ജെയിംസ് അഗസ്റ്റിൻ
വർഷം 1964.സംഗീതരംഗത്തെ ഓസ്കർ എന്നു വിശേഷിക്കപ്പെടുന്ന ഗ്രാമി അവാർഡുകൾ പ്രഖ്യാപനം നടക്കുകയാണ്. ഇന്നത്തെപ്പോലെ ഒരു വേദിയിലല്ല അന്ന് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. യു.എസിലെ ചിക്കാഗോ,ന്യൂയോർക്ക്,ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങളിലെ മൂന്നു വേദികളിൽ നിന്നും ലോക സംഗീതരംഗത്തെ ചക്രവർത്തിമാർ ആരാണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതപ്രേമികൾ. ആ വർഷം ഏറ്റവും കൗതുകകരമായ ഒരു നോമിനേഷൻ ഉണ്ടായിരുന്നു.

ലോകസംഗീത ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ ഗ്രാമി അവാർഡിനു നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
ഗ്രാമി അവാർഡുകൾ നൽകുന്നത് ആരാധകരുടെ വോട്ട് നോക്കിയോ ആൽബത്തിന്റെ വിപണിയിലെ വിജയം കണക്കാക്കിയോ അല്ല. സംഗീതരംഗത്ത് പ്രവർത്തിക്കുന്ന സഹപ്രവർത്തകർ തന്നെയാണ് അവാർഡ് നിർണയിക്കുന്നത്. ഗായകർ,സംഗീതസംവിധായകർ,സൗണ്ട് എൻജിനീയർമാർ,തുടങ്ങിയവർ അംഗങ്ങളായ റെക്കോർഡിങ് അക്കാദമി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സിനിമയ്ക്ക് ഓസ്കാർ,നാടകത്തിനു ടോണി,ടെലിവിഷന് എമ്മി എന്നീ ആവാർഡുകൾക്കു തുല്യമായി സംഗീതരംഗത്തെ ഉന്നത പുരസ്കാരമാണ് ഗ്രാമി.
1964-ലെ ഗ്രാമി അവാർഡുകൾക്ക് നോമിനേഷൻ ലഭിച്ചത് പാടുന്ന കന്യാസ്ത്രീ, ചിരിക്കുന്ന സഹോദരി എന്നീ പേരുകളിലെല്ലാം അറിയപ്പെട്ടിരുന്ന ഷാനിൻ ഡെക്കേഴ്സിനായിരുന്നു.സിസ്റ്റർ ലുക്ക് ഗബ്രിയേൽ എന്നായിരുന്നു ഈ പാടുന്ന കന്യാസ്ത്രീ സഭയിൽ അറിയപ്പെട്ടിരുന്നത്. ബെൽജിയത്തിലെ ഡൊമിനിക്കൻ സന്യാസ സഭയിലെ അംഗമായിരുന്നു ഈ ഗായിക.
അവാർഡ് പ്രഖ്യാപനം വന്നു. മികച്ച റിലീജിയസ് റെക്കോർഡിനുള്ള ആ വർഷത്തെ പുരസ്കാരം സിസ്റ്റർ ലുക്ക് ഗബ്രിയേൽ കരസ്ഥമാക്കി.അതിനു മുൻപും ശേഷവും മറ്റൊരു സന്യാസിനിയും ഈ പുരസ്കാരം നേടിയിട്ടില്ല.
വിശുദ്ധ ഡൊമിനിക്കിനെക്കുറിച്ചു ഫ്രഞ്ച് ഭാഷയിൽ സിസ്റ്റർ ലുക്ക് എഴുതി സംഗീതം നൽകി ആലപിച്ച ഗാനത്തിനാണ് അന്ന് അവാർഡ് ലഭിച്ചത്. സഞ്ചരിച്ച വഴികളിലെല്ലാം സ്നേഹത്തിന്റെ പ്രകാശം പരത്തിയ തീർത്ഥാടകനാണ് വിശുദ്ധ ഡൊമിനിക്ക് എന്ന് ഗാനം വർണിക്കുന്നു.ദൈവത്തെക്കുറിച്ചു മാത്രം സംസാരിക്കുന്ന ഡൊമിനിക്ക് എന്ന ഗാനം പിന്നീട് ഇംഗ്ലീഷ്,ഡച്ച്,ജർമൻ,ഹീബ്രു,കൊറിയൻ,ജാപ്പനീസ്,പോർട്ടുഗീസ് ഭാഷകളിലും സിസ്റ്റർ ലൂക്ക് തന്നെ ആലപിച്ചു. 1964-ൽ അമേരിക്ക അടക്കം പത്തു രാജ്യങ്ങളിലെ ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു ഈ ഗാനം ഇടം നേടി.
1933 ഒക്ടോബർ 17നു ബെൽജിയത്തിലെ ബ്രസ്സൽസിലാണ് ഷാനിൻ ഡെക്കേഴ്സ് ജനിച്ചത്.
കത്തോലിക്കാവിശ്വാസികളായ മാതാപിതാക്കൾ അവിടെ ചെറിയ ബേക്കറി നടത്തിയിരുന്നു.കത്തോലിക്കാ സഭ നടത്തിയിരുന്ന സ്കൂളിലെ പഠനവും കാത്തലിക് ഗേൾസ് ഗൈഡ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തനവും ഷാനിൻ ഡെക്കേഴ്സിന് ദിശാബോധവും സംഗീതപരിചയവും നൽകി. പതിനഞ്ചാം വയസ്സിൽ ഒരു സെക്കൻഡ് ഹാൻഡ് ഗിറ്റാർ വാങ്ങിയ ഷാനിൻ സ്വയം സംഗീതപഠനം നടത്തുകയായിരുന്നു.
