ജെക്കോബി
യുപി സിംഘം (സിംഹം) എന്നു സ്വയം വിശേഷിപ്പിക്കുന്ന, ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ വീരശൂരപരാക്രമിയായ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് അജയ് പാല് ശര്‍മ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ഇലക് ഷന് കമ്മിഷന് സൗത്ത് 24 പര്‍ഗനാസിലേക്ക് നിയോഗിച്ചിട്ടുള്ള പ്രത്യേക പൊലീസ് നിരീക്ഷകന് എന്ന റോളില്‍ ഡയമണ്ട് ഹാര്‍ബര്‍ മേഖലയിലെ ഫാല്‍ടാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന്റെ വീട്ടുകാരെ വിരട്ടുന്നതിന്റെ വീഡിയോ ദൃശ്യം രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്‍പുള്ള രാഷ് ട്രീയ വെടിക്കെട്ടുകലാശത്തിലെ ഒരു സാംപിള്‍ അമിട്ടാണ്.
സശസ്ത്ര് സീമാ ബല്, ഫ്ളയിങ് സര്‍വെയ്ലന്‍സ്, ക്വിക്ക് റീയാക് ഷന് ടീം തുടങ്ങി കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളുടെ വന്‍ സന്നാഹത്തോടൊപ്പം ശര്‍മ്മ റെയ്ഡിന് എത്തിയപ്പോള്‍ സ്ഥാനാര്‍ഥി സ്ഥലത്തില്ലായിരുന്നു. ജഹാംഗീറും കൂട്ടരും ‘വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു’ എന്ന പരാതിക്ക് അറുതിവരുത്തുമെന്നായിരുന്നു ശര്‍മ്മയുടെ താക്കീത്. യുപിയിലെ കളി ബംഗാളില്‍ ഇറക്കേണ്ടെന്നും മേയ് നാലു കഴിഞ്ഞാല്‍ ബിജെപിയുടെ ഏജന്റായ സിംഘത്തെ തങ്ങള്‍ തിരഞ്ഞുപിടിച്ച് എല്ലാറ്റിനും കണക്കുചോദിക്കുമെന്നും ടിഎംസി നേതാക്കള്‍ തിരിച്ചടിച്ചു.രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നേവരെ ഒരു സംസ്ഥാനത്തും വിന്യസിച്ചിട്ടില്ലാത്ത തോതിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ കേന്ദ്ര സായുധ പൊലീസ് സേനാ (സിഎപിഎഫ്) യൂണിറ്റുകളെ ബംഗാളിലേക്ക് അയച്ചത്.
2,407 കമ്പനികളിലായി 2.5 ലക്ഷം സേനാംഗങ്ങള്‍. സംസ്ഥാനത്തെ 30 വോട്ടര്‍മാര്‍ക്ക് ഒരു സായുധ പൊലീസ് എന്ന അനുപാതം. ഭീകരാക്രമണങ്ങളുടെ ഭീഷണിയിലായിരുന്ന ജമ്മു-കശ്മീരില്‍ പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അവിടെ സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ടത് 900 സിഎപിഎഫ് കമ്പനിയാണ്. മണിപ്പുരില്‍ കലാപത്തിന്റ പാരമ്യത്തിലും 290 കമ്പനികളിലായി 29,000 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളാണ് ക്രമസമാധാനപാലനത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴും അക്രമം തുടരുന്ന മണിപ്പുരില്‍ നിന്നുള്ള സേനാംഗങ്ങളെയും, കശ്മീരില്‍ കലാപകാരികളെ നേരിടാന്‍ വിന്യസിച്ചിരുന്ന ബുള്ളറ്റ്പ്രൂഫ് കവചിതവാഹനങ്ങളും ബംഗാളിലേക്ക് വിടേണ്ട അടിയന്തരാവസ്ഥ സൃഷ്ടിച്ചത് ആരാണ്?’
