ഫാ. സിബു ഇരിമ്പിനിക്കല്‍

വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള് പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള് ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.
പിറന്ന മണ്ണില്‍ ഇടമില്ലാത്തവര്‍ക്ക് സമര്‍പ്പിച്ച, 2022ല്‍ പിറന്ന നോവലാണ് ഷീലാ ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’. മുനാ ഹസ്സന്റെ മനസ്സില്‍ ഉറവ പൊട്ടിയ നദി. ഒഴുകുന്നത് എതിലേയെന്നറിയാത്ത, ഭൂപടത്തില്‍ ഇല്ലാത്ത നദികളുടെ കഥകളാണീ നോവല്‍. നാലു കണ്ണുകള്‍, പരസ്പരം നോക്കിയ രണ്ടുപേര്‍, പേരില്ലാത്ത അവരുടെ കണ്ണീര് നദിയുടെ പേര് ചോദിക്കരുതെന്നു പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്. മിഴി നിറഞ്ഞു തുളുമ്പി നില്ക്കുന്ന ജനത ലോകത്തെ നോക്കുന്നുണ്ടിവിടെ. ഷീല ടോമിയുടെ ‘വല്ലി’യാണ് ആദ്യം വായിച്ച നോവല്‍. എത്ര തീക്ഷ്ണമാണ് വല്ലിയിലെ വാക്കുകളും പരിസരവുമെന്ന് അദ്ഭുതം അവസാനിക്കും മുന്‍പ് ‘നദി ‘ഞെട്ടിക്കുന്ന വായനാനുഭവം നല്കി.
യേശുവിന്റെ കാലം മുതല്‍ കൊവിഡ് കാലംവരെയുള്ള മനുഷ്യചരിത്രത്തിലെ ചില കാല്പാടുകള് ആ നദിയുടെ തീരത്തു പതിഞ്ഞു കിടക്കുന്നു. മലയാളിയായ മെത്തപ്പലേത് റൂത്തിന്റെ കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ‘ആ നദിയോട് പേര് ചോദിക്കരുത്” എന്ന് നോവലിനെക്കുറിച്ചു വി. മുസഫര്‍ അഹമദ് എഴുതുന്നു.
ഭൂമിയില്ലാത്തവന്റെ പൊള്ളല്‍
തീ പിടിച്ച നഗരങ്ങള്‍ സാക്ഷി പറയുന്ന കഥയാണിത്. ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഭയം കൊണ്ടു ജനതയെ നിശബ്ദരാക്കുന്ന ഭരണകൂടങ്ങള്‍ക്കും ഒരേ മുഖമാണെന്ന് അറിയാത്തവര്‍ ഇനിയുമുണ്ടോ? ദേശങ്ങളും ഭാഷകളും മാറിയാലും അധിനിവേശത്തിന്റെ ബുള്‍ഡോസറുകള്‍ക്ക് ഒരേ രൂപമാണെന്ന് നോവലിസ്റ്റ് പറയുന്നു. റൂത്ത് എന്ന മലയാളി നഴ്സിന്റെ സഞ്ചാരവഴികളിലൂടെ ദേശങ്ങളുടെയും മനുഷ്യരുടെയും അനാഥത്വത്തിന്റെ ചിത്രം തെളിയുന്നു. ഒരു പക്ഷേ ജറുസലേം ഉള്‍പ്പെടുന്ന ഇസ്രയേലും പലസ്തീനും മലയാള നോവലിന്റെ എഴുത്തു വഴിയെ തീവ്രമായി പൊള്ളിക്കുന്നത് ആദ്യമാണ്. വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള് പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള് ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.
