കൊച്ചി: വഖഫ് ബോർഡിലെ രണ്ട് അമുസ്ലിം അംഗങ്ങളുടേതുൾപ്പെടെ മൂന്ന് ഒഴിവുകൾ ആറാഴ്ചയ്ക്കകം നികത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
ഒഴിവുകൾ നികത്താതെ ബോർഡിന് പ്രവർത്തിക്കാനാകുമോയെന്ന വിഷയമാണ് കോടതി പരിഗണിച്ചത്.മുസ്ലിംകൾ അല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ വിഭാഗത്തിൽനിന്നുള്ള ഒരു അംഗത്തെയും ബോർഡിൽ ഉൾപ്പെടുത്താത്തത് ചോദ്യംചെയ്തുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്), ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരാണ് ഹർജിക്കാർ.ഒഴിവുകൾ നികത്തുന്നതിൽ സർക്കാർ വിമുഖത കാണിക്കുന്നില്ലെന്നും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ സാവകാശം വേണമെന്നും അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചു.
അമുസ്ലിംകളുടെ സ്വത്തുക്കളും വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുണ്ടെന്നും അതിനാലാണ് നിയമപ്രകാരം അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതെന്നും ഹർജിക്കാർ വാദിച്ചു. നിയമപ്രകാരമുള്ള അംഗങ്ങളെ ഉൾപ്പെടുത്താതെ ബോർഡിന് പൂർണമായി പ്രവർത്തിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.വിഷയം സെപ്റ്റംബർ 30ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

