കൊച്ചി: ദാനധർമ്മ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളും വികസനവും ഉറപ്പാക്കുന്ന ശാക്തീകരണ സമീപനത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണമെന്ന് നിർദേശം.
സുവിശേഷത്തിൽ വേരൂന്നിയ സാമൂഹിക ഇടപെടലുകൾ ദരിദ്രരുടെ ജീവിതസാഹചര്യങ്ങളിൽ യാഥാർഥ്യമായ മാറ്റം സൃഷ്ടിക്കുന്നതാകണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (KRLCBC) VSCR കമ്മീഷനും കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (CCBI) VSCR & Migrants കമ്മീഷനുകളും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സോഷ്യൽ വർക്കേഴ്സ് ആനിമേഷൻ പ്രോഗ്രാമിലാണ് ഇക്കാര്യം ചർച്ചയായത്. സെപ്റ്റംബർ 9 മുതൽ 11 വരെ കൊച്ചിയിലെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിലായിരുന്നു പരിശീലനം.സുവിശേഷത്തിന്റെ ആത്മീയ ദർശനത്തിൽ അധിഷ്ഠിതമായ വികസന സമീപനം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തരയിൽ പറഞ്ഞു. സമത്വം, ഐക്യദാർഢ്യം, നീതി തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങളെ പ്രൊഫഷണൽ പ്രവർത്തനരീതികളുമായി കൂട്ടിയിണക്കണം. ദരിദ്രരുടെ ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളിൽ സഭയുടെ ആത്മീയ പഠനങ്ങൾ

പ്രാവർത്തികമാകുമ്പോഴാണ് യഥാർഥ ശാക്തീകരണവും പരിവർത്തനവും സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ലാറ്റിൻ കത്തോലിക്ക സമൂഹം വിവിധ വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്നുവെന്ന് എഫ് എ സി എ ഡയറക്ടർ ഡോ. മാർട്ടിൻ പാട്രിക് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സാക്ഷരത, സ്വത്തുടമസ്ഥത, ഭവനം, തൊഴിൽനൈപുണ്യം, വിലപേശൽശേഷി, സംഘടനാ പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പിന്നാക്കാവസ്ഥ മറികടക്കാൻ അറിവ്, സാങ്കേതിക സഹായം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കിയ പദ്ധതികൾ സഭയുടെ സാമൂഹിക ഇടപെടലുകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ സാമൂഹിക വികസന പ്രവർത്തനങ്ങളുടെ പരിണാമം വിശദീകരിച്ച ജോയ് ഗോതുരുത്ത്, സുവിശേഷപ്രഘോഷണത്തോടൊപ്പം വളർന്ന ദാനധർമ്മ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ആദ്യകാല വികസനത്തിൽ നിർണായക പങ്കുവഹിച്ചെങ്കിലും കാലാനുസൃതമായി വികസന സമീപനങ്ങളിലും തന്ത്രങ്ങളിലും മാറ്റം ആവശ്യമായി വന്നതായി വ്യക്തമാക്കി. ദാനധർമ്മത്തിൽ നിന്ന് വികസന സമീപനത്തിലേക്കും അവകാശാധിഷ്ഠിത ഇടപെടലുകളിലേക്കും തുടർന്ന് പരിവർത്തനാത്മക സമീപനത്തിലേക്കും മാറിയിട്ടും വിദ്യാഭ്യാസ ശാക്തീകരണം, തൊഴിൽ കേന്ദ്രീകൃത മാർഗനിർദേശം, സ്വത്ത് സൃഷ്ടിക്കൽ, നേതൃത്വ വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനുള്ള സാമൂഹിക വിശകലന രീതികളെക്കുറിച്ച് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചാൾസ് ലിയോൺ ക്ലാസ് നയിച്ചു.
മനുഷ്യരുടെ പെരുമാറ്റവും സമൂഹത്തെ സ്വാധീനിക്കുന്ന ഘടനാപരമായ ഘടകങ്ങളും തമ്മിലുള്ള പരസ്പരബന്ധമാണ് പല സാമൂഹിക പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.സമഗ്ര മാനവവികസനം, പ്രോജക്ട് മാനേജ്മെന്റ്, വിഭവസമാഹരണം, ധനകാര്യ മാനേജ്മെന്റ്, വികസന ആശയവിനിമയം, എഫ് സി ആർ എ, ആദായനികുതി നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമായി ചർച്ച ചെയ്തു. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. എഡ്വേർഡ് ഗബ്രിയേൽ, ഫാ. റൊമാൻസ് ആന്റണി, കെ. ജെ. സോഹൻ, പോൾ സക്കറിയ, അഡ്വ. എബനേസർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.ദരിദ്രരുടെ അവകാശങ്ങൾക്കായി സഭയുടെ ധാർമികവും സാമൂഹികവുമായ മൂലധനം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും പരിശീലനത്തിൽ ഉയർന്നു. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരാ വികസനത്തിൽ നിന്ന് മാറ്റിനിർത്തുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ഭാഷയും ആവശ്യങ്ങളും മനസ്സിലാക്കി ഇടപെടണമെന്നും നിർദേശിച്ചു.

വിശ്വാസാധിഷ്ഠിത സംഘടനകൾ നേരിടുന്ന തുടർച്ചയില്ലായ്മ, പ്രൊഫഷണൽ സമീപനത്തിന്റെ കുറവ്, പരിശീലനം നേടിയ ജീവനക്കാരുടെ അഭാവം തുടങ്ങിയ വെല്ലുവിളികളും ഗ്രൂപ്പ് ചർച്ചയിൽ വിലയിരുത്തി. സഭയുടെ സാമൂഹിക പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനൊപ്പം പദ്ധതികളുടെ പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും പരിശീലനം നിർദേശിച്ചു.വിശ്വാസാധിഷ്ഠിത സംഘടനകൾ ജനങ്ങളെ ആധുനിക വികസന മാർഗങ്ങളിലേക്ക് നയിക്കുകയും വികസനത്തിന്റെ പ്രയോജനങ്ങൾ അവരിലെത്തിക്കുകയും വേണമെന്ന് കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.
വിഭവസമാഹരണ മാർഗങ്ങളും വിവിധ ഫണ്ടിംഗ് സാധ്യതകളും കേന്ദ്രീകരിച്ച് തുടർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി സി ബി ഐ കമ്മീഷൻ ഫോർ മൈഗ്രന്റ്സ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെയ്സൺ വടശ്ശേരി അറിയിച്ചു.കെ ആർ എൽ സി സി സെക്രട്ടറി ജനറൽ ഫാ. ജിജു അറക്കത്തറ, കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷൻ സെക്രട്ടറി ഫാ. മേരിദാസൻ കിഴക്കേക്കുഴിവിള ഒ സി ഡി , ക്ലർജി കമ്മീഷൻ സെക്രട്ടറി ഫാ. ഗ്രിഗരി ആർ.ബി എന്നിവർ പരിപാടിയുടെ സംഘാടകരായിരുന്നു.