ഗന്ധമാപിനി അളക്കുന്ന ജീവിതം
ഗന്ധം വികാര വിചാരങ്ങളുടെയും മനുഷ്യപ്രകൃതിയുടെയും ജീവിതാവസ്ഥകളെയും ദേശങ്ങളെയും അടയാളപ്പെടുത്താന്‍ ലോക സാഹിത്യത്തില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ 1980കളില്‍ മാനവിക വിഷയങ്ങളുടെ പഠനത്തില്‍ ആരംഭിച്ചു. ഗന്ധം ഒരു ഇന്ദ്രിയധര്മ്മമെന്ന നിലയിലും ഒരു പ്രതിഭാസമെന്ന നിലയിലും ജ്ഞാന വഴിയില്‍ ധാരാളം പഠനം ആവശ്യപ്പെടുന്നു. സാഹിത്യത്തില്‍ ഗന്ധത്തിനു പ്രത്യേക ഇടം ഉണ്ട്. നിര്‍വചിക്കാനാവാത്ത ഒന്നായാണ് ഗന്ധം നിര്‍വചിക്കപ്പെട്ടിരുന്നത് (ഠശാമലൗെജഹമീേ, ഉല അിശാമഅൃശേെീഹേല).
എത്രയോ കാലമായി മന:ശാസ്ത്രം കൈയടക്കിയ സാഹിത്യ പഠനത്തിലെ മേല്‍ക്കൈയെ പുതിയ ശാഖകള്‍ വെല്ലുവിളിക്കുന്നു. ഗന്ധം ഉള്‍പ്പെടെ മനുഷ്യന്റെ മൊത്തത്തിലുള്ള ധാരണയുടെ ഉപകരണമായി വര്‍ത്തിക്കുന്ന സകലത്തേയും സാഹിത്യം അതിന്റെ മര്‍മ്മമായും തലച്ചോറായും ചേതനനിലയമായും ഇന്ന് കരുതുന്നു. ‘
അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയ സാധ്യതകളുടെ താരതമ്യത്തില്‍ ഗന്ധം സാഹിത്യത്തില്‍ പ്രസക്തമാകുന്നു. മലയാള നോവലില്‍ ഇത്തരമൊരു പഠനത്തിന് ഏറ്റവും യോജിച്ച ആദ്യ നോവല്‍ ആകാം ഇത്.
ഗന്ധങ്ങളുടെയും സ്പര്‍ശത്തിന്റെയും അടയാളപ്പെടുത്തല്‍ നോവലില്‍ ഉടനീളം നമ്മെ വിസ്മയിപ്പിക്കും. കാലത്തെയും ദേശത്തെയും, സ്ത്രീയും പുരുഷനുമാകുന്ന മനുഷ്യരെയും പ്രകൃതിയെയും ഗന്ധത്താല്‍ അനുഭവിപ്പിക്കാന്‍ കഴിയുന്ന എഴുത്തിനെ അതുല്യമെന്നേ വിശേഷിപ്പിക്കാനാവു.
വാക്കുകളും മനുഷ്യരും ദേശവും സമയവും പ്രകൃതിയും ഈ നോവലില്‍ അടയാളമിടുന്നത് ഗന്ധത്താലാണ്.
ഈ നോവലിലെ വാക്കുകള്‍ക്കു ഗന്ധമുണ്ട്. വ്യഥകളുടെ കണ്ണീര്നദിക്കു പേരില്ലാതായിട്ടും അവയുടെ ഗന്ധം നല്കിയ വെളിപാടില്‍ നാം വിചാരവികാരങ്ങളില്‍ വിമലീകരിക്കപ്പെടുന്നു.
കരിഞ്ഞ മാംസത്തിന്റെ ഗന്ധം വിങ്ങിയ പകലിന്റെ പരിസരത്തിലാണ് നോവല്‍ വികസിക്കുന്നത്. നഗരത്തിനു മണമുണ്ട് വെടിമരുന്നിന്റെ, സമയവും സ്ഥലവും ഓര്‍മ്മയും ഗന്ധം കൊണ്ടു രേഖപെടുത്തുകയാണിവിടെ. ”വര്‍ഷങ്ങള്‍ക്കുശേഷവും ആ ദിനത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്നെ ശ്വാസം മുട്ടിക്കുന്നു.” മുറിപ്പെടുത്തുന്ന ദുരന്തകാലത്തെ മാത്രമല്ല ഗന്ധം പേറുന്നത്. വെണ്ണയുടെയോ ഒലിവെണ്ണയുടെയോ മണമാണ് മാമയുടെ മണം എന്ന് പറയുന്നിടത്തു എത്ര അലിവുള്ള മനുഷ്യനെയാണ് വായിച്ചെടുക്കുന്നത്. എന്നാല്‍ ശ്വാസത്തോളം അരികില്‍ വന്നു നിന്ന ഫ്രഡിയുടെ മണം ഭയപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകളുടെ പൂപ്പല്‍ മണമുള്ള ദേരാ. മരുഭൂമിയുടെ ഈണവും ഗന്ധവും റൂത്തിന്റെ മനസ്സില്‍ പടരുന്നത് വായിച്ചെടുക്കാം.