ബംഗാള്‍ പിടിച്ചടക്കാന്‍ മോദി സര്‍ക്കാര്‍ ഫ്രഞ്ച് ദസ്സൊ റഫാല്‍ ജെറ്റ് സ്ക്വാഡ്രണ്‍ ഒഴികെ മറ്റെല്ലാ സൈനിക ശേഷിയും ഉപയോഗിച്ചു’ എന്ന് മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എംപി അഭിഷേക് ബാനര്‍ജി പരിഹസിക്കുന്നത്, അര്‍ധസൈനിക ഉപരോധത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വലിയൊരു വിഭാഗം വോട്ടര്‍മാരെ ഭീതിയിലാഴ്ത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയാണ്. പോളിങ് ബൂത്തിന്റെ ചുമതലയുള്ള ടിഎംസി പ്രവര്‍ത്തകരെയും മറ്റും ‘കുഴപ്പക്കാര്‍’ എന്നു മുദ്രകുത്തി കരുതല്‍ തടങ്കലിലാക്കുന്നതിനു പട്ടിക തയാറാക്കി ഒന്നാംഘട്ട പോളിങ്ങിനു മുന്‍പ് 1,543 പേരെ അറസ്റ്റു ചെയ്തു എന്ന പരാതിയില്‍ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടപെട്ടിട്ടും രണ്ടാംഘട്ട വോട്ടെടുപ്പിനു തൊട്ടു മുന്‍പും തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു പുറത്തിറക്കാതിരിക്കാന്‍ ചില പൊലീസ് ഒബ്സര്‍വര്‍മാര്‍ രംഗത്തിറങ്ങി എന്ന് ടിഎംസി കുറ്റപ്പെടുത്തുന്നുണ്ട്. ഒഡീഷയില്‍ നിന്നുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞ് മഹുവ മൊയ്ത്ര എംപി വീഡിയോ സന്ദേശം ഇറക്കിയിരുന്നു. ഇത്തരത്തില്‍ 95 പൊലീസ് നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മിഷന് ഇറക്കുമതി ചെയ്തിരുന്നു.
സംസ്ഥാനത്ത് 173 പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 483 ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക് ഷന് കമ്മിഷന് സ്ഥലംമാറ്റി – കേരളത്തിലും തമിഴ്നാട്ടിലും അസമിലുമായി മൊത്തം 23 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ബംഗാളില്‍ ഇലക് ഷന് കമ്മിഷണര്‍ നിയമിച്ച, ഏപ്രില്‍ 30ന് വിരമിക്കേണ്ടിയിരുന്ന ഡിജിപിക്ക് ആറുമാസത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍വീസ് നീട്ടിക്കൊടുത്തിരിക്കുന്നത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിച്ച ഇടതുമുന്നണിയുടെ 34 വര്‍ഷത്തെ സമഗ്രാധിപത്യത്തിന് അന്ത്യംകുറിച്ച്, കഴിഞ്ഞ 15 വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ഭരണകൂടത്തിന്റെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നേതൃനിരയുടെയും ആര്‍എസ്എസ് ഘടകങ്ങളുടെയും സര്‍വശക്തിയും ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ യുദ്ധപ്രഖ്യാപനം രാഷ് ട്രീയ, പ്രത്യയശാസ്ത്ര തലങ്ങളില്‍ നിന്നു മതം, ഭാഷ, സംസ്കാരം, ഭക്ഷണം, രോഹിംഗ്യ മുസ് ലിം – ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ (‘ഘുസ്പൈഠിയാ’) മുന്‍നിര്‍ത്തിയുള്ള വര്‍ഗീയ ധ്രുവീകരണം, ദേശീയ പൗരത്വ രജിസ്റ്റര്‍, സ്ത്രീസുരക്ഷ, ഭരണവിരുദ്ധ വികാരം, അഴിമതി, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ സംവാദങ്ങളിലേക്കു നീങ്ങും മുന്‍പേ, രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വോട്ടര്‍പട്ടികയുടെ വിശേഷ തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആര്‍) ദശലക്ഷകണക്കിന് മനുഷ്യരെ പൗരത്വ അസ്തിത്വപ്രതിസന്ധിയുടെയും വോട്ടവകാശ നിഷേധത്തിന്റെയും കൊടുംയാതനകളിലേക്ക് തള്ളിവിട്ടു. ഇത്തവണ ഇലക് ഷന് ഡ്യൂട്ടിയിലായിരുന്ന 65 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബംഗാളില്‍ 90.8 ലക്ഷം പേരാണ് വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടത്.
തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തിടുക്കത്തില്‍ നടപ്പാക്കുന്ന എസ്ഐആര്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരായി വാദിച്ച മുഖ്യമന്ത്രിയാണ് മമതാ ബാനര്‍ജി. എസ്ഐആറിന്റെ നിയമപരമായ സാധുതയും നിലനില്പും ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഇനിയും തീര്പ്പുകല്പിക്കാതെ, കമ്മിഷന് അനുകൂലമായ ഇടക്കാല ഉത്തരവുകളിലൂടെ പ്രായോഗിക മാര്‍ഗനിര്‍ദേശം നല്‍കിവരുന്ന സുപ്രീം കോടതി, കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാളിലെ എസ്ഐആര്‍ പ്രക്രിയയില്‍ ജുഡീഷ്യല്‍ പങ്കാളിത്തത്തിനുള്ള അസാധാരണ തീരുമാനമെടുത്തതോടെ എസ്ഐആറിനെതിരായ നിയമപോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുന്ന സ്ഥിതിയുണ്ടായി.2025 ഡിസംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 63 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തിരുന്നു.
അവശേഷിക്കുന്ന ഏഴു കോടി വോട്ടര്‍മാരില്‍ 30 ലക്ഷം പേര് പുതിയ എസ്ഐആറിന് അടിസ്ഥാനമാക്കിയ 2002-ലെ വോട്ടര്‍പട്ടികയിലെ വിവരങ്ങളുമായി ‘മാപ് ചെയ്യപ്പെടാത്തവര്‍’ ആയിരുന്നു; 1.20 കോടി പേര് ‘ലോജിക്കല്‍ ഡിസ്ക്രിപ്പന്‍സി’ (യുക്തിപരമായ പൊരുത്തക്കേട് – പരസ്പരവിരുദ്ധമായ വിവരങ്ങള്‍) എന്ന പുതിയൊരു വിഭാഗത്തില്‍പെടുന്നവരും. 2002-ലെ പട്ടികയില്‍ പേരുണ്ടെങ്കിലും ഒരു സോഫ്റ്റ് വെയറിന്റെ ഐഐ അല്ഗൊരിതമില്, പഴയ പട്ടികയിലും പുതുതായി സമര്‍പ്പിക്കപ്പെട്ട രേഖകളിലും പേരുകളിലെ സ്പെല്ലിങ്ങില്‍ – ബംഗാളിയില്‍ നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റുമ്പോള്‍ – വ്യത്യാസം കാണുക, ആറില്‍ കൂടുതല്‍ വോട്ടര്‍മാരെ ഒരേ പൂര്‍വികന്റെ പേരിനൊപ്പം ചേര്‍ക്കുക, വോട്ടറും മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസം 15-ല്‍ താഴുകയോ 45 കടക്കുകയോ ചെയ്യുക, വോട്ടറുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും പ്രായവ്യത്യാസം 40-ല്‍ താഴെയാവുക, പേരും ജെന്‍ഡറും തമ്മില്‍ പൊരുത്തപ്പെടാതിരിക്കുക: ഇതൊക്കെ ലോജിക്കല്‍ ഡിസ്ക്രിപ്പന്സിയാണ്. കരടുപട്ടികയിലെ 1.3 കോടി വ്യക്തികളോട് പ്രത്യേക ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് കമ്മിഷന് നോട്ടീസ് അയച്ചു. ഇതില്‍ ആറു ലക്ഷം പേരുകളാണ് ആദ്യം റദ്ദാക്കപ്പെട്ടത്. തെളിവെടുപ്പ് പൂര്‍ത്തിയായിട്ടും ഇലക്റ്റൊറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്കു തീര്‍പ്പാക്കാനാവാത്ത 60 ലക്ഷം തര്‍ക്കകേസുകള്‍ ‘അഡ്ജുഡിക്കേഷനു’ വിട്ടു.
ഇലക്റ്ററല്‍ ഓഫിസറുടെ അര്‍ധ ജുഡീഷ്യല്‍ ചുമതല വഹിക്കാന്‍ ജില്ലാ ജഡ്ജിയുടെയോ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെയോ പദവിയുള്ള 700 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി കണ്ടെത്താന്‍ കല്‍ക്കട്ട ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. 25 ദിവസം കൊണ്ട് 60 ലക്ഷം വിധിനിര്‍ണയം പൂര്‍ത്തിയാക്കണമായിരുന്നു. 76 ലക്ഷം ലോജിക്കല്‍ ഡിസ്ക്രിപ്പന്‍സി കേസുകള്‍ എങ്ങനെ തീര്‍പ്പാക്കിയെന്നും 60 ലക്ഷം അഡ്ജുഡിക്കേഷനു വിട്ടത് എങ്ങനെയാണെന്നും ആര്‍ക്കുമറിയില്ല.
