തിൽ പുതിയ അധ്യായം ആരംഭിച്ചു. 1502-ൽ വാസ്കോ ഡ ഗാമയുടെ രണ്ടാമത്തെ ഇന്ത്യാസന്ദർശനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെ ക്രൈസ്തവ സമൂഹം അദ്ദേഹവുമായി ബന്ധപ്പെടുകയും തങ്ങളുടെ പാരമ്പര്യാധികാരത്തിന്റെ പ്രതീകമായി കരുതിയിരുന്ന വില്ലാർവട്ടം രാജാവിന്റെ ചെങ്കോൽ പോർച്ചുഗീസുകാർക്ക് കൈമാറി സംരക്ഷണം അഭ്യർത്ഥിക്കുകയും ചെയ്തതായി ഒരു പാരമ്പര്യം നിലനിൽക്കുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചരിത്രസ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മതയോടെ വിലയിരുത്തേണ്ടതുണ്ട്.പോർച്ചുഗീസുകാർ കൊടുങ്ങല്ലൂരിലെത്തിയ കാലത്ത് ഇവിടെ ശക്തമായ ഒരു പുരാതന ക്രൈസ്തവ സമൂഹം നിലനിന്നിരുന്നു. അക്കാലത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ നേതൃത്വത്തിൽ പേർഷ്യൻ പാരമ്പര്യത്തിലുള്ള മെത്രാന്മാർക്ക് പ്രധാന പങ്കുണ്ടായിരുന്നു. മാർ യാക്കോബ് ഉൾപ്പെടെയുള്ള മെത്രാന്മാർ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട് സഭയുടെ നേതൃത്വം നിർവഹിച്ചിരുന്നതായി ചരിത്രപരമായ രേഖകൾ വ്യക്തമാക്കുന്നു.സെന്റ് ജെയിംസ് സെമിനാരിയുംവിശുദ്ധ ഫ്രാൻസിസ് സേവ്യറുംകോട്ടപ്പുറത്തിന്റെ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് സെന്റ് ജെയിംസ് സെമിനാരിയുടെ സ്ഥാപനം. സുറിയാനി ക്രൈസ്തവരായ വൈദിക വിദ്യാർത്ഥികളുടെ പരിശീലനത്തിനായി ഫ്രാൻസിസ്കൻ മിഷണറി വൈദികനായ ഫാ. വിൻസന്റ് ലാഗോസ് 1541-ൽ കോട്ടപ്പുറം കോട്ടയുടെ പരിസരത്ത് സെന്റ് ജെയിംസ് സെമിനാരി സ്ഥാപിച്ചതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രധാന പ്രേഷിത മണ്ഡലം പേൾ ഫിഷറീസ് കോസ്റ്റ് എന്ന് വിളിക്കുന്ന കന്യാകുമാരിയും അതിനോട് ചേർന്ന പ്രദേശങ്ങളും ആയിരുന്നെങ്കിലും 120 ദിവസത്തിലേറെ അദ്ദേഹം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചിട്ടുണ്ട്. ഗോവയിലേക്കോ ഫിഷറീസ് കോസ്റ്റിലേക്കോ പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്കോ ഉള്ള കപ്പൽ പ്രതീക്ഷിച്ചാണ് അദ്ദേഹം പതിനൊന്ന് തണ കൊച്ചിയിൽ വന്നത്. അങ്ങനെ കൊച്ചിയിൽ തിരക്കിട്ട പ്രേഷിത യാത്ര ചെയ്തു തീക്ഷ്ണതയോടെ ഓടി നടന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വിശ്രമകേന്ദ്രവും ഇടത്താവളവുമൊക്കെയായി കൊച്ചി . ഈ യാത്രക്കിടയിൽ മൂന്നുതവണയെങ്കിലും വിശുദ്ധൻ കോട്ടപ്പുറത്ത് എത്തിയിട്ടുണ്ട്. 