തിരുവനന്തപുരം: ഭരണഘടനാ നിർമാണസഭയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധിയായ ആനി മസ്ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപത ആവശ്യപ്പെട്ടു.
ആനി മസ്ക്രീന്റെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് വഴുതക്കാട് ആനി മസ്ക്രീൻ സ്ക്വയറിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്.സമ്മേളനം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് തോമസ് നെറ്റോ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം നടത്തിയ രൂപത വികാർ ജനറൽ മോൺസിഞ്ഞോർ യൂജിൻ എച്ച്. പെരേര, ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ബോധവൽക്കരണത്തോടുമുള്ള ആനി മസ്ക്രീന്റെ പ്രതിബദ്ധതയെ അനുസ്മരിച്ച്, അവരുടെ നാമധേയത്തിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആനി മസ്ക്രീൻ നിരവധി തവണ തടവുശിക്ഷ അനുഭവിച്ച ധീര നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ 299 അംഗങ്ങളിൽ 15 വനിതകളിൽ ഒരാളായും കേരളത്തിൽ നിന്നുള്ള മൂന്ന് വനിതാ അംഗങ്ങളിൽ ഒരാളായും അവർ നിർണായക സംഭാവന നൽകിയെന്നും സമ്മേളനത്തിൽ അനുസ്മരിച്ചു.അൽമായ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ബീഡ് മനോജ്, ആനി മസ്ക്രീന്റെ ദേശീയസേവനവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു.കെഎൽസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സുരേഷ് സേവ്യർ, പാട്രിക്ക് മൈക്കിൾ, ഫാ. സെബാസ്റ്റിൻ, വിനോദ് യേശുദാസ്, ആന്റണി ആൽബർട്ട്, ആന്റണി ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു. രൂപത ഭാരവാഹികൾ, ഫൊറോന പ്രസിഡന്റുമാർ, ഇടവക വികാരിമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

