സ്റ്റീഫന്‍ കുലാസ്, മേരി പുഷ്പം
പഴയ തിരുവിതാകൂറിന്റെ തലസ്ഥാന നഗരിയിലെ തുറമുഖ പ്രദേശമായ വലിയതുറയ്ക്ക് ഏഴു നൂറ്റാണ്ടിലേറെ ക്രൈസ്തവ പാരമ്പര്യമുണ്ടെന്നു ചരിത്രം രേഖപ്പെടുത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്നസെന്റ് നാലാമന് പാപ്പ സുവിശേഷവേലയ്ക്കായി ഫ്രാന്‍സിസ്കന്‍ വൈദികരെയും ഡൊമിനിക്കന്‍ വൈദികരേയും ഭാരതത്തിലേക്ക് അയച്ചതായും അവര്‍ കൊല്ലത്തും സമീപപ്രദേശങ്ങളായ അഞ്ചുതെങ്ങിനടുത്തുള്ള മാമ്പള്ളിയിലും, തിരുവനന്തപുരത്തെ തുറമുഖമായ’വലിയതുറ’യിലും സുവിശേഷ പ്രചാരണം നടത്തിയതായും ചില ചരിത്രകാരന്മാര് പറയുന്നു.1. ഈ ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍ സന്ന്യാസികളടങ്ങിയ തീര്‍ത്ഥാടകസംഘത്തിലെ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയായ മോണ്ടേ കാര്വിനോയിലെ ജോണ്‍ (John of Monte Carvino) കുറെക്കാലം കൊല്ലത്തും (സ്വാഭാവികമായും സമീപ പ്രദേശങ്ങളായ മാമ്പള്ളിയിലും വലിയതുറയിലും) പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട് 2.
‘സാന്തോമിന്റെയും, മൈലാപ്പൂരിന്റെയും പൗരാണികത്വം’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ എച്ച്. ഹോസ്റ്റണ് എസ്ജെയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘സിന്ധു നദീതടം തൊട്ടു കന്യാകുമാരിവരെ, പോര്‍ച്ചുഗീസുകാരുടെ കാലത്തിനുമുമ്പു തന്നെ ക്രൈസ്തവരുടെ തുടര്‍ച്ചയായ അധിവാസം ഭാരത്തിലുണ്ടായിരുന്നതായി രേഖകളുണ്ട്.’3. കന്യാകുമാരിവരെ എന്ന പരാമര്‍ശത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്ന വലിയതുറയും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നു അനുമാനിക്കാം.
പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരുതിനുമുമ്പ്തന്നെ ഇവിടെക്രിസ്ത്രീയ കേന്ദ്രങ്ങളുണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൊടുങ്ങല്ലൂര്‍ മുതല്‍ കൊല്ലം വരെയുള്ള 64 ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്നുവെന്നും പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 30,000 ക്രൈസ്തവ ഭവനങ്ങള്‍ കടലോരങ്ങളിലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി ഉണ്ടായിരുന്നതായും കണക്കാക്കപ്പെടുന്നു. വലിയതുറയിലെ ക്രൈസ്തവരും ഈ കണക്കില്‍ ഉള്പ്പെടുന്നുവെന്നുവേണം കരുതാന്‍.3എ.
