ബിജോ സില്‍വേരി
‘ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍: തെക്കന്‍ തിരുവിതാംകൂറിലെ പ്രേഷിത താരകം’ എന്ന പുസ്തകം, കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന് അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ‘എന്റെ രാജ്യത്തിലെ ഏറ്റവും വന്ദ്യനായ വിശുദ്ധന്’ എന്ന് വിശേഷിപ്പിച്ച ദൈവദാസന്റെ ആത്മീയ ഔന്നത്യം വെളിപ്പെടുത്തുന്നതാണ് ഈ ഗ്രന്ഥം. സ്വിറ്റ്സര്‍ലണ്ടിലെ പ്രഭു കുടുംബത്തില്‍ ജനിച്ചിട്ടും തെക്കന്‍ തിരുവിതാംകൂറിലെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണീരൊപ്പിയ ആ വലിയ ഇടയനെ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുന്നു. ഇഗ്നേഷ്യസ് തോമസാണ് എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത്. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന് (കെഎല്‍സിഎച്ച്എ) മുന്‍കയ്യെടുത്താണ് പ്രസിദ്ധീകരണം. പ്രണതയാണ് പ്രസാധകര്.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ചാലകശക്തി
മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായ ‘പുനരൈക്യ പ്രസ്ഥാനത്തില്‍’ കൊല്ലം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ബെന്‍സിഗര്‍ വഹിച്ച പങ്ക് പുസ്തകത്തില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യാക്കോബായ സഭയിലെ ആഭ്യന്തര തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും മനംമടുത്ത് ആത്മീയ ശാന്തി തേടിയ മാര്‍ ഈവാനിയോസ് മെത്രാന്, റോമാസഭയുമായുള്ള സമ്പര്‍ക്കത്തിന് വഴിതേടിയപ്പോള്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയും ആത്മബന്ധവും നല്‍കിയത് ബിഷപ് ബെന്സിഗറായിരുന്നു. മാര്‍ ഈവാനിയോസിന്റെ പുനരൈക്യ ആഗ്രഹങ്ങള്‍ പാപ്പയെ അറിയിക്കുന്നതിനും തുടര്‍ന്നുള്ള കത്തെഴുത്തുകള്ക്കും നേതൃത്വം നല്കാന് വത്തിക്കാന്‍ ചുമതലപ്പെടുത്തിയത് ബിഷപ് ബെന്സിഗറെയായിരുന്നു.
പുനരൈക്യപ്പെടുന്നവര്‍ക്ക് അവരുടെ പരമ്പരാഗത അന്ത്യോക്യന്‍ ആരാധനാക്രമം തന്നെ തുടര്‍ന്നുപോകാന്‍ അനുവാദം നല്‍കണമെന്ന് റോമില്‍ ശക്തമായി വാദിച്ചതും അതിനായി അനുകൂല വിധി സമ്പാദിച്ചതും അദ്ദേഹത്തിന്റെ നയതന്ത്രപരമായ ഇടപെടലുകള്‍ മൂലമാണ്. 1930 സെപ്റ്റംബര്‍ 20-ന് കൊല്ലം തങ്കശ്ശേരി അരമന ചാപ്പലില്‍ മാര്‍ ഈവാനിയോസ് മെത്രാനും കൂട്ടരും ബിഷപ് ബെന്‍സിഗര്‍ മുന്‍പാകെ കത്തോലിക്കാ സഭയുടെ വിശ്വാസം ഏറ്റുപറഞ്ഞ് സഭാ കൂട്ടായ്മയിലേക്ക് പ്രവേശിച്ച ചരിത്ര നിമിഷം, ഈ പുസ്തകം വായനക്കാരിലേക്ക് ഭക്തിസാന്ദ്രമായി എത്തിക്കുന്നു. പുനരൈക്യത്തിനു ശേഷം മാര്‍ ഈവാനിയോസിനെ മലങ്കര സഭയുടെ അധിപനായി അവരോധിക്കുന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചതും ബിഷപ് ബെന്സിഗറായിരുന്നു.
‘മലങ്കര പുനരൈക്യ പ്രസ്ഥാനവും ബന്സിഗര് പിതാവും’ എന്ന ഈ അധ്യായത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രകാരന്മാരും പ്രമുഖ വൈദികരും എഴുതിയ ലേഖനങ്ങളുണ്ട്. ഡോ. ഫിലിപ്പ് ചെമ്പകശ്ശേരി, റവ. ഡോ. ജോണ്‍ കുടീരത്ത് എന്നിവരുടെ ലേഖനങ്ങള്‍ ബിഷപ് ബെന്‍സിഗറും ധന്യനായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയും തമ്മിലുണ്ടായിരുന്ന അഗാധമായ ആത്മബന്ധത്തെയും പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടങ്ങളെയും വിവരിക്കുന്നു.
