മോണ്‍. റോക്കി റോബി കളത്തില്‍; വികാരി ജനറല്‍, കോട്ടപ്പുറം രൂപത
ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
എളിമയും വിനയവും: ഉയര്‍ന്ന പദവികള്‍ വഹിക്കുമ്പോഴും അദ്ദേഹം ഏറ്റവും എളിയവനായി ജീവിച്ചു. പൊന്നുരുന്നി ആശ്രമത്തിന്റെ സ്ഥാപകനായ അദ്ദേഹം സാധാരണക്കാര്‍ക്കിടയില്‍ ഒരാളായി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സദാ സന്നദ്ധനായിരുന്നു.
രോഗപീഡകളിലെ ക്ഷമ
കഠിനമായ പ്രമേഹരോഗം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ തന്റെ ശാരീരിക വേദനകളെക്കാള്‍ മറ്റുള്ളവരുടെ ആത്മീയവും ശാരീരികവുമായ സൗഖ്യത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ‘എന്റെ വേദനകള്‍ ലോകത്തിന്റെ പാപപരിഹാരത്തിനായി ഞാന്‍ കാഴ്ചവെക്കുന്നു’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വചനപ്രഘോഷകന്: കേള്‍വിക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന വചനപ്രഘോഷകനായിരുന്നു അദ്ദേഹം. കപ്പുച്ചിന്‍ മിഷന് ധ്യാനങ്ങളിലൂടെ കേരളത്തിലുടനീളം ആയിരങ്ങളെ വിശ്വാസവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.
മധ്യസ്ഥതയിലൂടെയുള്ള അദ്ഭുതങ്ങള്‍
സന്ന്യാസ ജീവിതത്തിലെ സവിശേഷതകള്‍
ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം കേവലം പ്രാര്‍ഥനയില്‍ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. അത് സേവനത്തിന്റെയും ത്യാഗത്തിന്റെയും സങ്കലനമായിരുന്നു.

അപരനോടുള്ള കരുണ: അദ്ദേഹം പൊന്നുരുന്നിയില്‍ ആശ്രമം സ്ഥാപിച്ചപ്പോള്‍ അത് കേവലം സന്ന്യാസികള്‍ക്ക് വേണ്ടിയുള്ള ഇടമായിരുന്നില്ല, മറിച്ച് സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്കുന്ന ഒരിടമായിരുന്നു. ജാതിമതഭേദമന്യേ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു.
സുവിശേഷ പ്രഘോഷണം: കേരളത്തിലെ കപ്പുച്ചിന്‍ സഭയുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. കപ്പുച്ചിന്‍ മിഷന് ധ്യാനങ്ങളിലൂടെ കുടുംബങ്ങളില്‍ ആത്മീയ നവോത്ഥാനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഫ്രാന്‍സിസ്കന്‍ എളിമ: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലളിതമായ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുമ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു.
അദ്ഭുതങ്ങളും അടയാളങ്ങളും
ഫാ. തിയോഫിന്റെ ജീവിതകാലത്തും മരണശേഷവും അദ്ദേഹത്തിന്റെ മാധ്യസ്ഥ പ്രാര്‍ഥനയാല്‍ അനേകം അദ്ഭുതങ്ങള്‍ നടന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സഭ വിശുദ്ധ പദത്തിലേക്ക് ഒരാളെ ഉയര്‍ത്തുമ്പോള്‍ ഇത്തരം അദ്ഭുതങ്ങള്‍ കൃത്യമായി പരിശോധിക്കാറുണ്ട്.
ഫാ. തിയോഫിന്റെ വിശുദ്ധി ജനങ്ങള്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ പ്രാര്‍ഥനയിലൂടെ നടന്ന അദ്ഭുതകരമായ രോഗസൗഖ്യങ്ങളിലൂടെയും പ്രശ്നപരിഹാരങ്ങളിലൂടെയുമാണ്. മെഡിക്കല്‍ സയന്‍സ് കൈവിട്ട പല രോഗികളും ഫാ. തിയോഫിന്റെ പ്രാര്‍ഥനയാലും ആശീര്‍വാദത്താലും സുഖം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളില്‍ നിന്ന് അദ്ഭുതകരമായ വിടുതല്‍ ലഭിച്ച പലരും ഇന്നും പൊന്നുരുന്നി ആശ്രമത്തില്‍ സാക്ഷ്യവുമായി എത്താറുണ്ട്.
