കൊച്ചി: നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന ക്രമക്കേടുകളിലും, അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ “ഫ്രീഡം സ്ക്വയർ” പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
ജൂലൈ 26-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ദർബാർ ഹാളിന് സമീപമുള്ള ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ സംഗമം നടക്കുക.
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കപ്പെടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത അറിയിച്ചു. നീതിക്കും ജനാധിപത്യത്തിനും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ പ്രതിഷേധത്തിൽ എല്ലാ യുവജനങ്ങളും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

