ബുക: പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ൻവീലിൽ കത്തോലിക്കാ വിശ്വാസമെത്തിയതിന്റെ 125-ാം വാർഷികാഘോഷങ്ങളിൽ വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്റെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ പങ്കെടുത്തു. ബുക ദ്വീപിലെ സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ അദ്ദേഹം വിശുദ്ധ ബലിയർപ്പിച്ചു.
1901 ഓഗസ്റ്റ് 7-ന് അഹോക്-അഹോക് ദ്വീപിൽ ഫാ. പീറ്റർ മെയറും ഫാ. യൂജീൻ എൻഡറും അർപ്പിച്ച ആദ്യ ദിവ്യബലിയിലൂടെയാണ് ബൊഗെയ്ൻവീലിൽ ക്രൈസ്തവ വിശ്വാസത്തിന് തുടക്കമായത്. 125 വർഷം പിന്നിടുമ്പോൾ വിശ്വാസം പ്രദേശത്തെ ജനങ്ങളുടെ ഐക്യത്തിന്റെയും മിഷനറി ദൗത്യത്തിന്റെയും ശക്തിയാകണമെന്ന് കർദ്ദിനാൾ താഗ്ലെ ആഹ്വാനം ചെയ്തു.പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായാണ് കർദ്ദിനാൾ താഗ്ലെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. സുവിശേഷത്തിന്റെ സന്ദേശം പുതിയ തലമുറകളിലേക്ക് എത്തിക്കുന്നതിലും സഭയുടെ മിഷനറി ദൗത്യം ശക്തിപ്പെടുത്തുന്നതിലും വിശ്വാസികൾ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
