ജെക്കോബി
പത്തുവര്‍ഷം തുടര്‍ച്ചയായി കേരളം ഭരിക്കാനുള്ള ചരിത്ര നിയോഗം ലഭിച്ച ആദ്യ മുഖ്യമന്ത്രി എന്ന അനന്യ ഖ്യാതിയില്‍ നിന്ന്, പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ ഭരണസംവിധാനത്തിലോ നിയമസഭയിലോ ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിപത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി മാറിയ പിണറായി വിജയനെ അധികാരഭ്രഷ്ടനാക്കാന്‍ ജനാധിപത്യകേരളത്തോടൊപ്പം സ്വന്തം പാര്‍ട്ടിയുടെ നെടുങ്കോട്ടകളിലെ അണികളും അനുയായികളും ഒത്തുചേര്‍ന്നതോടെ 2026-ലെ സംസ്ഥാനത്തെ ഭരണമാറ്റം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ഉലയ്ക്കുന്ന നിര്‍ണായക വഴിത്തിരിവാകുകയാണ്.
കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 102 സീറ്റിന്റെ ഉജ്വല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ യുഡിഎഫിന്റെ ഏറ്റവും ശക്തമായ മുന്നേറ്റമാണിത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും നിരന്തരമായി ആധികാരിക വിജയത്തിന്റെ ആവേശത്തിരയേറിവന്ന യുഡിഎഫ്, കേരളത്തിലെ അതിവിശിഷ്ട രാഷ് ട്രീയ സംസ്കാരത്തിന്റെയും ജനാധിപത്യ പാരമ്പര്യത്തിന്റെയും കരുത്തും ചാരുതയും പ്രശോഭിതമായ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ കൊടുങ്കാറ്റില്‍ ചരിത്രവിജയത്തിലേക്കു കുതിച്ചു.
‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന അഹന്തയുടെ വെല്ലുവിളിയുമായി, പിണറായിയുടെ ചിത്രം ആലേഖനം ചെയ്ത പടുകൂറ്റന്‍ ഹോര്‍ഡിങ്ങുകളും മുഖ്യധാരാ മാധ്യമങ്ങളിലെയും നവമാധ്യമങ്ങളിലെയും കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങളും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിവിധ മീഡിയ കണ്‍സള്‍ട്ടന്റുകളുടെയും ആഭിമുഖ്യത്തിലുള്ള വിപുലമായ കാംപെയ്നുകളും ഒക്കെയായി കേരളചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കുവേണ്ടിയും ചെലവഴിക്കാത്ത ഭീമമായ ഫണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തവണ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചു. സര്‍വീസില്‍ നിന്നു വിരമിച്ചശേഷവും ‘ഭരണഘടനാ ബാഹ്യശക്തിയായി’ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചുവന്ന ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം എബ്രഹാം പിണറായിയുടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ഒന്‍പതര ശതമാനം പലിശയ്ക്ക് കടമെടുത്ത കിഫ്ബി ഫണ്ടില്‍ നിന്ന് 200 – 250 കോടി രൂപ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
ഇതൊക്കെയായിട്ടും, 2021-ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍ഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ 35 സീറ്റിലേക്ക് ഒതുങ്ങി. 1980നു ശേഷമുള്ള ഏറ്റവും ശോഷിച്ച പ്രതിപക്ഷം. മത്സരിച്ച 77 സീറ്റില്‍ 51-ലും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സിപിഎമ്മിന് സ്വന്തമാക്കാനായത് 26 സീറ്റുകള്‍ മാത്രം. സിപിഐ 17-ല്‍ നിന്ന് ഒമ്പതായി ചുരുങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ഇടതുമുന്നണി എംഎല്‍എമാര്‍ പൂജ്യം. മന്ത്രിസഭയില്‍നിന്നു മത്സരിച്ച 19 അംഗങ്ങളില്‍ 13 പേരും തോറ്റ തിരഞ്ഞെടുപ്പില്‍ പത്തു മന്ത്രിമാരെയും തോല്‍പ്പിച്ചത് ആദ്യമായി നിയമസഭയിലേക്ക് എത്തുന്ന പുതുമുഖങ്ങളാണ്. സിപിഎമ്മിന്റെ 10 മന്ത്രിമാരില്‍ ഏഴുപേര്‍ തോറ്റു, ഘടകകക്ഷിമന്ത്രിമാരില്‍ അഞ്ചു പേരും. സിപിഐയുടെ നാലു മന്ത്രിമാരില്‍ മൂന്നുപേര്‍ ജയിച്ചു. 2021-ലെ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് 50,123 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പിണറായി ഇക്കുറി അതിന്റെ മൂന്നിലൊന്നു തികയ്ക്കാന്‍ ഏറെ ക്ലേശിച്ചു. സിപിഎം ചെങ്കോട്ടയില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ റഷീദ് ആറാം റൗണ്ട് വരെ ലീഡ് നിലനിര്‍ത്തി; ഏഴാം റൗണ്ട് ആയപ്പോഴാണ് പിണറായി 1,536 വോട്ടിന് മുന്നിലെത്തിയത്. 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഒടുവില്‍ ജയിച്ചത്.