29 ലധികം എഴുത്തുകൾ ആണ് ഫ്രാൻസിസ് സേവ്യർ പാപ്പയ്ക്കും ഇഗ്നേഷ്യസ് ലയോളക്കും പോർച്ചുഗീസ് രാജാവിനുമൊക്കെയായി അയച്ചിട്ടുള്ളത്. ഫ്രാൻസിസ് സേവ്യറും കോട്ടപ്പുറവും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ കത്തുകൾവിശുദ്ധ ഫ്രാൻസിസ് സേവ്യറും കൊടുങ്ങല്ലൂരിലെ ക്രൈസ്തവ സമൂഹവുമായി ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ കത്തുകൾ അദ്ദേഹം സെന്റ് ജെയിംസ് സെമിനാരി സന്ദർശിച്ചിതായി സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ക്രൈസ്തവ സുവിശേഷവത്കരണത്തിന്റെ ആദ്യകാല ചരിത്രത്തിൽ കൊടുങ്ങല്ലൂരിനുണ്ടായിരുന്ന പ്രാധാന്യത്തിന്റെ തെളിവുകളിലൊന്നാണ് സെൻ്റ് ജെയിംസ് സെമിനാരിയെന്ന ഈ സ്ഥാപനം. ഈ സെമിനാരിയെക്കുറിച്ചും വിദ്യാർത്ഥികളെപ്പറ്റിയും അതിൻ്റെ അക്കാദമികമായ ഔന്നത്യത്തെകുറിച്ചും ഈ സെമിനാരി ഈശോസഭയെ ഏല്പിക്കാനുള്ള ഫാ. വിൻസൻ്റ് ലാഗോസിൻ്റെ താല്പര്യത്തെ പറ്റിയും തൻ്റെ കത്തുകളിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ പ്രതിപാദിക്കുന്നുണ്ട്. 1549 ജനുവരി 12ന് അയച്ച കത്തിൽ പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് കൊച്ചിയിൽ നിന്ന് അഞ്ച് ലീഗ് മാറി ഫ്രാൻസിസ്കൻ വൈദികനായ വിൻസന്റ് ലാഗോസ് തുടക്കമിട്ട ആകർഷകമായ ഒരു കോളജുണ്ട് .നാട്ടുകാരായ 100 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. മറ്റൊരു കത്തിൽ വിശ്വവിഖ്യാതമായ പാരിസ് സർവകലാശാല പോലെ പോർച്ചുഗലിലെ പ്രസിദ്ധമായ കൊയിമ്പ്ര സർവകലാശാല പോലെ എന്ന് ഈ കോളജിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ സെൻറ് ജെയിംസ് കോളജ് ആണിതെന്ന് വ്യക്തമാണ്. ഈ വൈദീക പരിശീലന കേന്ദ്രത്തെ പറ്റി വിശുദ്ധൻ പാപ്പക്കും വിശുദ്ധ ഇഗ്നേഷ്യസിനും റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. ഫ്രാൻസിസിന്റെ സുഹൃത്തായ ഫാ. വിൻസന്റ് ലാഗോസിന്റെ അഭ്യർത്ഥന പ്രകാരം കോളജിലെ വിദ്യാർത്ഥികൾക്ക് ലത്തീൻ വ്യാകരണ പരിശീലനത്തിനാണ് അദ്ദേഹം ഇവിടെ തങ്ങിയത്.ഇവിടെ ഉണ്ടായിരുന്ന അവസരങ്ങളിൽ അദ്ദേഹം ഞായറാഴ്ചകളിലും തിരുനാൾ ദിവസങ്ങളിലും ചുറ്റുപാടുമുള്ള പള്ളികളിലും പ്രദേശങ്ങളിലും പ്രേക്ഷിത പ്രവർത്തനം നടത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളിലുമായി അറുപത് ഗ്രാമങ്ങളിൽ മാർ തോമ ക്രിസ്ത്യാനികൾ അധിവസിച്ചിരുന്നതായി ഫ്രാൻസിസ് സേവ്യർ രേഖപ്പെടുത്തിയിട്ടുണ്ട്. സെന്റ് ജെയിംസ് കോളജിന്റെ ചുമതല തന്റെ കാലത്തിനു ശേഷം ഈശോ സഭക്ക് വിട്ടുകൊടുക്കാനുള്ള ആഗ്രഹം ഫാ.വിൻസന്റ് ലാഗോസ് , ഫ്രാൻസിസ് സേവ്യറിനെ അറിയിച്ചപ്പോൾ അതും ഫ്രാൻസിസ് സേവ്യർ അധികാരികളെ ധരിപ്പിക്കുന്നുണ്ട്. അതുപോലെ ഇവിടുത്തെ മാർത്തോമ ക്രിസ്ത്യാനികളോട് സുവിശേഷം പ്രസംഗിക്കുന്നതിനായി ഒരു ഈശോസഭാ വൈദികനെ അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് വിശുദ്ധ തോമസിന്റെയും വിശുദ്ധ ജെയിംസിന്റെയും ദേവാലയങ്ങൾ16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂരിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തി.