1530-ല്‍ ഫ്രാന്‍സിസ്കന്‍ വൈദികരാണ് വലിയതുറയില്‍ ആദ്യമായി ഒരു ദേവാലയംസ്ഥാപിച്ചത് .ഫ്രാന്‍സിസ്കന്‍ വൈദികര്‍ ദേവാലയം നിര്‍മ്മിക്കുമ്പോള്‍ ആ ദേവാലയത്തിന് മുന്നില്‍ അവരുടെ ഔദ്യോഗിക മുദ്രയായ ‘കോട്ട് ഓഫ് ആംസ്’തടിയില്‍ കൊത്തിവയ്ക്കാറുണ്ടായിരുന്നു. യേശുവിന്റെയും ഫ്രാന്‍സിസ് അസീസിയുടെയും കുറുകെ വച്ചിട്ടുള്ള കരങ്ങളും അതിന്റെ മധ്യത്തിലായുള്ള കുരിശുമാണ് ഈ ഔദ്യോഗിക മുദ്ര. 1530 ല്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ വലിയതുറ സെന്റ് ആന്റണീസ് ദേവാലയം നിര്‍മ്മിച്ചപ്പോഴും ഈ ഔദ്യോഗിക മുദ്ര തടിയില്‍ കൊത്തിവച്ചിട്ടുണ്ടായിരിക്കണം. ആ സ്മരണ നിലനിര്‍ത്തിക്കൊണ്ടാണ് 1940 ല്‍ പുനര്‍നിര്‍മിച്ച ദേവാലയത്തിന്റെ പ്രധാനകവാടത്തിനു മുകളിലായി ഫ്രാന്‍സിസ്കന്‍ ഔദ്യോഗിക മുദ്ര പൂര്‍വ്വികര്‍ നിര്‍മ്മിച്ചു വച്ചത്.
1530 ലെ ദേവാലയ നിര്‍മ്മാണത്തെ തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ വൈദികര്‍ വലിയതുറയില്‍ താമസിച്ചിരുന്നു. അന്ന് ‘റേയ്ത്തുറ’ അഥവാ രാജതുറ (The King’s Port) എന്ന പേരിലാണ് വലിയതുറ അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഈശോ സഭാവൈദികര്‍ റോമിലേക്കയച്ച കത്തുകളുടെ സമാഹാരമായ ‘Documenta Indica യിലും, Duarte Barbosa യുടെ രചനയിലും തിരുവനന്തപുരത്തെ റെയ്ത്തുറ (Retora) അഥവാ രാജതുറ-ഇന്നത്തെ വലിയതുറയെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. 4 തെക്കന്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസപരമായും, സാമ്പത്തികമായും മുന്നില്‍ നിന്ന പ്രഗത്ഭരായ ഒരു ക്രൈസ്തവ സമൂഹമാണ് ഈ ഇടവകയിലുണ്ടായിരുന്നതെന്നു 1644 -ല്‍ റോമിലേക്കയച്ച മിഷനറിമാരുടെ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചുകാണുന്നു.4.എ.
പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുമുമ്പു ഇടയ്ക്കിടെ പാശ്ചാത്യമിഷനറിമാര്‍ വലിയതുറ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ വരികയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇക്കാരണത്താല്‍ കൂറെക്കാലത്തെയ്ക്കെങ്കിലും അന്ധവിശ്വാസത്തില്‍ നിന്നു ഇവിടത്തെ ജനങ്ങളെ മോചിപ്പിക്കുവാനും സത്യവിശ്വാസത്തില്‍ ഉറപ്പിച്ചുനിറുത്തുവാനും കഴിഞ്ഞിരുന്നു.5 എന്നാല്‍ സുസംഘടിതമായ പ്രേഷിത പ്രവര്‍ത്തനവും, സഭാ പ്രവര്‍ത്തനവും പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണെന്നതു പ്രത്യേകം പ്രസ്താവ്യമാണ്.
