മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍(വികാരി ജനറല്‍, കോഴിക്കോട് അതിരൂപത)

ദൈവോന്മുഖവും പരോന്മുഖവുമായ സ്നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.
മനുഷ്യനിലെ ഒരു സംഘട്ടനമാണിത്. മരണം വരെ നിലനില്‍ക്കുന്ന ഒരു യുദ്ധം. മണ്ണും വിണ്ണും തമ്മിലുള്ള പോരാട്ടമാണ് ഓരോ മനുഷ്യജീവിതവും. ലൗകിക മോഹങ്ങളുടെയും ശാരീരിക ആഗ്രഹങ്ങളുടെയും ഭാരത്താല്‍ ഭൂമിയിലേക്ക് ഒട്ടിനില്ക്കുന്ന മനുഷ്യനെ, ആകാശത്തോളം ഉയര്‍ത്തുന്ന ആത്മീയ പരിശ്രമമാണ് നോമ്പുകാലം. നോമ്പ് മനുഷ്യനെ മാലാഖമാര്‍ക്ക് തുല്യനാക്കുന്നു എന്നത് കേവലം ഒരു അലങ്കാരവാക്കല്ല; മറിച്ച് അതൊരു ആത്മീയ പരിവര്‍ത്തനത്തിന്റെ ചിറകുകള് സമ്മാനിക്കുന്ന വിരുന്നു തന്നെയാണ്.
തപസ്സുകാലം ഒരു അവസരം കൂടിയാണ്, ആത്മപരിശോധനയ്ക്കും നവീകരണത്തിനും ഉള്ള ദൈവാനുഗ്രഹിതമായ അവസരം. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദാനധര്‍മ്മത്തിലും ഉറച്ച് നില്ക്കുമ്പോള്, ഈ കാലം നമ്മെ കൂടുതല്‍ വിശുദ്ധരാക്കി, ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്ക് നയിക്കുന്നു എന്നുള്ളതാണ് ഈ ആത്മീയ വസന്തകാലത്തിന്റെ മനോഹാരിത. .
സത്യത്തില്‍ ഈ തീര്‍ത്ഥാടനത്തെയാണ് മരുഭൂമി അനുഭവമെന്നു വിശേഷിപ്പിക്കുക. നോമ്പുകാലത്ത് ഒരു മരുഭൂമി അനുഭവത്തിലേക്കു നാം പ്രവേശിക്കുന്നു. യേശുവിനെപ്പോലെയും യേശുവിനോടൊത്തുമാണ് ഈ മരുഭൂമിജീവിതം നാം നയിക്കേണ്ടത്. ഇസ്രായേല്‍ ജനത്തിന്റെ നാല്പതുവര്ഷത്തെ മരുഭൂമിവാസം ഒരേസമയം പരീക്ഷണത്തിന്റെയും വലിയ ദൈവാനുഭവത്തിന്റെയും അവസരമായിരുന്നു. അനേകര്‍ ആ യാത്രയില്‍ പരാജയപ്പെട്ടപ്പോഴും ദൈവം രാത്രിയും പകലും അവരോടൊത്തു യാത്രചെയ്തു.