1503-ൽ കൊടുങ്ങല്ലൂരിന്റെ തെക്കുഭാഗത്ത് പോർച്ചുഗീസുകാർ ആധിപത്യം സ്ഥാപിച്ചതിനെ തുടർന്ന് വിശുദ്ധ ജെയിംസിന്റെയും വിശുദ്ധ തോമസിന്റെയും നാമത്തിൽ ദേവാലയങ്ങൾ സ്ഥാപിച്ചതായാണ് ചരിത്രം .ഈ ദേവാലയങ്ങളുമായി ബന്ധപ്പെട്ട് വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ള മിഷണറിമാർ ആത്മീയ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് മുൻപ് സൂചിപ്പിച്ചുവല്ലോ. 1549 ജനുവരി 12-ന് വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുഖേന, കൊടുങ്ങല്ലൂരിലെ വിശുദ്ധ തോമസ്, വിശുദ്ധ ജെയിംസ് ദേവാലയങ്ങൾ സന്ദർശിക്കുന്ന വിശ്വാസികൾക്ക് ദണ്ഡവിമോചനം ലഭിക്കുന്നതിനായി പാപ്പയോട് അഭ്യർത്ഥിച്ചതായി രേഖകളിൽ കാണുന്നു. തുടർന്ന് 1551 ഒക്ടോബർ 24-ന് കൊടുങ്ങല്ലൂരിലെ വിശുദ്ധ തോമസ് ദേവാലയവുമായി ബന്ധപ്പെട്ട് ദണ്ഡവിമോചനം അനുവദിച്ചതായും രേഖകളുണ്ട്.ഇത്തരം രേഖകൾ കൊടുങ്ങല്ലൂർ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾക്ക് 16-ാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്ന ആത്മീയവും ചരിത്രപരവുമായ പ്രാധാന്യം വ്യക്തമാക്കുന്നു.കൊടുങ്ങല്ലൂർ അതിരൂപത1609-ൽ അങ്കമാലി അതിരൂപതയുടെ ആസ്ഥാനം കൊടുങ്ങല്ലൂരിലേക്ക് മാറ്റുകയും അതിരൂപത കൊടുങ്ങല്ലൂർ അതിരൂപത എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഇതോടെ കൊടുങ്ങല്ലൂർ കേരളത്തിലെ ക്രൈസ്തവ സഭയുടെ പ്രധാന സഭാകേന്ദ്രങ്ങളിലൊന്നായി കൂടുതൽ പ്രാമുഖ്യം നേടി.കൊടുങ്ങല്ലൂരിന്റെ ഈ സഭാപരമായ പ്രാധാന്യം പിന്നീടുള്ള നൂറ്റാണ്ടുകളിലും തുടർന്നു. പോർച്ചുഗീസ് കാലഘട്ടത്തിലും തുടർന്ന് ലത്തീൻ സഭയുടെ മിഷണറി പ്രവർത്തനങ്ങളിലും കൊടുങ്ങല്ലൂർ ഒരു പ്രധാന ക്രൈസ്തവ കേന്ദ്രമായി നിലകൊണ്ടു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയംവിശുദ്ധ തോമസ് അപ്പോസ്തലനും വിശുദ്ധ ഫ്രാൻസിസ് സേവ്യറുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂരിലെ സെൻ്റ് തോമസ് ദേവാലയം ഇന്നത്തെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ സ്ഥിതിചെയ്യുന്ന പ്രദേശത്തുണ്ടായിരുന്ന പുരാതന ദേവാലയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പഴയ ചേരരാജധാനിയുമായി ബന്ധപ്പെട്ടിരുന്ന ചേരമാൻ പറമ്പിന് സമീപമായിരുന്നു ഈ ദേവാലയം സ്ഥിതിചെയ്തിരുന്നതെന്ന് പോർച്ചുഗീസ് രേഖകൾ പരിശോദിച്ച് ചരിത്ര രചന നടത്തിയിട്ടുള്ള ഫാ. ഹെൻഡ്രി ഹോസ്റ്റൻ എസ്ജെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ചേരമാൻപറമ്പ് ” കത്തീഡ്രൽ പള്ളിക്ക് സമീപം ഇന്നും നിലകൊളളുന്നു എന്നത് ഈ ചരിത്രത്തിന് പിൻബലമേകുന്നു.