വിശുദ്ധഫ്രാന്‍സിസ് സേവ്യര്‍ കുറെക്കാലം തൂത്തുക്കുടിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയശേഷം 1544 ല്‍ രാജാവിന്റെ അനുമതിയോടെ തിരുവിതാംകൂറില്‍ എത്തി. അന്നിവിടെ, വിലിയതുറ സെന്റ് ആന്റണീസ് ദേവാലയമുള്‍പ്പെടെ ഏതാനും ദേവാലയങ്ങള്‍ ഉണ്ടായിരുന്നു.6 എ,ബി
1937 ജൂലായ് ഒന്നാം തീയതി പരിശുദ്ധ പിതാവ് പിയൂസ് പതിനൊന്നാമന്‍ ‘In Ora Malabrica’ (മലബാര്‍ തീരങ്ങളില്‍) എന്ന തിരുവെഴുത്തിലൂടെ തിരുവനന്തപുരം രൂപത സ്ഥാപിച്ചുവെങ്കിലും ‘പദ്രുവാദോ’ (Padroado) ഭരണത്തില്‍ കീഴിലായിരുന്ന വലിയതുറ ഉള്‍പ്പടെ, പള്ളിത്തുറ മുതല്‍ ഇരയിമ്മന്തുറവരെയുള്ള തീരപ്രദേശങ്ങള്‍ 1953 വരെ പുതുതായി രൂപംകൊണ്ട തിരുവനന്തപുരം രൂപതയില്‍ ഉള്‍പ്പെട്ടിരുന്നില്ല.7
പദ്രുവാദോ ഉടമ്പടി (Padroado Real)
കത്തോലിക്ക സഭയുടെ ആത്മീയ പരമാധികാരം റോമിലെ പാപ്പയ്ക്കാണെങ്കിലും പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലെ സഭയുടെ ഭരണാധികാരം പോര്‍ച്ചുഗീസ് രാജാവിന് വിട്ടുകൊടുത്തുകൊണ്ട് ഉണ്ടാക്കിയ ഉടമ്പടിയാണ് പദ്രുവാദോ ഉടമ്പടി(Padroado Real).
1514 ല്‍ ലെയോ ഃ ാമന്‍ പാപ്പയും പോര്‍ച്ചുഗീസ് രാജാവുമായുള്ള കരാര്‍ (Padroado Real) പ്രകാരം പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ ഭരണത്തിനും പോര്‍ച്ചുഗീസ് രാജാവിന് പ്രത്യേക അധികാരങ്ങള്‍ നല്കി. ഇതിലൂടെ ദേവലയങ്ങള്‍ സ്ഥാപിക്കാനും മതപരിവര്‍ത്തനം നടത്താനും രൂപതകള്‍ സ്ഥാപിക്കാനും മെത്രാന്മാരെ നിയമിക്കാനുമുള്ള അധികാരം പോര്‍ച്ചുഗീസ് രാജാവിന് ലഭിച്ചു. ഈ ഉടമ്പടിപ്രകാരം പോര്‍ച്ചുഗീസ് രാജാവ് ശുപാര്‍ശ ചെയ്യുന്നയാളെ പാപ്പ അംഗീകരിച്ചു അഭിഷേകം ചെയ്യുന്നു. അതോടൊപ്പം വിശ്വാസപരവും, ആത്മീയവും, ശുശ്രൂഷ സംബന്ധവുമായ കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം രാജാവിന് ലഭിക്കുകയും ചെയ്തു. പോര്‍ച്ചുഗലും റോമും തമ്മിലുള്ള ഈ ഉടമ്പടിയാണ് ‘പദ്രുവാദോ ഉടമ്പടി’എന്നു പറയുന്നത്.8
ലെയോ പത്താമന്‍ പാപ്പ 1514 ജൂണ്‍ 12-ന് ‘Proexcellenti praeeminetia’ എന്ന തിരുവെഴുത്തിലൂടെ ആഫ്രിക്കന്‍ തീരത്തിനടുത്തുള്ള മദേയിര (Maderia)യില്‍ ഫുഞ്ചല്‍ (Funchal)രൂപതസ്ഥാപിച്ചു. ഏതാണ്ട് രണ്ടു ദശകങ്ങള്‍ ഇന്ത്യയുള്‍പ്പടെ പൗരസ്ത്യ ദേശത്തുള്ള പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങളിലെ കത്തോലിക്കാസഭയുടെ അധികാരം ഫുഞ്ചല്‍ രൂപതയ്ക്കായിരുന്നു. പദ്രുവാദോ പ്രദേശമായ വലിയതുറയില്‍ 1530-ല്‍ സ്ഥാപിച്ച സെന്റ് ആന്റണീസ് ദേവാലയവും, 1534-ല്‍ ഗോവ രൂപത നിലവില്‍വരുന്നതുവരെ,ഫുഞ്ചല്‍ രൂപതയുടെ കീഴിലായിരുന്നു.9.