മരുഭൂമിയിലെ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടവര്‍ക്ക് വാഗ്ദത്തനാട് ദര്‍ശിക്കുന്നതിനുള്ള ഭാഗ്യമുണ്ടായില്ല. നാം ഈ മരുഭൂമിയിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവേശിക്കുന്നത് നമ്മുടെ കര്‍ത്താവിന്റെ കൂടെയാണ്. നമ്മുടെ ക്രിസ്തീയജിവിതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ പത്തു കല്പനകള് നല്കപ്പെട്ടതും, ദൈവസാന്നിധ്യത്തിന്റെ അടയാളമായ വാഗ്ദാനപേടകം നിര്‍മ്മിക്കപ്പെട്ടതും, ജീവന് നിലനിര്‍ത്തുന്നതിനു മന്ന നല്കപ്പെട്ടതും മരുഭൂമിയില്‍വച്ചു തന്നെ. വി. അന്തോണിയോസിനെപ്പോലെ മരുഭൂമിയിലേക്ക് ഓടിപ്പോയ വിശുദ്ധരുടെ പിന്നാലെയായിരുന്നു ആദിമ ക്രൈസ്തവസമൂഹങ്ങളൊക്കെ ഓടിയത്. എല്ലാം വിരല്‍ത്തുമ്പില്‍ ഓടിയെത്തുന്ന ഇന്നത്തെ കാലത്ത് നോമ്പുകാലത്തു എല്ലാം അടച്ചുവച്ച് കര്‍ത്താവിന്റെ കൂടെ മരുഭൂമിയില്‍ പ്രവേശിക്കാന്‍ നമുക്കു കഴിയണം.
അനുതാപത്തോടെ ദൈവത്തെ സമീപിക്കുന്നവന്റെ ഹൃദയത്തിലേക്ക് ദൈവം ധാരാളം കൃപ ഒഴുക്കുന്നു. വഴിതെറ്റിപ്പോവുന്ന നമ്മുടെ ജീവിതയാത്രയെ വീണ്ടും ദൈവത്തിങ്കലേക്കു വഴിതിരിച്ചുവിടുകയാണ് അനുതാപത്തിലൂടെ സംഭവിക്കുന്നത്. ഇന്നതെ ഉപരിപ്ലവമായ ജീവിതശൈലിയില്‍നിന്നും, നമ്മെ അടിമപ്പെടുത്തുന്ന എല്ലാ ഭൗതികപ്രവണതകളില്നിന്നും ഒഴുക്കിനെതിരെ നീന്തുന്നവന്റെ മനോഭാവത്തോടെയുള്ള ആത്മീയതീര്ഥാടനമാണിത്.
മറ്റു വഴികളില്‍ നിന്നും മാറി യേശുവാകുന്ന വഴിയിലൂടെയുള്ള നടത്തം മാനസാന്തരത്തിന്റെ ഫലമായി നമ്മിലുണ്ടാകുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മവും ആത്മാവിന് ആനന്ദംനല്‍കുന്ന വിരുന്നാണ്. ഇത് ആത്മീയ അസുഖങ്ങള്‍ക്കുള്ള ഔഷധവും തിന്മയ്ക്കെതിരെയുള്ള തോല്‍ക്കാത്ത ആയുധവുമാകുന്നു. യേശുവിന്റെ നാല്പതുദിവസത്തെ ഉപവാസത്തിന്റെ അവസാനം സാത്താന്റെ ഭക്ഷണംകൊണ്ടുള്ള പ്രലോഭനത്തിന്റെമേല് വിജയം വരിക്കുന്നു. ”ദൈവത്തിന്റെ നാവില്‍നിന്നും പുറപ്പെടുന്ന വചനത്തെ” (മത്തായി 4:4) ജീവന്റെ ആധാരമായി യേശു നമുക്കു നല്കുന്നു.
ഭക്ഷണം ആദിപാപത്തിനു കാരണമായെങ്കില്‍ ദൈവവചനം അങ്ങനെ എല്ലാം പുണ്യത്തിനും അടിസ്ഥാനമായി മാറുന്നു. യേശുക്രിസ്തുവിന്റെ 40 ദിവസത്തെ മരുഭൂമിയിലെ വിശപ്പിന്റെയും ദാഹത്തിന്റെയും പരീക്ഷകളില്‍ ക്രിസ്തു ശരീരത്തെ തോല്പിച്ചത് അപ്പം കൊണ്ടല്ല, മറിച്ച് ദൈവവചനം കൊണ്ടായിരുന്നു. നോമ്പ് ശരീരത്തിന്റെ തടവറയില്‍ നിന്ന് ആത്മാവിന്റെ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കുന്നു.