വര്‍ഷങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കുകളും കോടതി വ്യവഹാരങ്ങളും അദ്ദേഹത്തിന്റെ ഒരു വാക്കിനാല്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. അസാധ്യമായ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായൊരു ‘ദൈവിക ജ്ഞാനം’ (ഉശ്ശില ണശറെീാ) ഉണ്ടായിരുന്നുവെന്ന് വിശ്വാസികള്‍ കരുതുന്നു.
തകര്‍ന്ന കുടുംബങ്ങളുടെ പുനരുദ്ധാരണം
മദ്യപാനത്തിനും മറ്റ് ദുശ്ശീലങ്ങള്‍ക്കും അടിമപ്പെട്ട പലരെയും മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് സാധിച്ചു. തകര്‍ച്ചയുടെ വക്കിലെത്തിയ അനേകം കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ ഉപദേശത്താലും പ്രാര്‍ഥനയാലും ഇന്നും സന്തോഷത്തോടെ കഴിയുന്നു.
മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരും പൈശാചിക ശക്തികളുടെ സ്വാധീനത്തിലായവരും അദ്ദേഹത്തിന്റെ അടുത്തെത്തി പ്രാര്‍ഥനയിലൂടെ ശാന്തി നേടിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ അസ്വസ്ഥമായ മനസ്സുകള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
1968-ല്‍ അദ്ദേഹം ദിവംഗതനായി. അദ്ദേഹത്തിന്റെ കബറിടത്തില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് അദ്ഭുതകരമായ ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായതും, വലിയ കടബാധ്യതകളില്‍ നിന്ന് മോചനം ലഭിച്ചതുമായ നിരവധി അനുഭവങ്ങള്‍ വിശ്വാസികള്‍ പങ്കുവെക്കാറുണ്ട്.
വിശ്വാസത്തില്‍ വേരൂന്നിയ ബാല്യം
കോട്ടപ്പുറത്ത് കൂടല്ലൂര്‍ കുടുംബത്തില്‍ ഇട്ടിചെറിയ ജോര്‍ജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളില്‍ ആറാമനായാണ് 1913 ജൂലൈ 20ന് ധന്യന്‍ ജനിച്ചത്. മൈക്കിള്‍ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തില്‍ നല്കപ്പെട്ടത്. വിശുദ്ധ മിഖായേല്‍ ദൂതന്റെ നാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പുരാതന കത്തോലിക്കാ കുടുംബങ്ങളിലേതുപോലെ സന്ധ്യാപ്രാര്‍ഥനയ്ക്കും വിശുദ്ധഗ്രന്ഥവായനയ്ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്ന ചുറ്റുപാടിലായിരുന്നു മൈക്കിളിന്റെ വളര്‍ച്ച. മാതാപിതാക്കളുടെ ദൈവഭക്തി അദ്ദേഹത്തിന്റെ ദൈവവിളിയെ സ്വാധീനിച്ചു. തന്റെ കുടുംബത്തില്‍ നിന്നു ലഭിച്ച വിശ്വാസത്തിന്റെ കരുത്തിലാണ് പില്ക്കാലത്ത് ആയിരങ്ങള്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്ന തിയോഫിനച്ചനായി മൈക്കിള്‍ കൂടല്ലൂര്‍ മാറിയത്. ഭൗതികമായ സമ്പന്നതയേക്കാള്‍ ആത്മീയമായ സമ്പന്നതയ്ക്ക് വിലകല്പിച്ച മാതാപിതാക്കളുടെ ശിക്ഷണം അദ്ദേഹത്തിന്റെ വിശുദ്ധിയിലേക്കുള്ള യാത്രയുടെ അടിത്തറയായിരുന്നു.
ദൈവവിളി
ഫാ. തിയോഫിന്റെ പഠനകാലം അദ്ദേഹത്തിന്റെ ആത്മീയ പക്വതയുടെയും അറിവിനായുള്ള ദാഹത്തിന്റെയും കാലഘട്ടമായിരുന്നു. ലൗകികമായ അറിവിനേക്കാള്‍ ഉപരിയായി ദൈവത്തെ അടുത്തറിയാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ നയിച്ചത്. കോട്ടപ്പുറത്ത് തന്റെ പിതാവ് ജോലി ചെയ്തിരുന്ന പ്രൈമറി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ സ്കൂളിലും പിന്നീട് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലും പഠനം തുടര്‍ന്നു. പഠനത്തില്‍ മിടുക്കനായിരുന്ന മൈക്കിള്‍ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ തന്റെ സ്വഭാവശുദ്ധിയിലൂടെ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായി മാറി.
വൈദികനാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ അദ്ദേഹം ആദ്യം ചേര്‍ന്നത് വരാപ്പുഴ അതിരൂപതയുടെ മൈനര്‍ സെമിനാരിയിലാണ്. അവിടെ വെച്ച് വൈദിക ജീവിതത്തിന് ആവശ്യമായ അടിസ്ഥാനപരമായ പരിശീലനങ്ങളും ലത്തീന്‍ ഭാഷാ പഠനവും അദ്ദേഹം പൂര്‍ത്തിയാക്കി.
രൂപതാ വൈദികനാകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, കൂടുതല്‍ കര്‍ക്കശമായ സന്ന്യാസ ജീവിതത്തോടും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ലാളിത്യത്തോടും അദ്ദേഹത്തിന് പ്രത്യേക താല്പര്യം തോന്നി. തുടര്‍ന്ന് വരാപ്പുഴ സെമിനാരി വിട്ട് അദ്ദേഹം കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു.
1933 ഒക്ടോബര്‍ 31-ന് കര്‍ണാടകയിലെ മംഗലാപുരത്തിനടുത്തുള്ള ഫറഞ്ചിപ്പേട്ട് (എമൃമിഴശുല)േ കപ്പുച്ചിന്‍ ആശ്രമത്തില്‍ അദ്ദേഹം സന്ന്യാസവസ്ത്രം സ്വീകരിച്ചു. ഇവിടെ വെച്ചാണ് 1934ല്‍ ‘തിയോഫിന്‍’ എന്ന പുതിയപേര് സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. കഠിനമായ പ്രാര്‍ഥനയിലൂടെയും ധ്യാനത്തിലൂടെയും സന്ന്യാസ ജീവിതത്തിന്റെ അന്തഃസത്ത അദ്ദേഹം ഇവിടെ നിന്ന് പഠിച്ചെടുത്തു.
നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി കൊല്ലം സെന്റ് ആന്റണീസ് ആശ്രമത്തിലെത്തിയ തിയോഫിന്‍ ഒരു വര്‍ഷം ആലുവയിലെ അസീസി ആശ്രമത്തിലും പഠനം തുടര്‍ന്നു. 1937 നവംബര്‍ ഒന്നിന് നിത്യവ്രതവാഗ്ദാനം നടത്തി. നീണ്ട വര്‍ഷത്തെ ആത്മീയവും വൈജ്ഞാനികവുമായ പഠനങ്ങള്‍ക്കു ശേഷം, 1941 ഏപ്രില്‍ 20-ന് കൊല്ലം സെന്റ് ആന്റണീസ് ആശ്രമത്തില്‍ വെച്ച് അജ്മീര്‍ രൂപതയുടെ കപ്പുച്ചിന്‍ മെത്രാന് ഡോ. ഗ്വീഡോയില് നിന്ന് അദ്ദേഹം പൗരോഹിത്യാഭിഷേകം സ്വീകരിച്ചു.
പഠനകാലത്ത് കേവലം ഒരു വിദ്യാര്‍ഥി എന്നതിലുപരി, വിനയവും ബുദ്ധിശക്തിയും ഒത്തുചേര്‍ന്ന ഒരു ഉത്തമ ദൈവവിളിയുടെ ഉടമയായിരുന്നു അദ്ദേഹം. സെമിനാരിയിലെ തന്റെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹം ഒരു മാതൃകയായിരുന്നു. വിവിധ ആശ്രമങ്ങളിലെ പഠനകാലത്തുതന്നെ അദ്ദേഹം ഒരു മികച്ച വചനപ്രഘോഷകനായി മാറിയിരുന്നു.
വിശ്വാസം പരത്തിയ സന്ന്യാസി
1947 വരെ കൊല്ലത്ത് തുടര്‍ന്ന അദ്ദേഹം സന്ന്യാസാര്ഥികളുടെ ഡയറക്ടര്‍, ഇടവക വികാരി എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു. കപ്പുച്ചിന്‍ സന്ന്യാസ സമൂഹത്തിന്റെ മിനിസ്റ്റര്‍ ജനറല്‍ 1945ല്‍ അദ്ദേഹത്തിന് വചനപ്രഘോഷണത്തിനുള്ള പ്രത്യേക നിയോഗം നല്‍കിയിരുന്നു. ഇടവകകളില്‍ അജപാലശുശ്രൂഷയ്ക്കൊപ്പം സന്ന്യാസസമൂഹങ്ങള്ക്കായും വിശ്വാസികള്‍ക്കായും ധ്യാനഗുരു എന്ന നിലയില്‍ ആധ്യാത്മിക മാര്‍ഗദര്‍ശനം നല്കി. കൊല്ലം രൂപതയില്‍ ഫ്രാന്‍സിസ്കന്‍ അല്മായ സഭ ആരംഭിച്ചത് അദ്ദേഹമാണ്. 1942ന് ശേഷം ഒരു ദശകത്തോളം അദ്ദേഹം കപ്പുച്ചിന്‍ മിഷന് ധ്യാന ഗ്രൂപ്പിന്റെ അവിഭാജ്യ അംഗമായിരുന്നു. കേരളത്തില്‍ കപ്പുച്ചിന്‍ ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതിലും പ്രേഷിത പ്രവര്‍ത്തനങ്ങളിലും മുഴുകിയ ഫാ. തിയോഫിന്‍ ജനപ്രിയ വചനപ്രഘോഷകനായിരുന്നു.