ഗന്ധമെന്ന മൂന്നാം കണ്ണ്
കാഴ്ച കുറയുന്ന ആബായ്ക്കു കേള്‍വിയും ഗന്ധവും സ്പര്‍ശവും ശക്തമാകുന്നു. അയാളുടെ മൂന്നാം കണ്ണ് സദാ തുറന്നിരിക്കുമെന്ന് പറയുന്ന നോവലിസ്റ്റ് വായനക്കാര്‍ക്കായി തുറക്കുന്ന മൂന്നാം കണ്ണാണ് ഗന്ധം. രാത്രിക്ക് കടലിന്റെ മണമോ, പ്രാവിന്റെ മണമോ എന്ന ചോദ്യത്തില്‍ കാലവും സങ്കീര്‍ണത നിറഞ്ഞ സങ്കടക്കടലും അനേകം സമസ്യകളും ഇരുട്ടിലൊളിച്ചിരിക്കുന്നത് നമ്മള് അറിയും.
പക്ഷേ ഗന്ധം നോവലില്‍ ഏറെയും, വേവുന്ന മനുഷ്യ മാംസത്തിന്റെയും ജീവന്റെയും നിലവിളികളായാണ്. മരണത്തിന്റെ മണം ആപ്പിള്‍ മണമുള്ള വീട്ടില്‍ കനത്തു നില്‍പ്പാണ്, പൊള്ളുന്ന പനിയുടെ വിയര്‍പ്പിന്റെ ഗന്ധത്തിനൊപ്പം. കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ദിനങ്ങളില്‍ താരാട്ടിന്റെയും തീക്ഷ്ണ ഗന്ധം അതുതന്നെ. ദുരന്തങ്ങളുടെ അടയാളമിടാന്‍ നോവല്‍ തുറന്ന മൂന്നാം കണ്ണാണ് ഗന്ധം.
ഇവിടെ ചിന്തയ്ക്കുപോലും വെടിമരുന്നിന്റെ ഗന്ധമാണ്. മണക്കുന്നതില്‍ ഒരു രാഷ്ട്രീയം. മണക്കുന്നതില്‍ ഒരു പ്രതിരോധവും. ഈ നോവല്‍ ശ്വസിക്കാന്‍ കൂടെ ഉള്ളതാണ്. നോവലുകള്‍ വായിക്കുമ്പോള്‍ രുചിയും സാംസ്കാരിക ശീലങ്ങളും നിറവും പോലെ തന്നെ ഗന്ധവും പ്രധാനമാവുന്നു.
തിരസ്കാരത്തിന്റെ മണിക്കൂറുകള്‍
പുരാതനമായ ഒരായിരം വേദനകളുടെ പെരുക്കങ്ങളാല് അടയാളമിട്ട ഇടം, ക്രിസ്തുവിന്റെ സഹനവഴിയിലൂടെ നോവല്‍ പുതിയ കാലത്തെ മനുഷ്യ വേട്ടയുടെ ഇരകളുടെ കണ്ണീര് നദി ഒഴുകുന്നത് എഴുതുന്നു.
