പാലക്കാട്: ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സന്ദർശിച്ച പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി സുപ്പീരിയർ ജനറൽ വിൻസെന്റ് സെനഷാലിന് സുൽത്താൻപേട്ട് രൂപതയുടെ ആദരവ്.
കാഞ്ഞിക്കോട് നവജ്യോതി ഭവൻ, സഹോദര ഭവൻ, പുരാതന കോവിൽപാളയം പള്ളി, ബിഷപ്പ് ഹൗസ് എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു.സുൽത്താൻപേട്ട് സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് ലൂയിസ് റാവലിന്റെ റിലീജിയസ് ആർട്ടിക്കിൾ സ്റ്റാൾ വിൻസെന്റ് സെനഷാൽ ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ദൈവദാസൻ ജോസഫ് ലൂയിസ് റാവലിന്റെ സ്മാരക പ്രതിമയും അനാച്ഛാദനം ചെയ്തു.
പ്രവേശന പ്രദക്ഷിണത്തിനുശേഷം വിശുദ്ധ കുർബാന അർപ്പിച്ചു. വൈദികർ, സന്യാസിനീസന്യാസിമാർ, ഇടവക പ്രതിനിധികൾ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അനുമോദന സമ്മേളനത്തിൽ വികാർ ജനറൽ ഫാ. മരിയ ജോസഫ് സ്വാഗതം ആശംസിച്ചു.പാലക്കാട് സഭയുടെ വളർച്ചയിൽ പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി വഹിച്ച നിർണായക പങ്ക് സുൽത്താൻപേട്ട് ബിഷപ്പ് ആന്റണിസാമി പീറ്റർ അബീർ അനുസ്മരിച്ചു. മിഷനറിമാരുടെ സേവനവും ത്യാഗവും സഭയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. സൊസൈറ്റിയുടെ സുപ്പീരിയർ ജനറലിനെ ചടങ്ങിൽ ആദരിച്ചു. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി അംഗങ്ങളും പങ്കെടുത്തു.പാലക്കാട്ടെ മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രം പുതിയ തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയാണ് തന്റെ മറുപടി പ്രസംഗത്തിൽ വിൻസെന്റ് സെനഷാൽ ചൂണ്ടിക്കാട്ടിയത്. മിഷനറി പാരമ്പര്യം ഭൂതകാലത്തിന്റെ ഓർമ്മ മാത്രമല്ലെന്നും ഇന്നത്തെ സഭയെ പ്രചോദിപ്പിക്കുന്ന സജീവമായ വിശ്വാസസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് ലൂയിസ് റാവൽ ഉൾപ്പെടെയുള്ള മിഷനറിമാരുടെ ജീവിതവും സേവനവും ഇന്നത്തെ തലമുറയ്ക്ക് മിഷനറി ചൈതന്യത്തിന്റെ പ്രചോദനമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

