കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.എൻ.ടി.എ നടത്തുന്ന നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ അധ്വാനത്തെയും പ്രതീക്ഷകളെയുമാണ് തച്ചുടയ്ക്കുന്നത്.
ഇത്തരം ഗുരുതരമായ വീഴ്ചകൾക്ക് അധികാരികൾ വ്യക്തമായ മറുപടി നൽകിയേ മതിയാകൂ.അവകാശ സംരക്ഷണത്തിനായി ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധികാരത്തിന്റെ ധാർഷ്ട്യം കൊണ്ട് നേരിടുന്ന സമീപനം അംഗീകരിക്കാനാവില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ജനപ്രതിനിധികളെപ്പോലും തെരുവിൽ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് ഡൽഹി പോലീസ് എത്തിച്ചേർന്നത് ഏറെ അപലപനീയമാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയെ മറികടക്കുന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളും, സാർവത്രിക സമത്വം ഇല്ലാതാക്കുന്ന യു.ജി.സി നിർദ്ദേശങ്ങളും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്.വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് പകരം ചെറുപ്പക്കാരുടെ ആകുലതകൾ കണ്ടറിയുകയാണ് ഒരു ഭരണകൂടം ചെയ്യേണ്ടത്.
ദേശീയ പരീക്ഷകളുടെ സുതാര്യത പുനഃസ്ഥാപിക്കാനും, ക്രമക്കേടുകൾ തിരുത്തി വിദ്യാഭ്യാസ മേഖലയുടെ നിഷ്പക്ഷത ഉറപ്പാക്കാനും അടിയന്തര ഇടപെടൽ ഉണ്ടാകണം. പ്രതിഷേധിക്കുന്നവരുടെ ശബ്ദമടക്കുകയല്ല, മറിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാനും വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തിരികെ പിടിക്കാനും കേന്ദ്രസർക്കാർ ഉടൻ ഇടപെടണം. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്കും ജനപ്രതിനിധികൾക്കും നീതി ലഭിക്കുന്നതിനായി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സമിതി അറിയിച്ചു.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ. , സംസ്ഥാന ഭാരവാഹികളായ സി. മെൽന ഡിക്കോത്ത, അക്ഷയ് അലക്സ്, വിമിൻ വിൻസൻറ്, അലീന ജോർജ്, അനീഷ് എൽ. എസ്. എന്നിവർ സംസാരിച്ചു.