പോർച്ചുഗീസ് ഗവർണർ അഫോൺസോ ഡി അൽബുക്കർക്ക് ഈ ദേവാലയത്തിന്റെ നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകിയതായി ചരിത്രപരമായ രേഖകളിൽ പരാമർശമുണ്ട്.പിന്നീട് സ്പെയിനിൽനിന്ന് കേരളത്തിലേക്ക് മിഷൻ പ്രവർത്തനത്തിനായി എത്തിയ ചില മിഷണറിമാർ കൊടുങ്ങല്ലൂർ തീരത്ത് സുരക്ഷിതമായി എത്തിച്ചേർന്ന സംഭവവുമായി വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിലുള്ള ദേവാലയത്തിന്റെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. നാവികരുടെ മധ്യസ്ഥനായ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ഒരു കപ്പലിലായിരുന്നു അവർ യാത്ര ചെയ്തിരുന്നതെന്നും, ലക്ഷ്യം കണ്ട സുരക്ഷിതമായ യാത്രയ്ക്കുള്ള കൃതജ്ഞതയായി കോട്ടപ്പുറത്തെ സെൻ്റ് തോമസ് ദേവാലയം വിശുദ്ധ മിഖായേലിന്റെ നാമത്തിൽ അവർ പുതുക്കിപ്പണിതതാണെന്നുമാണ് പാരമ്പര്യം .ഈ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പുരാതനമായ കോട്ടപ്പുറത്തെ വിശുദ്ധ തോമസ് ദേവാലയം 1802-ൽ പുതുക്കിപ്പണിത് വിശുദ്ധ മിഖായേലിന്റെ നാമത്തിൽ പുനഃപ്രതിഷ്ഠിച്ചതായി കരുതപ്പെടുന്നു. അങ്ങനെ പുരാതന അപ്പസ്തോലിക പാരമ്പര്യവും പിന്നീട് രൂപംകൊണ്ട വിശുദ്ധ മിഖായേലിനോടുള്ള ശക്തമായ ഭക്തിയും ഈ ദേവാലയത്തിന്റെ ചരിത്രത്തിൽ സമ്മേളിച്ചിരിക്കുന്നു.കർമ്മലീത്ത മിഷണറിമാരും പുതിയ ദേവാലയവുംതുടർന്നുള്ള കാലഘട്ടത്തിൽ കർമ്മലീത്ത മിഷണറിമാരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ക്രൈസ്തവജീവിതം കൂടുതൽ ശക്തമാകുകയും ഈ ദേവാലയം വരാപ്പുഴ അതിരൂപതയുടെ കീഴിൽ ഇടവകയായി ഉയർത്തപ്പെടുകയും ചെയ്തു.കാലക്രമത്തിൽ പഴയ ദേവാലയം പുതുക്കിപ്പണിയേണ്ട സാഹചര്യം ഉണ്ടായി. അതിന്റെ ഫലമായി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പുതിയ ദേവാലയത്തിന്റെ നിർമ്മാണം നടന്നു. 1890-ഓടെ ഇന്നത്തെ കത്തീഡ്രൽ ദേവാലയത്തിന് മുമ്പുണ്ടായിരുന്ന ദേവാലയം നിർമ്മിക്കപ്പെട്ടതായി ചരിത്രസ്മരണികയിൽ കുറിച്ചുവച്ചിട്ടുണ്ട്.1975 ജൂബിലി വർഷത്തിൽ ഈ ദേവാലയം തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതായി വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി സ്മരണികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മിഖായേലിനോടുള്ള ഭക്തിയുടെയും കൊടുങ്ങല്ലൂരിന്റെ പുരാതന ക്രൈസ്തവ പൈതൃകത്തിന്റെയും പ്രധാന കേന്ദ്രമായി ദേവാലയം വളർന്നതിന്റെ തെളിവായി വേണം ഇതിനെ കരുതാൻ.