2021 ഏപ്രില്‍ 1ലെ പെസഹാവ്യാഴം നാസറെത് വ്ളോഗ്ഗര്‍ ‘മക്കാമ്പി പടവുകള്‍ കാണിക്കുന്നു ‘, അവസാന അത്താഴം കഴിഞ്ഞു കുന്നിറങ്ങി, ഒലിവുമലയിലെ ഗദ്സമെന്‍ തോട്ടത്തിലേക്കു ഈശോ നടന്ന പാത. കുറ്റവാളിയെപ്പോലെ വലിച്ചിഴക്കപ്പെട്ട പാത. റൂത്തും കൂട്ടരും നടക്കുന്ന വഴികളിലെ പുരാതന നൊമ്പരത്തില്‍ മനുഷ്യസഞ്ചാരത്തിലെ നിത്യ നൊമ്പരത്തെ കാണാതെ ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല. ദൈവപുത്രനും അവന്റെ സഹനവും സ്ഥലവും സമയവുമുള്ള മനുഷ്യചരിത്രത്തെ സ്വന്തം രക്തം കൊണ്ടു വിമലീകരിച്ച വഴിയാണ് മനുഷ്യരുടെ വിമോചനവഴി. അതിനാലാണ് ‘പുരാതനമായ ഒരായിരം വേദനയുടെ പെരുക്കങ്ങള്‍ ‘ റൂത്ത് അറിയുന്നത്. ‘എല്ലാവരാലും തിരസ്കരിക്കപ്പെട്ട മണിക്കൂറുകളില്‍’ കടന്നുപോകണം. നോവലിസ്സ്റ്റ് പിടയുന്നത് റൂത്തിന്റെ നിലവിളികളായി പുസ്തകത്തില്‍ നിന്നു പുറത്തേക്കു കേള്‍ക്കാതെ നോവല്‍ വായന തുടരാനാവില്ല. റൂത്തിനെ സി. മെറ്റില്‍ഡയുടെ അടുത്ത് എത്തിക്കുന്നത് മലയാളി തീര്‍ത്ഥാടകരുടെ സംഘമാണ്. പക്ഷേ നിരന്തരമായ പലായനങ്ങളുടെ തുടര്ച്ചയിലേക്കാണ് റൂത്തിന്റെ ആത്മാവിനെ നമ്മള് കാണുന്നത്. റൂത്തിന്റെ നസ്രത്തിലെ സ്നേഹിത മറിയം പറയുന്നതും ‘കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ പലായനങ്ങളുടെ ചരിത്രത്തെക്കുറിച്ചാണ്’.
മനുഷ്യപുത്രന്മാരുടെ പലായനം
പലായനങ്ങളുടെ ചരിത്രമാണോ മനുഷ്യ ചരിത്രം?
മനുഷ്യന്റെയും മനുഷ്യവംശത്തിന്റെയും. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പലായനം. പിറക്കാന്‍ ഇടം തേടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചരിത്രം, ഇപ്പോഴും പിറന്ന നാട്ടില്‍ നിന്നു പിഴുതു മാറ്റപ്പെടുന്ന ലക്ഷക്കണക്കായ മനുഷ്യരുടെ ജീവിതം എന്നിവ ഈ ചോദ്യത്തെ പ്രസക്തമാക്കുന്നു.
‘കാറില്‍ എഫ് എം റേഡിയോ, ഹീബ്രുവിലായിരിക്കണം, നിര്‍ത്താതെ ചിലയ്ക്കുന്നു. നാടുകടത്തപ്പെട്ടവരുടെ നിശബ്ദത ആ കലപിലകള്‍ക്കിടയില്‍ മുങ്ങി’. റുത്തും സിസ്റ്റര്‍ മെറ്റില്‍ഡയും കാറില്‍ യാത്ര ചെയ്യുകയാണ്. നിശബ്ദത പോലും മുങ്ങിപ്പോകുന്ന തരത്തില്‍ അതിന്റെ ഉടമസ്ഥര്‍ അത്രയ്ക്ക് നിസ്സഹായരാണ്. ലക്ഷക്കണക്കായ കുരുന്നുകളുടെ, ദരിദ്രരുടെ, അതിദരിദ്രരുടെ, ബോംബുവര്‍ഷത്തില്‍ ചിന്നിച്ചിതറുന്നവരുടെ, തീവ്രവാദികളുടെ താണ്ഡവമേറ്റവരുടെ, ഭരണകൂടഭീകരതയുടെ ഇരകളുടെ, ആദിവാസികളുടെ, ദളിതരുടെ നിലവിളിയും നിശബ്ദതയും, ഭരണകൂടം സ്പോണ്സര് ചെയുന്ന മസാലക്കഥകളുടെ നിറത്തിലും ആരവത്തിലും അന്തിച്ചര്‍ച്ചയിലെ അജണ്ടകളിലും കുഴിച്ചു മൂടുന്നതിനെ ഈ വാചകത്തില്‍ നമ്മള് വായിക്കും. ഇതു സകലദേശത്തിലെയും കഥയാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനുഷ്യ സ്നേഹമുള്ളവരുടെ ഉള്ളം പൊള്ളും.