ആരോഗ്യരംഗത്തെ കരുണാര്‍ദ്രമായ ഇടപെടലുകള്‍
കോളറ, വസൂരി, ക്ഷയം, മലമ്പനി തുടങ്ങിയ ഭീകര രോഗങ്ങളുടെ പിടിയിലമര്‍ന്ന്, രോഗബാധിതരെ കാടുകളിലും ജനവാസമില്ലാത്ത സ്ഥലങ്ങളിലും ഉപേക്ഷിച്ചിരുന്ന കേരളത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തെ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യ-കാരുണ്യ മേഖലകളില്‍ ബിഷപ് ബെന്‍സിഗര്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് സന്ന്യാസിനികളുടെ ലേഖനങ്ങളാണ്. സിസ്റ്റര്‍ എസ്തേര്‍ സിഎസ്സി (ഹോളിക്രോസ് സന്ന്യാസസമൂഹം) എഴുതിയ ലേഖനത്തിലാണ് തിരുവിതാംകൂറിന്റെ ആരോഗ്യചരിത്രം മാറ്റിമറിച്ച സ്വിസ്സ് സിസ്റ്റര്‍മാരുടെ വരവിനെക്കുറിച്ച് വിവരിക്കുന്നത്. അക്കാലത്ത് ജനങ്ങളുടെ ദുരിതത്തില്‍ മനസ്സ് നൊന്ത ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തന്റെ ഉറ്റസുഹൃത്തായ ബിഷപ് ബെന്സിഗറോട് സഹായം അഭ്യര്‍ഥിച്ചു. മഹാരാജാവിന്റെ താല്പര്യപ്രകാരം ബിഷപ് ബെന്‍സിഗര്‍ തന്റെ ജന്മദേശമായ സ്വിറ്റ്സര്‍ലണ്ടിലെ ‘ഹോളിക്രോസ് സന്ന്യാസ സമൂഹത്തോട്’ നഴ്സിംഗ് പരിശീലനം നേടി തിരുവിതാംകൂറിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
ഇതിന്റെ ഫലമായി 1906-ല്‍ കേരളത്തിലെത്തിയ സന്ന്യസ്ത സഹോദരിമാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുകയും, പാവപ്പെട്ടവരുടെയും രോഗികളുടെയും ആശ്രയകേന്ദ്രമായി മാറുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ സിസ്റ്റര്‍മാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നതും ബിഷപ് ബെന്സിഗറായിരുന്നു.
സ്ത്രീവിദ്യാഭ്യാസവും
സന്ന്യാസ സമൂഹങ്ങളുടെ ഏകോപനവും
സ്ത്രീവിദ്യാഭ്യാസത്തിനും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട് ബിഷപ് ബെന്‍സിഗര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പുസ്തകത്തില്‍ ശ്ലാഘിക്കപ്പെടുന്നു. സിസ്റ്റര്‍ മേരി പ്രശാന്തി സിസിആര്‍, സിസ്റ്റര്‍ ആലീസ് സിസിആര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍ ബിഷപ് ബെന്‍സിഗര്‍ സ്ഥാപിച്ച ‘കോണ്ഗ്രിഗേഷന് ഓഫ് ദി കാര്‍മലൈറ്റ് റിലീജിയസ്’ (സിസിആര്‍) എന്ന സന്ന്യാസ സമൂഹത്തിന്റെ ചരിത്രവും ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
അക്കാലത്ത് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന കൊല്ലം തയ്യത്ത് സെന്റ് ജോസഫ്സ് കോണ്‍വെന്റ്, തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, തങ്കശ്ശേരി മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്റ് എന്നിവയെ കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ സന്ന്യാസ സമൂഹമായി (സിസിആര്‍) രൂപപ്പെടുത്തിയത് അദ്ദേഹമാണ്.
ഈ സന്ന്യാസ സമൂഹത്തിന്റെ ഭരണഘടന തയ്യാറാക്കാനും, അവരെ ആത്മീയമായി വളര്‍ത്താനും അദ്ദേഹം മുന്‍കൈ എടുത്തു.
