കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ (ഇഎസ്എ) നിർണയത്തിൽ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തരുതെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇഎസ്എയുടെ പരിധി വനപ്രദേശങ്ങളിൽ മാത്രമായി നിജപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാറത്തോട് ഇൻഫാം കേന്ദ്ര ഓഫീസിൽ ചേർന്ന ദേശീയ, സംസ്ഥാന എക്സിക്യൂട്ടീവുകളുടെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എ സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരും എംപിമാരും ക്രിയാത്മകമായ ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇഎസ്എ ബാധിത പ്രദേശങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ജനങ്ങളും സംഘടനകളും തദ്ദേശസ്ഥാപനങ്ങളും ആശങ്കകളും പ്രയാസങ്ങളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണമെന്ന് ഫാ. തോമസ് അഭ്യർഥിച്ചു. സർക്കാർ ഇതിനായി നൽകിയിട്ടുള്ള കത്തയയ്ക്കൽ, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ട്രഷറർ ജെയ്സൺ ചെംബ്ലായിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