*മരണനിഴലിന്റെ താഴ് വരയ്ക്കപ്പുറം*
‘അല്ലയോ മൂഢരേ, സത്യത്തിനു മരണമില്ലെന്നു വിശ്വസിക്കാത്തതെന്ത്?’ എമ്മാവുസിലേക്ക് പോയ ശിഷ്യരോടൊപ്പം സഞ്ചരിച്ച ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ചോദിച്ച ചോദ്യമാണിത്. ക്രിസ്തു മരിച്ചുവെന്നു കരുതിയ ശിഷ്യരോടാണ് ഈ ചോദ്യം. ഷീല ടോമിയുടെ നോവല്‍ ഭാഷയിലേക്ക് ഇവിടെ ചോദ്യത്തെ പരാവര്‍ത്തനം ചെയ്തിരിക്കുന്നു. സത്യത്തിനൊപ്പം സഞ്ചരിക്കുന്നവര്‍, സത്യത്തിനൊപ്പം ഭക്ഷണം കഴിക്കുന്നവര്‍, അവര്‍ക്കു വേണ്ടിയാണ് നോവലിസ്റ്റിന്റെ എഴുത്ത്. മുന്‍പൊരിടത്തു മറിയത്തെക്കുറിച്ചു എഴുതുന്നുണ്ട്, ‘നിലാവിലേക്കു നടക്കുന്ന മറിയം, കാണെക്കാണെ നിലാവാകും.’ മനുഷ്യന് മോഹിക്കാവുന്ന ഉദാത്തമായ ജീവിതയാത്ര ഇതല്ലേ!അവസാനിക്കാത്ത പ്രതീക്ഷയുടെ ചായക്കൂട്ടുകള്‍ ആകാശത്തു തൊട്ടാണ് ഷീല ടോമിയുടെ നോവല്‍ നദി താളുകളില്‍ ഒഴുകുന്നത്.
‘ആകാശം ഭൂമിയെ തൊടുന്ന ഒരു കോണിന് ചായം പടര്‍ന്നു തുടങ്ങി മരുഭൂമിയുടെ അതിരില്‍ നിറങ്ങള്‍ നിറഞ്ഞു കവിയുന്നു.’ മരണവും കടന്നൊരു യാത്രപോലെ പിന്നീട് തോന്നാവുന്ന യാത്ര വഴിതിരിയുന്നതിനെ അടയാളപ്പെടുത്തുകയാണ്. മനുഷ്യസ്പര്‍ശമുള്ള ഒരിടം, ഒരു മരബെഞ്ച്, മരണത്തില്‍ നിന്നു ജീവിതത്തിലേക്ക് ഒരു പാലം. മനുഷ്യരക്ഷയുടെ അടയാളമായി എല്ലായിടത്തും കാണുന്ന കുരിശുപോലെ തോന്നി ”മരബഞ്ച്.” ‘മരണ നിഴലിന് താഴ്വരയില് കൂടി നടന്നാലും ഞാന്‍ ഒരനര്‍ത്ഥവും ഭയപ്പെടുകയില്ല. നീ എന്റെ കൂടെയിരിക്കുന്നുവല്ലോ.’ നോവലിസ്റ്റ് സങ്കീര്‍ത്തനം റൂത്തിനു നല്കി. അമ്മച്ചിയുടെ കൂട്ടാണവള്ക്ക് ഈ കീര്‍ത്തനം. മരുഭൂമിയിലെ ബദുഇനുക്കളില് ഒരുവളുടെ മസാലച്ചായ കുടിച്ചവള് പിന്നെയുമെത്രയോ ബൈബിള്‍ വാക്യങ്ങള്‍ ചൊല്ലി ആത്മാവിനെ തണുപ്പിച്ചു കാണും.
