ഗോവ : ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ മരിയൻ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഗോവ.12-ാമത് ഇന്ത്യൻ ദേശീയ ഫാത്തിമ സംഗമവും 2-ാമത് ഗോവ മരിയൻ കോൺഗ്രസും ജൂലൈ 15 മുതൽ 17 വരെ പിലാർ പിൽഗ്രിം സെന്ററിൽ നടക്കും.
ലോക ഫാത്തിമ അപ്പസ്തോലെറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സംഗമത്തിൽ മരിയൻ ഭക്തിയും സുവിശേഷവത്കരണവും കേന്ദ്രീകരിച്ചുള്ള പ്രാർത്ഥന, ആത്മീയ രൂപീകരണം, ധ്യാനം എന്നിവയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ, വൈദികർ, സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർ പങ്കെടുക്കും. സഭയുടെ ഇന്നത്തെ ജീവിതത്തിലും ദൗത്യത്തിലും ഫാത്തിമ സന്ദേശത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടുന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
രൂപീകരണ പ്രഭാഷണങ്ങൾ, ജപമാല പ്രദക്ഷിണം, പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീടധാരണം, ബ്രൗൺ സ്കാപ്പുലർ ധാരണച്ചടങ്ങ്, ദേശീയ കൗൺസിൽ തിരഞ്ഞെടുപ്പ്, ദിവസേനയുള്ള വിശുദ്ധ കുർബാന അർപ്പണം തുടങ്ങി നിരവധി ആത്മീയവും സംഘടനാപരവുമായ പരിപാടികൾ കോൺഗ്രസിന്റെ ഭാഗമായി നടക്കും.
പരിപാടിയിൽ ബിഷപ് സിമാവോ ഫെർണാണ്ടസ്, ബിഷപ്പ് ജോസഫ് സുസൈനാഥൻ, ബിഷപ് ഫുൾജൻസ് ടിഗ്ഗ, ബിഷപ് ഫ്രാൻസിസ് തിര്‍ക്കി, ബിഷപ് ഫാബിയൻ ടോപ്പോ എന്നിവർ വിവിധ ആഘോഷങ്ങളിലും രൂപീകരണ സെഷനുകളിലും പങ്കെടുക്കും.
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി കൂടുതൽ ആഴപ്പെടുത്തുകയും, ഫാത്തിമ സന്ദേശം സ്വന്തം ഇടവകകളിലും സമൂഹങ്ങളിലും കൂടുതൽ സജീവമായി ജീവിക്കാനും പങ്കുവയ്ക്കാനും പങ്കെടുക്കുന്നവരെ പ്രചോദിപ്പിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