1533 ജനുവരി 31-ാം തീയതി ക്ലെമന്റ് ഏഴാമന് പാപ്പ ‘Romani Pontificis circumspectio എന്ന തിരുവെഴുത്തിലൂടെ’ഗോവ രൂപത’ സ്ഥാപിച്ചു. എന്നാല്‍ പാപ്പയുടെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പോള്‍ മൂന്നാമന് പാപ്പയുടെ 1534 നവംബര്‍ 3 ലെ ‘Aequum reputamus’ എന്ന തിരുവെഴുത്തിലൂടെയാണ് ഫുഞ്ചല്‍ രൂപതയുടെ സഫ്രഗന്‍ രൂപതയായി ഗോവ രൂപത നിലവില്‍ വന്നത്. അങ്ങനെ ഫുഞ്ചല്‍ രൂപതയുടെ ഭരണസീമയിലുണ്ടായിരുന്ന വലിയതുറ സെന്റ് ആന്റണീസ് ഇടവക ഗോവ രൂപതയുടെ ഭരണത്തിലാവുകയും ചെയ്തു.
1557 ഫെബ്രുവരി 4 ന് ‘Pro Excellenti Praeementia’ എന്ന തിരുവെഴുത്തിലൂടെ പോള്‍ നാലാമന് പാപ്പ ഗോവ രൂപതയെ അതിരൂപത യായി ഉയര്‍ത്തി. ഇതേ തിരുവെഴുത്തിലൂടെ ഗോവയുടെ സഫ്രഗന്‍ രൂപതയായി കൊച്ചി രൂപത സ്ഥാപിച്ചു. പദ്രുവാദോ ഭരണത്തിന് കീഴിലായിരുന്ന വലിയതുറ ഉള്‍പ്പടെ, പള്ളിത്തുറ മുതല്‍ ഇരയിമ്മന്‍ തുറവരെയുള്ള തിരുവനന്തപുരത്തെ തീരദേശ ഇടവകള്‍ കൊച്ചി രൂപതാ ഭരണത്തിന് കീഴിലായി. 1953-ല്‍ ‘പദ്രുവാദോ ഭരണം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വലിയതുറയുള്പ്പടെയുള്ള മേല്പറഞ്ഞ പ്രദേശങ്ങള്‍ താല്‍ക്കാലികമായി തിരുവനന്തപുരം രൂപതയുടെ ഭരണത്തിന് കീഴിലായി.(1990 ലെ കുടുംബരേഖ) 1955 മെയ് 20 ന് ഈ പ്രദേശങ്ങള്‍ സ്ഥിരമായി തിരുവനന്തപുരം രൂപതയോട് ലയിപ്പിച്ചു.