കോട്ടപ്പുറം രൂപതയുടെ ഭദ്രാസന ദേവാലയംവരാപ്പുഴ അതിരൂപതയുടെ വടക്കൻ പ്രദേശങ്ങൾ ഉൾച്ചേർത്ത് 1987 ജൂലൈ മൂന്നിന് ‘ക്വേ ആപ്തിയൂസ്’ എന്ന പേപ്പൽ ബൂള വഴി കോട്ടപ്പുറം രൂപത നിലവിൽ വന്നു .1987 ഓഗസ്റ്റ് ഒന്നിന് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോൺ. ഫ്രാൻസിസ് കല്ലറക്കൽ 1987 ജൂലൈ മൂന്നിലെ ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി പുതിയ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ മെത്രാന്റെ അഭിഷേകവും 1987 ഒക്ടോബർ നാലിന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ കോട്ടപ്പുറത്ത് സാഘോഷം നടന്നു. അങ്ങനെ കോട്ടപ്പുറം രൂപത സ്ഥാപിതമായതോടെ സെന്റ് മൈക്കിൾസ് ദേവാലയം പുതിയ രൂപതയുടെ ഭദ്രാസന ദേവാലയമായി മാറി. ഇതോടെ നൂറ്റാണ്ടുകളായി കൊടുങ്ങല്ലൂർ–കോട്ടപ്പുറം പ്രദേശത്തിന്റെ ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ടിരുന്ന ഈ ദേവാലയത്തിന് സഭാപരമായ പുതിയൊരു ദൗത്യവും മഹത്വവും ലഭിച്ചു.കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ വിശാലവും മനോഹരവുമായ ദേവാലയം കോട്ടപ്പുറത്തിൻ്റെ പ്രഥമ മെത്രാൻ ഡോ. ഫ്രാൻസിസ് കല്ലറക്കലിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ടു. ഗോത്തിക് വാസ്തുശില്പശൈലിയിൽ നിർമ്മിച്ച ഇന്നത്തെ മനോഹരമായ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയം 1997 ഒക്ടോബർ 4-ന് ആശീർവദിക്കപ്പെട്ടു.ഇന്ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ ഒരു ദേവാലയം മാത്രമല്ല; കൊടുങ്ങല്ലൂരിന്റെ പുരാതന ക്രൈസ്തവ പൈതൃകത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും പോർച്ചുഗീസ് കാലഘട്ടത്തിന്റെയും മിഷണറി പ്രവർത്തനങ്ങളുടെയും കോട്ടപ്പുറം രൂപതാചരിത്രത്തിന്റെയും ജീവിക്കുന്ന സ്മാരകമാണ്. ,വിശുദ്ധ തോമസ് അപ്പസ്തോലന്റെ കേരളസന്ദർശനത്തിന്റെ പാരമ്പര്യത്തിൽ ആരംഭിച്ച്, കൊടുങ്ങല്ലൂരിന്റെ പുരാതന ക്രൈസ്തവ സമൂഹത്തിലൂടെ, പോർച്ചുഗീസ് മിഷൻ കാലഘട്ടവും കർമ്മലീത്ത മിഷണറിമാരുടെ പ്രവർത്തനങ്ങളും പിന്നിട്ട്, കോട്ടപ്പുറം രൂപതയുടെ ഭദ്രാസന ദേവാലയമായി ഇന്നത്തെ കത്തീഡ്രൽ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിന്റെ ചരിത്രം ഒരു ദേവാലയത്തിന്റെ മാത്രം ചരിത്രമല്ല; കൊടുങ്ങല്ലൂരിന്റെ ക്രൈസ്തവ പൈതൃകത്തിന്റെ സുദീർഘവും സമ്പന്നവുമായ ചരിത്രമാണ്.

