കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ പേരിൽ മത്സരരംഗത്ത് ഉള്ളവർ സമുദായത്തിന്റെ പ്രതിനിധികൾ അല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത. ലത്തീൻ സമുദായത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതിന് കൊല്ലം രൂപതയോ കെആർഎൽസിസിയോ തീരുമാനിച്ചിട്ടില്ല. വ്യക്തിപരമായി മത്സരിക്കുന്ന ആളുകൾ സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നതു തെറ്റായ പ്രവണതയാ ണെന്ന് കെഎൽസിച്ചു പറഞ്ഞു.
പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തം കൈകൊണ്ടിട്ടുള്ള ലത്തീൻ സമുദായം ഈ തെരഞ്ഞെടുപ്പിലും ആ നിലപാടിൽ നിന്ന് പിന്നോക്കം പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കെ എൽ സി എ പറഞ്ഞു. എഡിസൺ അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി രൂപതാ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജാക്സൺ നീണ്ടകര, അനിൽ ജോൺ, വിൻസി ബൈജു, അഡ്വ ഫാൻസിസ് നെറ്റൊ, ജോസഫ്കുട്ടി കടവിൽ, ഡൊമിനിക് ജോസഫ്, സലി സക്കറിയാസ്, അജിത ജോർജ്, ജോസ് ക്ലാപ്പന, റോണാ റിബൈറോ, ഡൽസി ആന്റണി എന്നിവർ പ്രസംഗിച്ചു.