മനുഷ്യര്‍ ദേശം രാഷ്ട്രീയം
പൊള്ളലേല്‍ക്കുന്ന ദേശങ്ങളിലെ, തീ പിടിച്ച തെരുവിന്റെ ആലിംഗനത്തില്‍ ഉടല് പൊള്ളുന്ന മനുഷ്യര്‍ ഈ നോവലിന്റെ വേവുന്ന മനുഷ്യപക്ഷം പറയുന്നു. ശരാശരി മനുഷ്യരുടെ നരച്ചുവിളറിയ ജീവിതത്തെ തരിശുഭൂമിയെന്ന് പറയുന്ന നോവലിസ്റ്റ് ദുരിതകാലത്തേയും ദുരിതദേശങ്ങളെയും നോക്കുന്നതും കാണുന്നതും ശ്വസിക്കുന്നതും സ്പര്‍ശിക്കുന്നതും മനുഷ്യര്‍ക്ക് വേണ്ടിയാണ്.
മനുഷ്യര്‍ തിരസ്കൃതരാകുന്ന വിധം ഓരോ ജീവിതത്തിലും വ്യതസ്തമാണല്ലോ. സമ്പന്നരെ സമയമില്ലായ്മയാല് ഇനിയും അനുഗ്രഹിക്കണമെന്ന പ്രാര്‍ത്ഥന റൂത്തിന്റെ പക്ഷമാണ്.
കാരണം ആരുമില്ലാത്ത മനുഷ്യരെ കേട്ടിരിക്കാന്‍ ‘ജോലിക്കാരെ’ നിയമിക്കുന്ന കാലമാണ് നോവലിലെ മനുഷ്യരുടേത്. ഇത്തരം സമാനതകളാല്‍ (നന്മയും തിന്മയും ഉള്‍ക്കൊള്ളുന്ന )’ശലോം’ പോലെ ‘പടമല’യും നമ്മുടെ വായനയില്‍ വികസിക്കുന്നു.
സ്ത്രീ -പേടിത്തുണ്ടോ, ഗാഫ് മരമോ?
ഇതിലെ സ്ത്രീകളുടെ അടയാളങ്ങള്‍ വിവരണങ്ങള്‍ അല്ല, വര്ണ്ണനകളുമല്ല. ശ്വാസം മുട്ടി പായുന്ന കരച്ചില് തീവണ്ടിയാണ് നയോമി. ലോകത്തിന്റെ മുഴുവന്‍ സങ്കടങ്ങളും അനാഥത്വവും ഏറ്റുവാങ്ങിയവളെ പരിചരിക്കുന്ന ലില്ലി. വെറുപ്പ് നിറഞ്ഞ അമ്മയും മകളും എത്ര ഭീകര ദൃശ്യമാണ്, ‘നരകത്തിനുള്ളില്‍ അതാ വേറൊരു നരകം’. രണ്ടു പേടിത്തുണ്ടുകള് പോലെ രണ്ടു പെണ്‍കുട്ടികള്‍ ഇതില്‍ പരസ്പരം നോക്കിയിരിക്കുന്നുണ്ട്. ചേരാത്തിടത്തു ഒട്ടിച്ചു വെച്ച വിസ്മയ ചിഹ്നം കണക്ക് നിറം മങ്ങിയ ഒരു പെണ്ണ് കണ്ണാടിയില്‍.