പാര്‍ട്ടിയുടെ ആറ് സീനിയര്‍ നേതാക്കള്‍ സിപിഎം വിട്ട് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ചു – അവരില്‍ മൂന്നുപേര്‍ ജയിക്കുകയും ചെയ്തു. സിപിഎം അണികളും അനുയായികളും വലിയ തോതില്‍ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തുവെന്നാണ് കണ്ണൂര്‍ ജില്ല അടക്കമുള്ള പാര്‍ട്ടികേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഒരുവട്ടം പാര്‍ട്ടിയെ പ്രതിപക്ഷത്തിരുത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചു. മൂന്നു പാര്‍ട്ടി ഫണ്ടുകളില്‍ നിന്നായി ഒരു കോടിയിലേറെ രൂപ സിപിഎം നേതൃത്വത്തിലെ ചിലര്‍ തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ചതിന് പാര്‍ട്ടിക്ക് അനഭിമതനായി പുറത്തുപോകേണ്ടിവന്ന വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെയുള്ള മത്സരത്തില്‍ ലഭിച്ചത് 2021-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി നേടിയതിനെക്കാള്‍ 32,725 വോട്ടാണ്; തളിപ്പറമ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയതിനെ തുടര്‍ന്ന് യുഡിഎഫ് പക്ഷത്ത് എത്തിയ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനു ലഭിച്ചത് 2021-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചതിനെക്കാള്‍ 20,765 വോട്ടും. അമ്പലപ്പുഴയില്‍ പാര്‍ട്ടിവിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചു ജയിച്ച ജി. സുധാകരനെ പിണറായി വര്‍ഗവഞ്ചകനായ ചെറ്റ എന്നാണ് വിശേഷിപ്പിച്ചത്.
എല്‍ഡിഎഫ് നിയമസഭാ പ്രാതിനിധ്യം ഇത് ആദ്യമായി മൂന്നു കക്ഷികളിലൊതുങ്ങി. സിപിഎം, സിപിഐ എന്നിവയ്ക്കു പുറമെ ആര്‍ജെഡിയുടെ പി.കെ പ്രവീണ്‍ മാത്രമാണ് എല്‍ഡിഎഫ് ഘടകകക്ഷികളില്‍ നിന്ന് നിയമസഭയിലേക്കു കടന്നുകൂടിയത്. എട്ട് ഘടകകക്ഷികള്‍ക്ക് നിയമസഭ കാണാനാവില്ല: 12 സീറ്റുകളില്‍ മത്സരിച്ച ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരിടത്തും ജയിക്കാനായില്ല. പാര്‍ട്ടിയെ നയിക്കുന്ന ജോസ്, പിതാവ് കെ.എം മാണി അഞ്ചു പതിറ്റാണ്ട് പ്രതിനിധാനം ചെയ്ത പാലായില്‍ രണ്ടാം വട്ടമാണ് യുഡിഎഫ് സ്വതന്ത്രന് മാണി സി. കാപ്പനോട് തോല്‍ക്കുന്നത്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് തിരുവല്ലയില്‍ മൂന്നാം സ്ഥാനത്തായി. എന്‍സിപി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസിനു കുട്ടനാടും കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന പ്രസിഡന്റ് കെ.ബി ഗണേഷ്കുമാറിനു പത്തനാപുരവും കൈവിട്ടുപോയി. എലത്തൂരില്‍ സിറ്റിങ് എംഎല്‍എ എ.കെ ശശീന്ദ്രനും, ഐഎന്‍എലിലെ അഹമ്മദ് ദേവര്‍കോവിലും തോറ്റു.
യുഡിഎഫില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 63 സീറ്റ് നേടിയപ്പോള്‍, മത്സരിച്ച 27-ല്‍ 22 സീറ്റിലും ജയിച്ച് മുസ് ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. മലപ്പുറത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ 85,327 വോട്ടിന്റെ ഭൂരിപക്ഷം (പോള്‍ ചെയ്തതിന്റെ 66.86 ശതമാനം വോട്ട്) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയില്‍ തോല്‍പ്പിച്ച് മുസ് ലിം ലീഗിന്റെ ഫാത്തിമ തഹ് ലിയ ലീഗിന് നിയമസഭയില്‍ ആദ്യമായി വനിതാ പ്രാതിനിധ്യം ഉറപ്പിച്ചു. മലപ്പുറത്ത് 6,000 ക്രൈസ്തവ വോട്ടര്‍മാര്‍ മാത്രമുള്ള തവനൂരില്‍ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് എല്‍ഡിഎഫ് സ്വതന്ത്രന് കെ.ടി. ജലീലിനെതിരെ നേടിയ വിജയം വലിയ മാനങ്ങളുളളതാണ്.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടിടത്ത് മത്സരിച്ച് കാഞ്ഞങ്ങാട് ഒഴികെ ഏഴിടത്തും ജയിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.
പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് രംഗത്തുനിന്നു പിന്മാറുമ്പോള് മകന് അപു ജോണ്‍ തകര്‍പ്പന്‍ വിജയം ശ്രദ്ധേയമായി.
മൂന്നു സീറ്റുകളോടെ ആര്‍എസ്പിയും, ഓരോ സീറ്റു വീതം നേടി കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി എന്നിവയും സംസ്ഥാന രാഷ് ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുകയാണ്. കെ.കെ രമ വടകര സീറ്റ് നിലനിര്‍ത്തി. പി.വി അന്‍വറിന്റെ പാര്‍ട്ടി ഒഴികെ യുഡിഎഫിന്റെ മുഴുവന്‍ ഘടകകക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുണ്ട്.
കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ടകാലം, 17 വര്‍ഷം, സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്, പാര്‍ട്ടിക്കും പ്രത്യയശാസ്ത്രത്തിനും അതീതമായി ജനഹൃദയങ്ങളെ സ്വാധീനിച്ച കമ്യൂണിസ്റ്റ് മാനവികതയുടെ നേതാവായ വി.എസ് അച്യുതാനന്ദനോടും മൂല്യബോധവും ആദര്‍ശനിഷ്ഠയുമുള്ള അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളോടും വച്ചുപുലര്‍ത്തിയ പകയും സംഘടനാതലത്തില്‍ സൃഷ്ടിച്ച അന്തശ്ഛിദ്രങ്ങളും ആ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സ്വേച്ഛാധിപത്യത്തിന്റെയും കയ്യൂക്കിന്റെയും ഇരുണ്ട ഏടുകളാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും ഭരണസംവിധാനത്തെയും തന്നില്‍ കേന്ദ്രീകരിച്ച പിണറായി ഉള്‍പ്പാര്‍ട്ടി വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുന്ന അതേ അസഹിഷ്ണുതയുടെ നയമാണ് പ്രതിപക്ഷത്തെ എതിര്ശബ്ദങ്ങളോടും സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ജനകീയ പ്രസ്ഥാനങ്ങളോടും കാണിച്ചത്.
തിരുവനന്തപുരത്തെ തീരശോഷണവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസവും മുതലപ്പൊഴി ഹാര്‍ബറിലെ കൂട്ടമരണങ്ങളും വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭം, ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ്, കാലാവസ്ഥ മുന്നറിയിപ്പിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍നഷ്ടം, മത്സ്യബന്ധന വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി, കടലേറ്റത്തില്‍ തീരദേശവാസികള്‍ അഭയാര്ഥികളാകുമ്പോള്, മത്സ്യത്തൊഴിലാളികളുടെ കിടപ്പാടങ്ങള്‍ക്കും തൊഴിലിടങ്ങള്‍ക്കും സംരക്ഷണം, മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി കേരള വഖഫ് ബോര്‍ഡ് ആസ്തിവിവരപ്പട്ടികയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നീതി, ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കല്‍, സംവരണാനുകൂല്യങ്ങള്‍ എന്നിങ്ങനെ തീരദേശജനതയുടെയും ലത്തീന്‍ സമുദായത്തിന്റെയും ജീവല്‍പ്രധാനമായ പ്രശ്നങ്ങളില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പലതും വഞ്ചനാപരവും ജനവിരുദ്ധവുമായിരുന്നു.
സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിക്കെതിരെ തെരുവിലിറങ്ങിയ നിര്‍ഭയരായ സ്ത്രീകളുടെ ആക്രോശവും കണ്ണുനീരും, ആശാ വര്‍ക്കര്‍മാര്‍ വേതന വര്‍ധനയ്ക്കായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ 265 ദിവസത്തെ രാപ്പകല്‍ സമരം, പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രക്ഷോഭം തുടങ്ങിയ നിരവധി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനും അവഹേളിക്കാനും വ്യഗ്രത കാണിച്ച തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ഭരണകൂടം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഭീകര താണ്ഡവം പാര്‍ട്ടിയുടെ നിലപാടുകളില്‍, അധികാരപ്രയോഗത്തില്‍ ഇടതുപക്ഷമെന്നു വിളിക്കാവുന്ന എന്താണ് അവശേഷിപ്പിച്ചത്?
