ബെംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.
“വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിന് സഭയുടെ സാക്ഷ്യം” എന്നതാണ് പൊതുസഭയുടെ പ്രമേയം. ഇത് മെത്രാൻ സമിതിയുടെ “സാക്ഷ്യങ്ങളിലുള്ള ഐക്യം” എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായും പൊരുത്തപ്പെടുന്നതാണ്. വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും നീതി, സമാധാനം, സാമൂഹിക ഐക്യം എന്നിവയെ പിന്തുണയ്ക്കുന്നതിനും, സുവിശേഷത്തിൽ നിന്നും, ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.
സമ്മേളനത്തിന്റെ ദിവസങ്ങളിൽ, പ്രമേയത്തിന്മേൽ വിപുലമായ ചർച്ചകൾ നടത്തുകയും, അതിന്റെ സഭാപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും ചർച്ചകളിൽ പ്രത്യേക ശ്രദ്ധ ക്ഷണിക്കും.
ഇന്ത്യയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ, ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള ദൗത്യത്തിൽ കത്തോലിക്കാ സഭ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നതായി ജിറെല്ലി പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് അധ്യക്ഷ പ്രസംഗം നടത്തി. പാവപ്പെട്ടവരിലേക്കും ഒറ്റപ്പെട്ടവരിലേക്കും ഇറങ്ങിച്ചെന്ന് ക്രിസ്തുവിന്റെ സ്നേഹം പകരാൻ സഭാപിതാക്കൾക്കു കഴിയണം. ഭരണഘടനയിലുറച്ച് വിശ്വാസങ്ങൾ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ക്രൈസ്തവർക്ക് അവകാശമുണ്ടെന്ന് സി ബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ലിയോ പതിനാലാമാൻ പാപ്പാ യുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റും മദ്രാസ് മൈലാപൂർ ആർച്ച് ബിഷപ്പുമായ ജോർജ് അന്തോണി സ്വാമി വായിച്ചു. ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവൊ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ,ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ ഡോ.അനിൽ കുട്ടോ, വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് തോമസ്, ബെംഗളൂരു ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ.മാ ത്യു കോയിക്കൽ, സെന്റ് ജോൺസ് നാഷനൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് ഡയറക്ടർ ഫാ.ജേസുദാസ് രാജമാണിക്യം എന്നിവർ പങ്കെടുത്തു. സമ്മേള നം 10ന് സമാപിക്കും.