47 ലക്ഷം അഡ്ജുഡിക്കേഷന് കേസുകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയതായി പറയുന്നു. അഡ്ജുഡിക്കേഷനില്‍ വോട്ടവകാശം നഷ്ടപ്പെട്ട 27 ലക്ഷം പേര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനായി 19 അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ രൂപീകരിക്കാന്‍ മാര്‍ച്ച് 10ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ചീഫ് ജസ്റ്റിസുമാരും മറ്റു ജഡ്ജിമാരും ഉള്‍പ്പെടുന്ന ട്രൈബ്യൂണലുകള്‍ ഒരു ദിവസം 100 അപ്പീലുകള്‍ പരിഗണിച്ചാല്‍ പോലും രണ്ടു വര്‍ഷം കൊണ്ട് പകുതി കേസുകള്‍ പോലും തീര്പ്പാവുകയില്ല.അഡ്ജുഡിക്കേഷനു വിധേയരായതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ – 4.55 ലക്ഷം പേര് – റദ്ദാക്കപ്പെട്ടത് മുര്‍ഷിദാബാദിലാണ്: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മുസ് ലിം ജനസംഖ്യയുള്ള ജില്ല. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുര്‍ഷിദാബാദിലെ ഭഗവാംഗോളയിലെ 2.6 ലക്ഷം വോട്ടര്‍മാരില്‍ 1,06,000 വോട്ടര്‍മാര്‍ ‘അഡ്ജുഡിക്കേഷനില്‍’ ഉള്‍പ്പെട്ടു, 14,000 പേരുകള്‍ നീക്കം ചെയ്തു.
മുര്‍ഷിദാബാദില്‍നിന്നുള്ള 11 ലക്ഷം തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരായുണ്ട്. ഇതില്‍ 4.55 ലക്ഷം പേര്‍ക്ക് എസ്ഐആര്‍ പ്രക്രിയയില്‍ വോട്ടവകാശം നഷ്ടപ്പെട്ടു. കൂടുതല്‍ മുസ് ലിം സാന്നിധ്യമുള്ള മറ്റ് അതിര്‍ത്തി ജില്ലകളിലും സമാനരീതിയില്‍ വോട്ടര്‍മാരെ വെട്ടിനിരത്തി. മാള്ദായില് അഡ്ജുഡിക്കേഷനിലായിരുന്ന 3.25 ലക്ഷം പേരുകള്‍ വെട്ടി, സൗത്ത് 24 പര്‍ഗനാസില്‍ 2.22 ലക്ഷം പേരുകളും. വോട്ടര്‍പട്ടികയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേരെ നീക്കം ചെയ്ത മൂന്ന് ജില്ലകള്‍ നോര്‍ത്ത് 24 പര്‍ഗനാസ് (12,33,309), സൗത്ത് 24 പര്‍ഗനാസ് (10,55,339), മുര്‍ഷിദാബാദ് (7,43,752) എന്നിവയാണ്. സംസ്ഥാനത്ത് മൊത്തം പേരു റദ്ദാക്കപ്പെട്ടവരില്‍ 34.15% ഈ മേഖലയില്‍ നിന്നാണ്.മമതാ ബാനര്‍ജിയുടെ മണ്ഡലമായ ഭബാനിപുരില്‍ മുസ് ലിംകള്‍ 40 ശതമാനം വരും, അവിടെ വോട്ടുറദ്ദാക്കപ്പെട്ടവരില് 90 ശതമാനവും മുസ് ലിംകളാണ്. ഭബാനിപുരില്‍ 51,000 വോട്ടുകള്‍ (മൊത്തം വോട്ടിന്റെ 21%) നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
2021-ല്‍ മമത ജയിച്ചത് 58,800 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. നന്ദിഗ്രാമിലെ വോട്ടര്‍മാരില്‍ 25% മുസ് ലിംകളാണ്. അവിടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തവരില്‍ 95 ശതമാനവും മുസ് ലിംകളാണ്. ബംഗ്ലാദേശില്‍ നിന്നു കുടിയേറിയ നാമശൂദ്ര പട്ടികജാതി ഹിന്ദുക്കള്‍, മത്തുവാ സമുദായക്കാര്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്നവരാണെങ്കിലും എസ്ഐആറിന്റെ കൊടിയ അനീതിക്ക് അവരും ഇരകളായി. അതിര്‍ത്തി മേഖലയില്‍ മത്തുവാ സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖലകളില്‍ സ്ത്രീവോട്ടര്‍മാരെയാണ് കൂടുതലായും വെട്ടിമാറ്റിയിട്ടുള്ളത്.ചരിത്രത്തിലെ ഏറ്റവും കനത്ത പോളിങ് (92.6%) നടക്കുമ്പോഴും കൊല്‍ക്കത്തയിലും മറ്റും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ‘നുഴഞ്ഞുകയറ്റക്കാരെയും ഭീകരവാദികളെയും’ തിരഞ്ഞുനടക്കുകയായിരുന്നു. സിബിഐയും ഇഡിയും ആദായ നികുതി വകുപ്പും ഈ തിരഞ്ഞെടുപ്പുകാലത്ത് ടിഎംസി മന്ത്രിമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി.
