ബാഗ്ദാദ്: യുദ്ധത്തിൽ തകർന്ന ക്രിസ്ത്യൻ മേഖലകൾ പുനർനിർമ്മിക്കുന്നതു കൊണ്ടുമാത്രം ഇറാഖിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താനാകില്ലെന്ന് കൽദായ സഭയുടെ പാത്രിയാർക്കീസ് പൗലോസ് മൂന്നാമൻ നോന.
ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് ക്രിസ്ത്യാനികളെ മടക്കിക്കൊണ്ടുവരികയും അവരുടെ വിശ്വാസജീവിതം പുനഃസ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാത്രിയാർക്കീസ് ഇക്കാര്യം വ്യക്തമാക്കിയത്. പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ട് നാല് മാസത്തിനിടെ ക്രിസ്ത്യൻ സാന്നിധ്യമുള്ള മേഖലകളിലെ സുരക്ഷാ സാഹചര്യത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായതായി അദ്ദേഹം പറഞ്ഞു.
എന്നാൽ കുടിയേറ്റം, ജനസംഖ്യാ ഘടനയിലെ മാറ്റങ്ങൾ, അപര്യാപ്തമായ അടിസ്ഥാനസേവനങ്ങൾ, യുവജനങ്ങൾക്കിടയിലെ പ്രത്യാശക്കുറവ് എന്നിവ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവിക്ക് ഇപ്പോഴും വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2014 ഓഗസ്റ്റ് 6, 7 തീയതികളിൽ ഇസ്ലാമിക് സ്റ്റേറ്റ് നിനവേ സമതലത്തിൽ നടത്തിയ ആക്രമണത്തെ പാത്രിയാർക്കീസ് അനുസ്മരിച്ചു. ആക്രമണത്തെ തുടർന്ന് പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾക്ക് പലായനം ചെയ്യേണ്ടിവന്നു.അന്ന് മൊസൂളിലെ കൽദായ ആർച്ച് ബിഷപ്പായിരുന്ന പൗലോസ് നോന, പലായനം ചെയ്യുന്ന കുടുംബങ്ങളുടെയും കരയുന്ന കുട്ടികളുടെയും പ്രദേശവാസികളുടെ കണ്ണുകളിലെ ഭയത്തിന്റെയും ദൃശ്യങ്ങൾ ഇന്നും തന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നതായി പറഞ്ഞു. ഐസിസ് എത്തുന്നതിന് മുമ്പുതന്നെ നിനവേ സമതലത്തിലെ ഗ്രാമവാസികളോട് പ്രദേശം വിട്ടുപോകാൻ താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വൈദികരുമായും ഗ്രാമങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് ആ രാത്രിയിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്നും പാത്രിയാർക്കീസ് ഓർമിച്ചു. ക്രിസ്ത്യാനികളുടെ മടങ്ങിവരവിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഭൗതിക പുനർനിർമ്മാണത്തോടൊപ്പം വിശ്വാസത്തിലും സമൂഹജീവിതത്തിലും പുതുജീവൻ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