1947 മേയ് 20ന് കപ്പുച്ചിന്‍ സമൂഹത്തിന്റെ ജനറല്‍ കമ്മിഷണര്‍ ഫാ. തിയോഫിനെ കുന്നം തിരുഹൃദയ ആശ്രമത്തിന്റെ സുപ്പീരിയറായി നിയമിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ ഭാഗമായ അവിടെ തീക്ഷ്ണമായ അജപാലനശുശ്രൂഷയ്ക്കൊപ്പം പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒട്ടേറെ സാമൂഹികക്ഷേമപ്രവര്ത്തനങ്ങള്ക്കും അദ്ദേഹം നേതൃത്വം നല്കി. അവിടെ നിന്ന് തിരുച്ചിറപ്പള്ളി കപ്പുച്ചിന്‍ തിയോളജിക്കല്‍ സെമിനാരിയിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചത് അത് കോട്ടഗിരി സെന്റ് ജോസഫ് ആശ്രമത്തിലേക്കു മാറ്റുന്ന സമയത്താണ്. കോട്ടഗിരിയില്‍ 1949ല്‍ പുതിയ സമൂഹം ആരംഭിച്ച് എട്ടാം നാളില്‍ അവിടെ എത്തിയ അദ്ദേഹത്തെ ഒരു മാസത്തിനകം ഗാര്‍ഡിയനായി തിരഞ്ഞെടുത്തു. തിയോളജിക്കല്‍ സെമിനാരിയില്‍ സേക്രഡ് സ്ക്രിപ്ച്ചറും പ്രഭാഷണകലയും പഠിപ്പിച്ച അദ്ദേഹം കോട്ടഗിരി സെന്റ് മേരീസ് പള്ളി വികാരിയുമായിരുന്നു.
ഒന്‍പതു വര്‍ഷത്തിനുശേഷം വരാപ്പുഴ അതിരൂപതയിലേക്കു തിരിച്ചെത്തിയ അദ്ദേഹം 1958 മേയ് ഒന്നിന് എറണാകുളത്ത് പെരുമാനൂരിനടുത്ത് വരവുകാട്ട് വിശുദ്ധ ബൊനവെഞ്ചറിന്റെ നാമധേയത്തില്‍ പുതിയ കപ്പുച്ചിന്‍ ആശ്രമം തുടങ്ങി. അതിന്റെ സുപ്പീരിയറും അദ്ദേഹമായിരുന്നു. കപ്പുച്ചിന്‍ ആശ്രമത്തിനു പറ്റിയ അന്തരീക്ഷം വരവുകാട്ട് കണ്ടെത്താനാകാതെ 1959 സെപ്റ്റംബറില്‍ ആ ആശ്രമം വൈറ്റിലയ്ക്കടുത്തായി പൊന്നുരുന്നിയിലേക്കു മാറ്റുകയാണുണ്ടായത്.
പൊന്നുരുന്നിയില്‍ അദ്ദേഹം സ്ഥാപിച്ച സെന്റ് ബൊനവെഞ്ചര്‍ ആശ്രമവും ആശ്രമദേവാലയവും അപ്പസ്തോലിക സെമിനാരിയും ഉള്‍പ്പെടുന്ന സമുച്ചയം അനേകര്‍ക്ക് ആശ്വാസദായകമായ തീര്‍ഥാടനകേന്ദ്രമായി. തിയോഫിനച്ചനെ സന്ദര്‍ശിച്ച് ആശ്വാസവചസ്സുകള്‍ കേള്‍ക്കാനും സമാധാനം പ്രാപിക്കാനും പ്രാര്‍ഥനാ സഹായം തേടാനും അനേകരാണ് പൊന്നുരുന്നിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. പൊന്നുരുന്നിയിലേയും സമീപപ്രദേശങ്ങളിലും ഒട്ടുമിക്ക ഭവനങ്ങളും സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പൈശാചികബന്ധനത്തില്‍ നിന്നുള്ള മോചനത്തിനും രോഗശാന്തിക്കും മറ്റുമായി എത്തുന്നവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും ആശ്രമത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്കെല്ലാം ഭക്ഷണം നല്‍കാനും രോഗികള്‍ക്ക് സഹായമെത്തിക്കാനും സദാ ഉത്സുകനായിരുന്ന അദ്ദേഹം സ്വന്തം കാലിലെ വ്രണത്തിന് ചികിത്സ തേടുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല.
