വത്തിക്കാൻ സിറ്റി: ഉക്രൈനിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളിൽ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പാ.
യുദ്ധം അനുദിനം കൂടുതൽ ദാരുണമായ സാഹചര്യങ്ങളിലേക്ക് നീങ്ങുന്നത് നിരവധി കുടുംബങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിടുകയാണെന്നും പാപ്പാ പറഞ്ഞു.ഓഗസ്റ്റ് ഒൻപതിന് വത്തിക്കാൻ ചത്വരത്തിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പാപ്പ. യുദ്ധത്തിന്റെ ദുരിതങ്ങൾക്ക് ഇരകളായവരോടും പരിക്കേറ്റവരോടും കെടുതികൾ അനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ സാമീപ്യവും പ്രാർത്ഥനകളും പാപ്പാ അറിയിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇരുപക്ഷവും ഉടൻ അവസാനിപ്പിക്കണമെന്നും പാപ്പാ ശക്തമായി ആഹ്വാനം ചെയ്തു.സാധാരണ ജനങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്നും സമാധാനത്തിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുന്നതാണെന്നും പാപ്പാ ഓർമിപ്പിച്ചു. യുദ്ധമുഖത്ത് നിസ്സഹായരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കാനും മനുഷ്യജീവന്റെ മഹത്വം സംരക്ഷിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

