വത്തിക്കാൻ സിറ്റി: താലിബാൻ അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരമാകാതെ ദുരിതം തുടരുന്നു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അടിയന്തര മാനുഷിക സഹായത്തെ ആശ്രയിക്കുന്നതായി നോർവീജിയൻ റെഫ്യൂജി കൗൺസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകർച്ചയും രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ ഇറാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും അഫ്ഗാൻ പൗരന്മാരുടെ നിർബന്ധിത തിരിച്ചുവരവ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. 2025-ൽ മാത്രം ഏകദേശം 29 ലക്ഷം അഫ്ഗാൻ പൗരന്മാർ ഇരു രാജ്യങ്ങളിൽ നിന്നുമായി തിരിച്ചെത്തിയെന്നാണ് കണക്ക്.അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ശേഷിയും ദുർബലമായ അഫ്ഗാനിസ്ഥാന് തിരിച്ചെത്തുന്ന ഇത്രയധികം ആളുകളെ പുനരധിവസിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. ആവശ്യമായ രേഖകളും താമസസൗകര്യങ്ങളും ഇല്ലാതെ മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് ഭക്ഷണം, ആരോഗ്യപരിചരണം, തൊഴിൽ തുടങ്ങിയ മേഖലകളിലും സമ്മർദം സൃഷ്ടിക്കുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. 2021 സെപ്റ്റംബർ മുതൽ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതോടെ 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടമായതായി യൂണിസെഫ് വ്യക്തമാക്കുന്നു.സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും തടയുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല ബാധിക്കുന്നതെന്നും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അഫ്ഗാനിസ്ഥാനിൽ നിന്ന് അകലുന്നതും മാനുഷിക സഹായങ്ങളിൽ കുറവുണ്ടാകുന്നതും ദുരിതബാധിതരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുമെന്ന ആശങ്കയും ശക്തമാണ്.

