വത്തിക്കാൻ: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.
കഴിഞ്ഞ വർഷം 20 ദശലക്ഷത്തിലധികം ആളുകൾ ബസിലിക്കയിലൂടെ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 40 മുതൽ 60 വരെ ആളുകൾ ഉള്ളിൽ സുരക്ഷ സേവനം ചെയ്യുന്നുണ്ട്. സുരക്ഷാ ഏർപ്പെടുത്തുന്നുണ്ടെങ്കിലും പുതിയ നടപടികൾ വളരെ ലളിതമായിരിക്കുമെന്ന് കർദ്ദിനാൾ ഗാംബെറ്റി സൂചിപ്പിച്ചു. നിലവിൽ സന്ദർശകർ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നുണ്ട്, ഓരോ വർഷവും ദശലക്ഷകണക്കിന് ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന ദേവാലയം കൂടിയാണ് സെൻറ് പീറ്റേഴ്സ് ബസിലിക്ക.
കഴിഞ്ഞ വർഷം ഒന്നിലധികം തവണ ദേവാലയത്തിൽ അവഹേളന ശ്രമം നടന്നിരിന്നു. കഴിഞ്ഞ ഒക്ടോബർ 10നു വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്. ഉടൻ തന്നെ പോലീസ് ഇയാളെ ദേവാലയത്തിൽ നിന്നു നീക്കിയിരിന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി ഒരു വ്യക്തി അക്രമം നടത്തിയിരിന്നു. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിക്കുകയായിരിന്നു.