ഹൈസ്കൂൾ പഠനത്തിനു ശേഷം മൂന്നു വർഷം ശിൽപ്പകല പഠിച്ചു ഡിപ്ലോമ നേടുകയും 1954 മുതൽ 1959 വരെ കുട്ടികളെ ശിൽപ്പകല പഠിപ്പിക്കുകയും ചെയ്തു.
1959-ലാണ് ഡൊമിനിക്കൻ സന്യാസസഭയിൽ ചേരുന്നതും സിസ്റ്റർ ലൂക്ക് ഗബ്രിയേൽ എന്ന പേര് സ്വീകരിക്കുന്നതും.
കോൺവെന്റിലെ പ്രാർത്ഥനാസമയത്തും വിനോദവേളകളിലും സിസ്റ്റർ ലൂക്ക് പാടിയ പാട്ടുകൾ കേട്ട മദർ സുപ്പീരിയറും മറ്റ് അധികാരികളും ഈ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു.അങ്ങനെയാണ് സിസ്റ്റർ ലൂക്ക് റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തുന്നത്.
സിസ്റ്ററുടെ പാട്ടുകൾ ഫ്രഞ്ച് ഭാഷയിലായിരുന്നു.ഏതാണ്ടെല്ലാ പാട്ടുകളിലും ഗിറ്റാർ മാത്രമാണ് വായിച്ചിട്ടുള്ളത്. എന്നിട്ടും ആ പാട്ടുകൾ പോപ്പ്,റോക്ക് പാട്ടുകളെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി.ലോകത്തെ ആകർഷിക്കുന്ന ദിവ്യമായ ഒരു സ്പർശം ആ പാട്ടുകൾക്ക് ഉണ്ടായിരുന്നു. റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും പാട്ടുകൾ കേട്ട അന്നത്തെ ഏറ്റവും വലിയ മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയായ ഫിലിപ്സ് ഈ പാട്ടുകൾ വിപണിയിൽ എത്തിച്ചു.
കോടിക്കണക്കിനു രൂപയുടെ വിൽപ്പന നടന്നു. പിന്നീടും ചില ആൽബങ്ങൾ പുറത്തിറങ്ങി.അവയും വൻവിജയമായിരുന്നു.
പാട്ടുകൾക്ക് കോടിക്കണക്കിനു രൂപയുടെ വരുമാനവും ലഭിച്ചു.
1966-ൽ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടന്ന് സിസ്റ്റർ ലുക്ക് സഭയിൽ നിന്നും വിട്ടുപോരുന്നു. സമ്പാദ്യം ഒന്നുമില്ലാതെ പുറത്തിറങ്ങിയ അവർ സംഗീതരംഗത്തു തുടരാൻ ശ്രമിച്ചെങ്കിലും കമ്പനിയുമായുള്ള നിയമപ്രശ്നങ്ങൾ മൂലം ഒന്നും നടന്നില്ല.ഏറെ നാളുകൾക്ക് ശേഷം ഒരു ആൽബം നിർമിച്ചെങ്കിലും വൻവിജയം നേടാനായില്ല.
ഇതിനിടെ പാട്ടുകൾക്ക് ലഭിച്ച വരുമാനത്തിന് നികുതി അടക്കണമെന് ആവശ്യപ്പെട്ട് സർക്കാരിന്റെ നോട്ടീസ് ലഭിക്കുന്നു. കോൺവെന്റിലായിരുന്നപ്പോൾ കിട്ടിയ തുകയെല്ലാം അവിടെത്തന്നെ നൽകിയെന്ന മറുപടി സർക്കാർ അംഗീകരിച്ചില്ല.സർക്കാരിന്റെ സമ്മർദ്ദം അവർക്കു താങ്ങാൻ കഴിയാത്ത സാഹചര്യം വന്നു. താൻ സ്വീകരിക്കാത്ത തുകയ്ക്ക് നികുതി അടക്കണമെന്ന വാദം അവരെ അസ്വസ്ഥയാക്കി. അവർക്ക് അടക്കാൻ സാധിക്കുന്ന തുകയുമായിരുന്നില്ല കുടിശിക ഉണ്ടായിരുന്നത്.ലോകത്തെ മുഴുവൻ പാട്ടിലൂടെ സന്തോഷിപ്പിച്ച ആ ഗായിക സാമ്പത്തിക ബാധ്യതകൾ മൂലം 1985-ൽ തന്റെ സുഹൃത്തായിരുന്ന ആനി പെഷറിനൊപ്പം ആത്മഹത്യ ചെയ്തു.
ഈ ഗായികയെക്കുറിച്ച് മൂന്നു സിനിമകളും ഇറങ്ങിയിട്ടുണ്ട്.
സിങ്ങിങ് നൺ(1966),സിസ്റ്റർ സ്മൈൽ (2009),സുവോർ സോറിസോ (2001) എന്നീ സിനിമകളിൽ ഇവരുടെ ജീവിതകഥ നമുക്ക് കാണാം.

