ഗുവാഹത്തി: മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്സി പ്രൊവിന്ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.
മരണത്തിന് തലേദിവസം അവര്‍ രോഗീലേപന കൂദാശ സ്വീകരിച്ചിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ സമര്‍പ്പിത സേവനത്തിന് നന്ദിയര്‍പ്പിച്ചും പ്രാര്‍ഥനകളോടെയും വിശ്വാസികള്‍ മഹാമിഷണറിയ്ക്ക് യാത്രാമൊഴിയേകി. 1935 മാര്‍ച്ച് 11-ന് ഒരു നേപ്പാളി ഹിന്ദു കുടുംബത്തില്‍ ലക്ഷ്മി ഥാപ്പ എന്ന പേരില്‍ ജനിച്ച അവര്‍, യുവതിയായിരിക്കെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് അറിയുകയും അത് സ്വീകരിക്കുകയും ചെയ്തു. 1953-ല്‍ എംഎസ്എംഎച്ച്സി സ്ഥാപകനായ ബിഷപ് സ്റ്റീഫന്‍ ഫെറാന്ഡോയില് നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു. തുടര്‍ന്ന് 1956 ഡിസംബര്‍ 8-ന് സന്ന്യാസ വ്രതവാഗ്ദാനം നടത്തി. മിഷനറി സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു പിന്നീട് അവരുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്.
1970-ല്‍ എംഎസ്എംഎച്ച്സി സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട മദര്‍ ഥാപ്പ 1988 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട നേതൃത്വത്തില്‍, സഭയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ അതിന്റെ ദൗത്യവും സ്വത്വവും രൂപപ്പെടുത്തുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചു. അവരുടെ മാര്‍ഗനിര്‍ദേശപ്രകാരം, വടക്കുകിഴക്കന്‍ ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ-ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ സഭയുടെ സേവനങ്ങള്‍ വിപുലീകരിക്കപ്പെട്ടു.
ലാളിത്യം, ആഴമായ പ്രാര്‍ഥനാ ജീവിതം, മിഷനറി തീക്ഷ്ണത എന്നിവയ്ക്ക് പേരുകേട്ട മദര്‍ ഥാപ്പ തലമുറകളായുള്ള സന്ന്യാസിനികള്‍ക്കും വിശ്വാസികള്‍ക്കും പ്രചോദനമായിരുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വനിതാ സന്ന്യാസ സമൂഹമാണ് 1942 ഒക്ടോബര്‍ 24-ന് ബിഷപ് സ്റ്റീഫന്‍ ഫെറാന്‍ഡോ ഗുവാഹത്തിയില്‍ സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ്. ഇന്ന് ഇന്ത്യയിലെ ആറ് പ്രൊവിന്‍സുകള്‍ക്ക് പുറമെ ഇറ്റലിയിലും ആഫ്രിക്കയിലും മിഷന് കേന്ദ്രങ്ങളുള്ള സഭ ലോകമെമ്പാടും സേവനം ചെയ്യുന്നു.
2024 ജനുവരിയില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ടാമത്തെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ക്രിസ്റ്റിന് മൈന്സോംഗ് ഇപ്പോള്‍ സഭയെ നയിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ (നെസ്കോം) ചെയര്മാന് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഹെംറോം മദറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ‘വിശ്വാസത്തിന്റെയും വിനയത്തിന്റെയും മിഷനറി പ്രതിബദ്ധതയുടെയും സാക്ഷ്യമായിരുന്നു മദര്‍ ഥാപ്പ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മദര്‍ മേരി റോസ് ഥാപ്പയുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്, എന്നാല്‍ അവര്‍ പകര്‍ന്നുനല്‍കിയ മിഷനറി ചൈതന്യം വടക്കുകിഴക്കന്‍ ഇന്ത്യയിലെ സഭയ്ക്ക് എന്നും പ്രചോദനമായി തുടരുമെന്നും അദ്ദേഹം അനുസ്മരിച്ചു.

