കൊച്ചി: രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വരുംതലമുറയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ കൈമാറുന്നതിനും സമൂഹം ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു.
കേരള കാത്തലിക്ക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പിഒസിയിൽ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതന്യൂനപക്ഷങ്ങൾ ഭയാശങ്കകളില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുവെങ്കിൽ അതിനെ യഥാർഥ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. തെറ്റുകൾ കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് തിന്മയ്ക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, മുൻ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിഎഫ് വൈസ് പ്രസിഡന്റ് ജെയ്മോൻ തോട്ടുപുറം, സെക്രട്ടറി ടെസി ബിജു, ബെന്നി ആന്റണി, മേഖലാ കൺവീനർ റോയ് ഡിക്കുഞ്ഞ, ജോയിന്റ് കൺവീനർമാരായ ജേക്കബ് ഞരക്കാട്ട്, ബിനോയ് ടി.ഡി. എന്നിവർ പ്രസംഗിച്ചു.
കെഎൽസിഎ, എകെസിസി, എംസിഎ എന്നീ കത്തോലിക്ക സഭയിലെ മൂന്ന് അംഗസംഘടനകൾ ചേർന്നാണ് കേരള കാത്തലിക്ക് ഫെഡറേഷൻ രൂപീകരിച്ചിരിക്കുന്നത്.

