ഖാർകിവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിന് കേടുപാടുകൾ. യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കീഴിലുള്ള കത്തീഡ്രലിന്റെ ജനൽച്ചില്ലുകൾ മിസൈൽ ഭാഗങ്ങൾ പതിച്ചതിനെ തുടർന്ന് തകർന്നു. ദേവാലയ സമുച്ചയത്തിന്റെ പരിസരത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണസമയത്ത് കത്തീഡ്രലിലുണ്ടായിരുന്ന വിശ്വാസികൾക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇടവക നേതൃത്വം അറിയിച്ചു. ആളപായം ഒഴിവായത് ആശ്വാസകരമാണെങ്കിലും ആരാധനാലയത്തിന് കേടുപാടുകൾ സംഭവിച്ചത് ദുഃഖകരമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്ന ഖാർകിവിൽ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങൾ ഇതിനകം തന്നെ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. യുദ്ധത്തിനിടെ യുക്രൈനിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്കും സഭാസ്ഥാപനങ്ങൾക്കും നേരെയുണ്ടായ നാശനഷ്ടങ്ങളുടെ തുടർച്ചയായാണ് കത്തീഡ്രലിന് നേരെയുണ്ടായ ആക്രമണത്തെയും സഭ കാണുന്നത്.
ഇതിനിടെ, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കീവ് പെച്ചേർസ്ക് ലാവ്രയിലെ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച ഡോർമിഷൻ കത്തീഡ്രലിനും റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തീപിടിത്തവും കേടുപാടുകളും സംഭവിച്ചിരുന്നു. യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെ ചരിത്രപരവും മതപരവുമായ പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷയും ആശങ്കയായി തുടരുകയാണ്.

