വത്തിക്കാൻ സിറ്റി: ഭൂകമ്പത്തെ തുടർന്ന് ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ നേപ്പാളിൽ വൻ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിൽ ലെയോ പതിനാലാമൻ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രാർത്ഥനയും ആത്മീയ അടുപ്പവും അറിയിച്ചുകൊണ്ട് പാപ്പ നേപ്പാളിലെ കത്തോലിക്കാ സഭാ പ്രാദേശിക അധികാരികൾക്ക് ടെലിഗ്രാം സന്ദേശം അയച്ചു.വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ ഏകദേശം 270 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ലോകത്തെ ഞെട്ടിച്ച ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള തന്റെ ആത്മീയ അടുപ്പം പാപ്പ സന്ദേശത്തിൽ അറിയിച്ചു.വെള്ളപ്പൊക്കത്തിൽ ഉണ്ടായ ജീവഹാനിയുടെയും നാശനഷ്ടങ്ങളുടെയും വാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് പാപ്പ പറഞ്ഞു.
മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായും ദുഃഖിക്കുന്ന കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥനയും പാപ്പ ഉറപ്പുനൽകി.