1563 ന് മുമ്പ് തന്നെ തെക്കന്‍ തിരുവിതാംകൂറിലെ തുറമുഖമായ ‘റെയ്ത്തുറ’ എന്ന വലിയതുറ തിരുവിതാംകൂറിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കേന്ദ്രമായിരുന്നു. വിഴിഞ്ഞം, കണ്ണാംതുറ, വെട്ടുകാട്, തുമ്പ എന്നിവ വലിയതുറയുടെ ഉപകേന്ദ്രങ്ങളായിരുന്നു. ഒരു ജസ്യട്ട’് വൈദികന് വലിയതുറയില്‍ താമസിച്ചിരുന്നു. വിഴിഞ്ഞത്തിനും മാമ്പള്ളിക്കും ഇടയിലുള്ള എട്ട് ദേവാലയങ്ങള്‍ ഒരു വൈദികന്റെ കീഴിലായിരുന്നു. സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ആഗമനത്തിന് മുമ്പ് തന്നെ ലത്തീന്‍ പള്ളിയായ സെന്റ് ആന്റണീസ് ദേവാലയം പഴയ തിരുവിതാംകൂറിലെ കടലോര പ്രദേശമായ വലിയതുറയില്‍ വേരുറപ്പിച്ചിരുന്നു എന്ന് മേല്‍പ്പറഞ്ഞ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ.10
1563-ല്‍ തിരുവിതാംകൂര്‍ രാജാവ് ആദിത്യവര്‍മ്മ, ശ്രീപത്മനാഭക്ഷേത്രം ട്രസ്റ്റികളായ ബ്രാഹ്മണരുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് വലിയതുറയില്‍ ഒരു ദേവാലയം പണിയുവാന്‍ അനുവാദം നല്കി. ഏറ്റവും പ്രൗഡിയോടുകൂടിയ ദേവാലയം 1563-നു ശേഷം വലിയതുറയില്‍ നിര്‍മ്മിച്ചു.11.
1599 ജൂണ്‍ 20 ലെ ഉദയം പേരൂര്‍ സൂനഹദോസില്‍ 671 അല്മായരും 155 കത്തനാര്‍മാരും സംബന്ധിച്ചിരുന്നു. അതില്‍ തിരുവനന്തപുരത്തുനിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നുവെന്ന് നേതല്‍.ഡി.കുലാസ്’കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തി കാണുന്നു. തിരുവനന്തപുരത്തെ പ്രതിനിധികളില്‍, അന്ന് സമ്പന്നരും വിദ്യാഭ്യാസപരമായി മുന്നില്‍ നിന്നവരുമായ ഇടവകാംഗങ്ങളുള്ള വലിയതുറയിലെ പ്രതിനിധികളും പങ്കെടുത്തിരിക്കാമെന്നതുസാമാന്യ ബുദ്ധിക്കുനിരക്കുന്നതാണ്.12. (ഉദയംപേരൂര്‍ സൂഹദോസിന്റെ യഥാര്‍ത്ഥരേഖകള്‍ പരിശോധിച്ച് ഇതിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു).
പോര്‍ച്ചുഗീസുകാരുടെ കാലത്ത് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദേവലായത്തില്‍ സ്ഥാപിതമായ പരിശുദ്ധ അമലോത്ഭവമാതാവിന്റെയും, പരിശുദ്ധകര്മല മാതാവിന്റെയും കൊംബ്രിയകള്ക്കു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. (1990 ലെ കുടുംബരേഖ).
ലത്തീന്‍ സമുദായത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും ആധികാരിക വിവരങ്ങള്‍ നല്കുന്നഗ്രന്ഥങ്ങള് വളരെ കുറവാണ്. ‘ഗതകാല ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞു കിടക്കുന്ന കണ്ണികള്‍ തേടിയുള്ള അന്വേഷണം തുടരാന്‍ ആര്ങ്കെിലും ഈ ഗ്രന്ഥം – ‘അടിവേരുകള്‍’- സഹായകമാവുമെങ്കില് ഞാന്‍ കൃതാര്‍ത്ഥനായി’, എന്ന പ്രൊഫ. ജോണ്‍ ഓച്ചന്തരുത്തിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട,് ചരിത്രം ഉറങ്ങുന്ന അതിപുരാതനമായ സെന്റ് ആന്റണീസ് ദേവാലയത്തിന്റെയും പഴയ തിരുവിതാംകൂറിന്റെ പ്രധാന തുറമുഖമായ വലിയതുറയുടെയും ആഴത്തിലുള്ള പഠനത്തിന് ഈ ഹ്രസ്വ ചരിത്രം ഉപകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