സ്ത്രീക്ക് മാത്രം സിദ്ധിക്കുന്ന പ്രകൃതി ബന്ധത്തിന്റെ ഇഴകള്‍ ഷീലാ ടോമിയുടെ എഴുത്തില്‍ കാണാം. മരുഭൂമിയുടെ ചങ്കില് മണല്‍ വാരിയെറിയുന്നത് റൂത്ത് അറിയുന്നു. ഒരു ഗാനത്തില്‍ മരുഭൂമിയുടെ ഏറ്റവും വിഹ്വലമായ ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്നതറിയുന്നതും അവള് മാത്രം. ‘അവള്’ ചിലപ്പോള്‍ ഒരു നിലവിളിയാണ്,നിറമില്ലാത്ത വൃത്തത്തിലെ ജീവിതമാണ്. ‘ഇല കൊഴിഞ്ഞ മരം കണക്കെ’ ഇരിക്കുന്ന റൂത്തിനെ തേടിയെത്തുന്ന നീന ഒരു പുഞ്ചിരിയാണ്’. കടുത്ത വേനലില്‍ ഉണങ്ങിപ്പോയാലും തായ്ത്തടി കരിഞ്ഞാലും വേരുകള്‍ വര്‍ഷങ്ങളോളം മണ്ണിനടിയില്‍ സൂക്ഷിക്കുന്ന ഗാഫ് മരം. ഒരു മഴയില്‍ അതിനു ജീവന് വെക്കുന്നു. ‘അവള്’ഒരു ഗാഫ് മരമാകുന്നു.
”അമ്മ”യെന്നാല്‍ മുറിവാണ്. അവളുടെ ഹൃദയത്തിലൂടെ ഒരു വാള് കടന്നു പോയി, അനേകായിരം അമ്മമാര്‍ മക്കളെ കാത്തിരിക്കുന്നു എന്ന് മാറിയത്തോട് പറയുന്നു.
വീട് ചുമന്നു ഭൂമിയുടെ അറ്റം വരെ പോകുന്ന പെണ്ണുങ്ങള്.
ഗലിലി തടാകം വറ്റി വരളാതിരിക്കുന്നത് നസരത്തിലെ പെണ്ണുങ്ങള് കരയുന്നത് കൊണ്ടാണ്. പേരുകള്‍ മാറ്റി വായിച്ചാല്‍ പേരില്ലാത്ത ജനതകള്‍ എല്ലാ രാജ്യത്തും ഇത് തന്നെ അല്ലെ പറയുന്നത്? കണ്ണീര് നദിയുടെ പേരിനെക്കുറിച്ച് ആശങ്കയില്ലാതെ നമ്മള് ഒഴുകുന്നു.
സ്വന്തമായി ദേശം ഇല്ലാതാവുന്ന മനുഷ്യരുടെ പൊള്ളുന്ന കഥകളാണ് നമ്മുടേത്. പക്ഷേ ഈ ദേശങ്ങളുടെ ഗന്ധം നമ്മുടേതുമാണ്. ദേശങ്ങളില്‍ നിന്നു ദേശങ്ങളിലേക്ക് നാം കുട്ടികളെപ്പോലെ പറക്കുന്നു. തോക്കും മരുന്നും ഭക്ഷണവും ദേശകഥകളുടെ വ്യാകരണമാകുന്ന കഥയാണ് ‘ആ നദിയോട് പേര്: ചോദിക്കരുത് ‘. മുറിവേറ്റ കുഞ്ഞുമനുഷ്യരുടെയുംഭൂമിയോളം ഭാരമുള്ള മനസ്സുകളുടെ ഉടമകളുടെയും കഥകളാണ് മനുഷ്യ ചരിത്രം നിര്‍മ്മിക്കുന്നത്. ഇതാണ് നോവല്‍ അവതരിപ്പിക്കുന്ന മനുഷ്യദര്‍ശനത്തിന്റെ അസംസ്കൃത വസ്തു. ‘ഭൂമിയെന്നാല്‍ ഇപ്പോള്‍ നാലാം നിലയിലെ മുറിയുടെ ചതുരമാണ്’ എന്നത് റിയാദിലെ റൂത്തിന്റെ ജീവിതം മാത്രമല്ല ശരാശരി സ്ത്രീയുടെ ഇക്കാലത്തേയും ജീവിതവും ദേശവുമാണ്.’
മുറിവേറ്റ ദേശം മുറിവേറ്റ മനുഷ്യന്
തീ പിടിച്ച കടലും, മനുഷ്യനും ദൈവത്തിനും മണ്ണില്‍ ഇടം നിഷേധിക്കുന്ന യുദ്ധങ്ങളും (ഒരു കല്ലിനു പകരം ആയിരം മിസ്സെയിലുകള്‍ തിരികെയെത്തുന്ന യുദ്ധം ) ഇടകലരുന്ന മനുഷ്യദേശങ്ങളുടെ സമകാല പരിസരമാണ് ‘ആ നദിയോട് പേര് ചോദിക്കരുത് ‘. മുറിവേറ്റ ഗാസ മുറിവേറ്റ ഏത് ദേശത്തിന്റെയും പൊള്ളല്‍ ആണ്. ആഷേര്‍ കണ്ട തീപ്പന്തം പോലെ ഓടുന്ന പോലീസ്കാരന് മനുഷ്യത്വം കത്തിയമരുന്നതിന്റെ പ്രതീകമാണ്.