കരിങ്കൊടിയോ കറുത്ത ഷര്‍ട്ടോ കറുത്ത മാസ്ക്കോ പോലും കണ്ടാല്‍ കലിതുള്ളുന്ന മുഖ്യമന്ത്രിയുടെ മനോവിഭ്രാന്തിക്കൊത്ത് പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുകയും വധശ്രമക്കുറ്റം വരെ ചുമത്തി വേട്ടയാടുകയും ചെയ്യുന്ന പൊലീസിന്റെ അതിരുവിട്ട അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഏതാനും യുവാക്കള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളുടെ കോടതിയില്‍ വിജയിച്ച് നിയമസഭയില്‍ പ്രവേശിക്കുന്നുണ്ട്. നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ, ആലപ്പുഴ മണ്ഡലത്തില്‍ നിന്നു വിജയിച്ച യുഡിഎഫിന്റെ എ.ഡി തോമസ് എന്ന മുപ്പതുകാരന്, മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന് എത്തിയപ്പോള്‍ അവരുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചതിന് പിണറായിയുടെ ഗണ്‍മാന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായ യുവ നേതാവാണ്. പൊന്തുവള്ളത്തില്‍ അപ്പനോടൊപ്പം മീന്‍പിടിക്കാന്‍ കടലില്‍ പോയും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചും കോളജ് പഠനം പൂര്‍ത്തിയാക്കിയ തോമസ് കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. ആലപ്പുഴ തീരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ശബ്ദം ഇനി നിയമസഭയില്‍ മുഴങ്ങും.
കേരളത്തില്‍ പിണറായി വിജയന്റെ പടിയിറക്കത്തോടെ ഇന്ത്യയുടെ രാഷ് ട്രീയ ഭൂപടത്തില്‍ നിന്ന് ഇടതുപക്ഷഭരണത്തിന്റെ അവസാനത്തെ തുരുത്തും മാഞ്ഞുപോവുകയാണ്. കേരളത്തില്‍ 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തിലേറിയതിനെ തുടര്‍ന്ന്, 1977നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഒരിടത്തും ഇടതുഭരണമില്ലാത്ത അവസ്ഥയുണ്ടാകുന്നത്. 2011 വരെ ബംഗാളിലും 2018 വരെ ത്രിപുരയിലും ഇടതുപക്ഷ ഭരണം നിലനിന്നിരുന്നു. മൂന്നര പതിറ്റാണ്ട് മാര്‍ക്സിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം നിലനിന്ന ബംഗാളില്‍ ആദ്യമായി 2026-ലെ തിരഞ്ഞെടുപ്പിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കുകയാണ്.
കേരള നിയമസഭയില്‍ മൂന്നു സീറ്റുകളുമായി ബിജെപിയുടെ തിരിച്ചുവരവ് ‘മാറാത്തത് മാറും’ എന്ന അവരുടെ മുദ്രാവാക്യത്തിന്റെ മുഴക്കത്തിന് എന്തെങ്കിലും ആപല്‍ധ്വനി പകരുന്നുണ്ടോ? നമ്മുടെ നാടിന്റെ ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും സാമൂഹിക മൈത്രിക്കും ഭീഷണിയാകുന്ന വിദ്വേഷപ്രചാരണത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും കനലുകള്‍ ചിതറിവീഴുമ്പോള്‍ ജാഗ്രതയോടെ പ്രബുദ്ധ കേരളത്തിന്റെ മാനവിക മൂല്യങ്ങളുടെയും ധാര്‍മികതയുടെയും രാഷ് ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിന് ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കും എന്നു നമുക്ക് പ്രത്യാശിക്കാം. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരും ഇടതുമുന്നണി സീറ്റുകളിലാണ് താമര വിരിഞ്ഞിരിക്കുന്നത്.
വീണ്ടുവിചാരങ്ങള്‍ക്ക് കാരണമാകേണ്ടുന്ന തിരഞ്ഞെടുപ്പാണിത്. കാലങ്ങളായി നിലനിന്ന രാഷ് ട്രീയ വിശ്വാസങ്ങള്‍ ദുര്‍ബലമാകുകയും പുതിയ ശക്തികള്‍ ഉയര്‍ന്നുവരികയും പഴയ പ്രത്യയശാസ്ത്ര അടിത്തറകള്‍ ഇളകുകയും ചെയ്യുമ്പോള്‍ നാം നമ്മെത്തന്നെ നവീകരിക്കേണ്ടിയിരിക്കുന്നു.