മന്ത്രിമാരായ പാര്‍ഥാ ചാറ്റര്‍ജി, ജ്യോതിപ്രിയ മല്ലിക്ക് എന്നിവരെ അധ്യാപക റിക്രൂട്ട്മെന്റ് തട്ടിപ്പ്, റേഷന്‍ വിതരണ അഴിമതിക്കേസുകളില്‍ അറസ്റ്റു ചെയ്തു. പശുക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ടലിനെ സിബിഐ അറസ്റ്റു ചെയ്തു. മന്ത്രിമാരായ സുജിത് ബോസ്, രതിന് ഘോഷ്, സ്ഥാനാര്‍ഥികളായ ദേബാശിശ് കുമാര്‍, മനാബാ കുമാര്‍ പരുവാ എന്നിവര്‍ക്കെതിരെ ഇഡിയും എന്‍ഐഎയും റെയ്ഡ് നടത്തി. ടിഎംസിയുടെ രാഷ് ട്രീയ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഐ-പാക് സഹസ്ഥാപകന്‍ വിനേഷ് ചന്ദേലിനെ ഹവാല പണമിടപാടു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടക്കുന്നതിനിടെ മമതാ ബാനര്‍ജി സ്ഥലത്ത് എത്തി ചില രേഖകള്‍ എടുത്തുകൊണ്ടുപോയത്രെ.
മമതയുടെ സുരക്ഷയുടെ ചുമതല വഹിച്ചിരുന്ന കല്‍ക്കട്ട പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ഡപ്യൂട്ടി കമ്മിഷണര്‍ ശാന്തനു സിന്‍ഹ ബിസ്വാസിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി.തിരഞ്ഞെടുപ്പ് റാലിയില്‍ ജാദവ്പുര്‍ സര്‍വകലാശാലയെ ഭീകരവാദികളുടെ കളരിയെന്നു വിശേഷിപ്പിച്ച് പുലിവാലു പിടിച്ച പ്രധാനമന്ത്രി മോദി, തന്റെ ക്യാമറയുമായി ഹൂഗ്ലി നദിയിലൂടെ ബോട്ടുസവാരി നടത്തി ബംഗാളിന്റെ ആത്മാവിലൊഴുകുന്ന ഗംഗയെയും മാ കാളിയെയും സ്തുതിച്ച് കുറിപ്പെഴുതിയപ്പോള്‍, ഡല്‍ഹിയിലെ മലിനമായ യമുനയെക്കുറിച്ച് മമത അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ബംഗാളി സംസ്കാരത്തെയും ഭക്ഷണശീലങ്ങളെയും അട്ടിമറിക്കാനും ബിജെപി ശ്രമിക്കുമെന്ന മമതയുടെ മുന്നറിയിപ്പിനു മറുപടിയെന്നോണം, കേന്ദ്രമന്ത്രി സുകാന്താ മജുംദാര്‍ വെളിപ്പെടുത്തിയത് തങ്ങളുടെ മുഖ്യമന്ത്രി നോണ്‍ വെജിറ്റേറിയനായിരിക്കും എന്നാണ്. ‘മാഝേ ഭാത്തേ ബാംഗളി’ ശൈലിയില്‍ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കുറും മനോജ് തിവാരിയും ചോറും മീന്‍കറിയും കഴിക്കുന്ന വീഡിയോ സാഘോഷം ഷെയര്‍ ചെയ്തു.
ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍, പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പുകാലത്ത് പതിവുള്ള ആധ്യാത്മിക പരിവേഷത്തിലായിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തി മോദി തൃശൂലവും ഡമരുവും ഉയര്‍ത്തിപ്പിടിച്ചു.————————-

