നെയ്യാറ്റിൻകര: സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകൾ, എൻ ഐ ഡി എസ് യൂണിറ്റുകൾ, സ്വയംസഹായ സംഘങ്ങൾ, സ്ത്രീജ്യോതി, വനിതാവേദികൾ, വനിതാ ഫോറം, ബി സി സി യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളാണ് പദ്ധതിയുടെ ഭാഗമായി കൈമാറിയത്.ഓഗസ്റ്റ് 25ന് രൂപതാ പരിധിയിലെ തെരഞ്ഞെടുത്ത 12 ചാരിറ്റി ഹോമുകളിൽ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതികളുടെയും സ്ത്രീജ്യോതിയുടെയും നേതൃത്വത്തിൽ സാധനങ്ങൾ സ്നേഹസമ്മാനമായി വിതരണം ചെയ്തു. വിവിധ യൂണിറ്റുകളിൽനിന്ന് ശേഖരിച്ച് എൻ ഐ ഡി എസ് ഓഫീസിലെത്തിച്ച സാധനങ്ങൾ എൻ ഐ ഡി എസ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഏറ്റുവാങ്ങി.
ബാലരാമപുരം ഫൊറോനയിലെ സുഹൃത്ത് ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധസദനം, നെയ്യാറ്റിൻകര ഫൊറോനയിലെ ശരണാലയം വാലൻവിള, പാറശ്ശാല ഫൊറോനയിലെ സി എസ് ഐ ബാലികാമന്ദിരം, ഉണ്ടൻകോട് ഫൊറോനയിലെ സെൻ്റ് മേരീസ് ഹോം, വ്ലാത്താങ്കര ഫൊറോനയിലെ കരുണാലയം, പെരുങ്കടവിള ഫൊറോനയിലെ കരുണാലയം, കാട്ടാക്കട ഫൊറോനയിലെ തണൽ, കൊല്ലകോണം ഡിവൈൻ മേഴ്സി ഹോം, കട്ടയ്ക്കോട് ഫൊറോനയിലെ പ്രോവിഡൻസ് ഹോം, ആര്യനാട് ആശാസദൻ, ചുള്ളിമാനൂർ ഫൊറോനയിലെ തേജസ്, നെടുമങ്ങാട് ഫൊറോനയിലെ ശാന്തിമന്ദിരം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.സമൂഹത്തിലെ അശരണരുമായി സമൃദ്ധി പങ്കുവയ്ക്കുകയും കാരുണ്യവും സഹജീവിസ്നേഹവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.