നൂറ്റാണ്ടുകളുടെ കഥയാണ് ദേശങ്ങളില്‍. മനുഷ്യരുടെ ജീവിതം, അതിലേറെയും വ്യഥകളാവും. പടയോട്ടങ്ങളും കച്ചവടങ്ങളും ജയവും തോല്‍വിയും ദാരിദ്ര്യവും അങ്ങനെ എന്തെല്ലാമാണ് മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്നത്. ‘ചില മണല്‍ നഗരങ്ങള്‍ ആയിരം വര്‍ഷത്തെ കാറ്റുള്ളിലൊതുക്കി നിന്നു’ എന്ന് പറയുന്നിടത്തു നോവല്‍ ദാര്ശനികനിലാവില് തിളങ്ങുന്നു. അവിടെ നിന്നും പുതുകാലത്തിന്റെ എല്ലാത്തിനെയും വരുതിയിലാക്കുന്ന കച്ചവടനഗരശീലത്തില് മനുഷ്യനും ദേശവും സ്വതന്ത്രമല്ലാതാകുന്നതിന്റെ ഇമേജുമുണ്ട്. ‘ഒച്ചയില്ലാതെ, അനക്കമില്ലാതെ, ഒരു പെരുമ്പാമ്പായി റിയാദ് അവരെ വിഴുങ്ങി’. മനുഷ്യനൊടുങ്ങുന്നതും ദേശത്തിനൊപ്പം, ‘തീയും പുകയും ഹിംസയും അലര്‍ച്ചയും അവശേഷിച്ച ബാഗ്ദാദ്’. മനുഷ്യനെ സ്ഥലത്തിനും അതിന്റെ വിധിക്കുമൊപ്പം ചേര്ക്കുകമാത്രമല്ല , അവന്റെ ഭാവിയും വിധിയും സ്വഭാവവും ദേശം നിര്‍ണ്ണയിക്കുക കൂടെ ചെയ്യുന്നു ഷീല ടോമിയുടെ എഴുത്തില്‍,
‘കത്തുന്ന ചില നഗരങ്ങള്‍ പൊട്ടിച്ചിരിക്കാറുണ്ട്’ എന്നെഴുതുന്നതില്‍ വിധിയുടെ ദേശക്കുറി പൗരനെ ബാധിക്കുന്നത് കാണാം.
ദുരിതകാലത്തിന്റെ ചാരഗന്ധം കൊണ്ടു നിറയുന്നത് അതിജീവനത്തിന്റെ കനാന്‍ ദേശം പ്രതീക്ഷിച്ചുതന്നെയാണ്. ‘കണ്ണുനീര് പാഥേയമായുള്ള യാത്ര’. ‘വാഗ് ദത്ത നാട്ടില്‍ കാലുകുത്തണമെങ്കില്‍ നിശ്ചയമായും ഒരു മരുഭൂ അനുഭവം കഴിയണം, ചെങ്കടല്‍ നീന്തിക്കടക്കണം. തകര്‍ക്കപ്പെട്ട ഗ്രാമങ്ങളുടെയും അനാഥമാക്കപ്പെട്ട പട്ടണങ്ങളുടെയും കത്തിയെരിയുന്ന മനുഷ്യരുടെയും ജീവിതങ്ങളിലൂടെയും ഒഴുകുന്ന പുഴ. ചിലപ്പോള്‍ മനുഷ്യര്‍ പുസ്തകങ്ങളെപ്പോലെ ഒരു ദേശത്തിന്റെ കണ്ണീരും പോരാട്ടവും കൂടിക്കലര്‍ന്ന പുസ്തകങ്ങള്‍.


