മെക്സിക്കോ: മറ്റുള്ളവരുടെ വേദനയും ദുരിതവും തിരിച്ചറിയുകയും അവരോട് സഹാനുഭൂതി പുലർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാർഥ സമാധാനം സാധ്യമാകൂവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ.
മെക്സിക്കോയിൽ രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ‘നാഷണൽ ഡയലോഗ് ഫോർ പീസ്’ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.സമാധാനം ഓരോ ദിവസവും ക്ഷമയോടെയും സമർപ്പണത്തോടെയും പടുത്തുയർത്തേണ്ട ഒരു ‘കരകൗശല വിദ്യ’ പോലെയാണെന്ന് കർദ്ദിനാൾ വിശേഷിപ്പിച്ചു.
പുവേബ്ലയിൽ മകനെ കാണാതായ ഒരു അമ്മയുടെ ഹൃദയസ്പർശിയായ സാക്ഷ്യം പരാമർശിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവരുടെ വേദന സ്വന്തം വേദനയായി തിരിച്ചറിയുകയും അവരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നതാണ് സമാധാനശ്രമങ്ങളുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.മെക്സിക്കോയുടെ വിവിധ മേഖലകളിൽ സമാധാനം ഉറപ്പാക്കുന്നതിനായി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിനിധികൾ കർദ്ദിനാൾ പരോളിനുമായി പങ്കുവെച്ചു.
എക്കാറ്റെപെക്കിൽ നടപ്പാക്കുന്ന സാമൂഹിക പോലീസിംഗ് മാതൃകയും വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. അപകടസാധ്യതയേറിയ മേഖലകളിൽ സേവനം ചെയ്യുന്ന വൈദികർക്ക് നൽകിവരുന്ന പിന്തുണയും യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും സമാധാനം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും കർദ്ദിനാൾ പരോളിൻ ഓർമിപ്പിച്ചു.