മാലാഖമാര്‍ക്ക് വിശപ്പോ ദാഹമോ ഇല്ല; അവര്‍ സ്തുതിപ്പിലും ശുദ്ധതയിലും ദൈവത്തെ സേവിക്കുന്നു. മനുഷ്യന് നോമ്പിലൂടെ ചെയ്യുന്നത് തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ നിയന്ത്രിക്കുകയാണ്. ഉദരത്തെ നിയന്ത്രിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. ആഗ്രഹങ്ങളെ പിടിച്ചു കെട്ടുമ്പോള്‍ ആത്മാവ് സ്വതന്ത്രമാകുന്നു. അനന്തരം പ്രാര്‍ത്ഥനയിലൂടെ ആത്മാവ് മാലാഖമാരെപ്പോലെ ദൈവസമക്ഷം പറന്നുയരുന്നു. ഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ വിശപ്പറിയാനല്ല, മറിച്ച് ആത്മാവിന്റെ ദാഹം തിരിച്ചറിയാനാണ് ‘തപസ്സുകാലം നമ്മെ പഠിപ്പിക്കുന്നത് മറ്റുള്ളവന്റെ വേദന സ്വന്തം നോവായി കാണാനാണ്.
എന്റെ പാത്രത്തിലെ വിഭവം കുറയുമ്പോള്‍ അത് മറ്റൊരാളുടെ വിശപ്പടക്കാന്‍ കാരണമാകുന്നുണ്ടെങ്കില്‍, അവിടെ ക്ഷമിക്കാനും സ്നേഹിക്കാനും എളിമപ്പെടാനും പഠിക്കുന്ന ഒരു ഹൃദയത്തില്‍ ദൈവരാജ്യം ഉദയം ചെയ്യുന്നു. അഗ്നിയില്‍ ശുദ്ധി ചെയ്ത പൊന്നുപോലെയാണ് നോമ്പ് നോല്‍ക്കുന്ന വിശ്വാസി.
പശ്ചാത്താപത്തിന്റെ കണ്ണുനീര് പാപത്തിന്റെ കറകളെ കഴുകിക്കളയുന്നു. ‘ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും’ (മത്തായി 5:8) എന്ന വചനം ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. ഉള്ളിലെ മാലിന്യങ്ങള്‍ നീങ്ങുമ്പോള്‍ മാലാഖമാരെപ്പോലെ പ്രകാശപൂര്‍ണ്ണമായ ഒരു ഹൃദയം നമുക്ക് ലഭിക്കുന്നു.തപസ്സുകാലം അവസാനിക്കുമ്പോള്‍ നാം വെറും മനുഷ്യരായി തുടരുകയല്ല വേണ്ടത്. ലൗകികതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്, സ്നേഹത്തിന്റെ ചിറകുകള് വിരിച്ച ആത്മീയ മനുഷ്യരാകണം.
മാലാഖമാര്‍ സ്വര്‍ഗ്ഗത്തില്‍ ചെയ്യുന്ന ആരാധന നോമ്പിലൂടെ നാം ഭൂമിയില്‍ അനുഷ്ഠിക്കുന്നു. ശരീരം നിയന്ത്രിക്കപ്പെടുമ്പോള്‍ ആത്മാവ് ഉണരുന്നു; അപ്പോള്‍ നാം ഭൂമിയില്‍ നടക്കുമ്പോഴും നമ്മുടെ ഹൃദയം സ്വര്‍ഗ്ഗത്തിലായിരിക്കും. ഈ നോമ്പുകാലം വെറുമൊരു ചടങ്ങാവില്ല, മറിച്ച് നമ്മുടെ ഉള്ളിലെ ദൈവസാദൃശ്യം വീണ്ടെടുക്കുന്ന, നമ്മെ മാലാഖമാരോട് അടുപ്പിക്കുന്ന ഒരു പുണ്യയാത്രയാകട്ടെ.