കടുത്ത പ്രമേഹരോഗബാധിതനായി പതിനാറു വര്‍ഷത്തോളം നിത്യവും ഇന്‍സുലിന്‍ ഇന്‍ജെക് ഷന് എടുക്കേണ്ടിവന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി 1968 മാര്‍ച്ചില്‍ മോശമായി. 1968 ഏപ്രില്‍ 4ന് 55-ാം വയസ്സില്‍ അദ്ദേഹം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. പൊന്നുരുന്നി ആശ്രമ സെമിത്തേരിയില്‍ ആദ്യമായി അടക്കം ചെയ്തത് ധന്യനായ തിയോഫിനച്ചനെയാണ്. മരണശേഷം അദ്ദേഹത്തിന്റെ കബറിടത്തില്‍ പ്രാര്‍ഥനകളുമായി അനേകര്‍ കടന്നുവന്നു. ജീവിതകാലത്തുതന്നെ ജനങ്ങള്‍ വിശുദ്ധനായി പരിഗണിച്ചിരുന്ന അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തിരുസഭ ഔദ്യോഗികമായി ആരംഭിച്ച് 2005 ജനുവരി 10ന് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. പുണ്യജീവിതം വഴി വിശ്വാസീസമൂഹത്തെ ഏറെ ധന്യമാക്കിയ ഫാ. തിയോഫിന്റെ ചരമ ദിനമായ ഏപ്രില്‍ 4ന് ആയിരക്കണക്കിന് വിശ്വാസികളാണ് പൊന്നുരുന്നി ആശ്രമത്തിലെ ശുശ്രൂഷളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്നത്.
പൊന്നുരുന്നിയുടെ പുണ്യദീപം ആഗോള സഭയിലേക്ക്
ഫാ. തിയോഫിന്റെ ‘ധന്യന്‍’ പദപ്രഖ്യാപനം കേരളസഭയ്ക്കും വിശേഷിച്ച് കപ്പുച്ചിന്‍ സന്ന്യാസ സമൂഹത്തിനും വരാപ്പുഴ അതിരൂപതയ്ക്കും കോട്ടപ്പുറം രൂപതയ്ക്കും അഭിമാനകരമായ നിമിഷമാണ്. പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്റെ പ്രാര്‍ഥനയാലും സാന്നിധ്യത്താലും ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ അദ്ദേഹം, ഇന്നും ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആശ്രയമാണ്.
മനുഷ്യന്റെ ആത്മീയദാഹത്തിന്‍ വചനത്തിലൂടെയും ശാരീരിക വ്യാധികള്‍ക്ക് പ്രാര്‍ഥനയിലൂടെയും പരിഹാരം കണ്ട ആ വലിയ മനുഷ്യസ്നേഹി, വിശുദ്ധി എന്നത് ദൈവത്തോടും സഹജീവികളോടുമുള്ള സ്നേഹമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. ധന്യപദത്തില് നിന്നു വാഴ്ത്തപ്പെട്ടവന്‍ എന്ന പദത്തിലേക്കും തുടര്‍ന്ന് വിശുദ്ധ പദത്തിലേക്കുമുള്ള പ്രയാണത്തില്‍ അദ്ദേഹം നമുക്ക് നല്കുന്ന സന്ദേശം ലളിതമാണ്: ‘എളിയവരിലും രോഗികളിലും ക്രിസ്തുവിനെ ദര്‍ശിക്കുക.’ ആധുനിക ലോകത്തിന്റെ അസ്വസ്ഥതകള്‍ക്കിടയില്‍ സമാധാനത്തിന്റെ ദൂതനായി ഫാ. തിയോഫിന്‍ ഇന്നും ജീവിക്കുന്നു. വരുംനാളുകളില്‍ അദ്ദേഹം വിശുദ്ധഗണത്തിലേക്ക് ഉയര്ത്തപ്പെടുമ്പോള് അത് കേരളത്തിലെ വിശ്വാസീസമൂഹത്തിന് ലഭിക്കുന്ന വലിയൊരു ദൈവാനുഗ്രഹമായിരിക്കും. ആ പുണ്യജീവിതത്തിന്റെ മാധ്യസ്ഥ്യം നമുക്ക് കരുത്താവട്ടെ.