തിരുവനന്തപുരത്തെ പ്രശസ്തമായ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ കെട്ടിടം പണിതുയര്‍ത്തിയതും, 1907-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനൊപ്പം അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ ഉദാഹരണമായി പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
പുസ്തകത്തിന്റെ എഡിറ്റര്‍ ഇഗ്നേഷ്യസ് തോമസിന്റെ അവതാരികയില്‍ എഴുതിയ ഒരു ഖണ്ഢിക ബിഷപ് ബെന്‍സിഗറിന്റെ ക്രാന്തദര്‍ശിത്വമുള്ള, കരുണാര്‍ദ്രമായ പ്രവര്‍ത്തനങ്ങളുടെ കാച്ചിക്കുറുക്കിയ കുറിപ്പാണെന്നു പറയാം. ”സ്ഥാനങ്ങളിലോ പദവികളിലോ ഒതുങ്ങുന്നതല്ല ആര്‍ച്ച്ബിഷപ് ബെന്‍സിഗറിന്റെ ശാശ്വത സംഭാവന. അദ്ദേഹം ആവിഷ്കരിച്ച ദര്‍ശനത്തിലും
അദ്ദേഹം ശക്തിപ്പെടുത്തിയ സ്ഥാപനങ്ങളിലുമാണ് അതിന്റെ യഥാര്‍ത്ഥ പ്രസക്തി നിലനില്‍ക്കുന്നത്. സഭയുടെ ദേശീയവത്കരണത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പ്രത്യേകം സ്മരണീയമാണ്. പ്രാദേശിക ഭാഷകളുടെ പ്രോത്സാഹനം, സ്വദേശീയ വൈദികരുടെ വളര്‍ച്ച, കേരളത്തിന്റെ സാംസ്കാരിക ആത്മാവിനോട് ഇണങ്ങുന്ന ക്രൈസ്തവ
ജീവിതശൈലിയുടെ രൂപീകരണം ഇവയിലെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വം തെളിഞ്ഞു കാണുന്നു. വിശ്വാസികളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് അകന്നുനില്ക്കുന്ന നേതൃത്വശൈലി സാധാരണമായിരുന്ന കാലത്ത്, സാധാരണജനങ്ങളോടും പ്രത്യേകിച്ച് ദരിദ്രരോട് അതിരറ്റ അടുപ്പം പുലര്‍ത്തിയ ഇടയനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്തും സാമൂഹിക ഉന്നമനത്തിലും സഭാനിയമങ്ങളുടെ ക്രമീകരണത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍, സഭയുടെ ദൗത്യത്തെ സമഗ്രമായി കാണുന്ന
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തെളിവുകളാണ്.”
പദവികള്‍ ഒഴിഞ്ഞുള്ള തപസ്യ ജീവിതം
കൊല്ലം രൂപതയെ 31 വര്‍ഷക്കാലം സുവര്‍ണ്ണ പാതയിലൂടെ നയിച്ച ശേഷം 1931-ല്‍ അദ്ദേഹം മെത്രാന് പദവി രാജിവെച്ചു. മെത്രാന്റെ കുരിശുമാലയും മോതിരവുമെല്ലാം അഴിച്ചുവെച്ച്, ഒരു സാധാരണ സന്ന്യാസാര്ത്ഥിയെപ്പോലെ തിരുവനന്തപുരം കാര്‍മ്മല്‍ ഹില്‍ ആശ്രമത്തിന്റെ വാതിലില്‍ വന്ന് മുട്ടുന്ന ബിഷപ് ബെന്‍സിഗറിന്റെ ചിത്രം വായനക്കാരുടെ ഉള്ളം തൊടുന്നതാണ്. തന്റെ ജീവിതത്തിന്റെ അവസാനത്തെ 11 വര്‍ഷങ്ങള്‍ പ്രാര്‍ഥനയിലും, ഉപവാസത്തിലും, കഠിനമായ തപശ്ചര്യകളിലും, വിനയ ജീവിതത്തിലും അദ്ദേഹം കഴിച്ചുകൂട്ടി.
ദൈവദാസനായ ബെന്‍സിഗറും ധന്യനായ മാര്‍ ഈവാനിയോസും ഒരേപോലെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പുസ്തകം അവസാനിക്കുന്നത്. ഫാ. അലക്സാണ്ടര്‍ ഒ.സി.ഡി, റവ. ഡോ. ജോര്‍ജ് കുരിശിങ്കല്‍ എന്നിവരുടെ ലേഖനങ്ങളിലൂടെയാണ് ബിഷപ് ബന്‍സിഗറിന്റെ എളിമയും പ്രാര്‍ഥനാ ജീവിതവും വ്യക്തമാക്കുന്നത്.
കേരള സഭയുടെ ചരിത്രവും സാമൂഹിക മാറ്റങ്ങളും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. വ്യത്യസ്ത സന്ന്യാസ സമൂഹങ്ങളിലെ എഴുത്തുകാരുടെയും സഭാചരിത്രകാരന്മാരുടെയും സംയുക്തമായ ഈ ശ്രമം, ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രത്തിന്റെ ജീവിതത്തെ എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കാന്‍ വായനക്കാരെ സഹായിക്കുന്നു. ഓരോ ലേഖകനും തങ്ങളുടെ സന്ന്യാസ സമൂഹത്തിന്റെ ചരിത്രരേഖകളും അനുഭവങ്ങളും ചേര്‍ത്ത് എഴുതിയിരിക്കുന്നതിനാല്‍ പുസ്തകത്തിന് ചരിത്രപരമായി വലിയ മൂല്യമുണ്ട്.

