കൊച്ചി: വൈദികർക്കും, സമുദായ നേതാക്കൾക്കും എതിരെ എടുത്ത നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.എൽ.സി.എ ഫോർട്ട് കൊച്ചി മേഖല “പാതയോര പ്രതിഷേധം” സംഘടിപ്പിച്ചു.
ചെല്ലാനം പഞ്ചായത്തിലെ തീരദേശ ജനത അനുഭവിക്കുന്ന കടലാക്രമണ ഭീഷണിക്കു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിൽ സമാധാനപരമായി നടത്തിയ ഉപവാസ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ഉടൻ പിൻവലിക്കണമെന്നു കെ.എൽ.സി എ ഫോർട്ട്കൊച്ചി മേഖല സമിതി നടത്തിയ പാതയോര പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
പാതയോര പ്രതിഷേധ സമരം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വ്യാജ കുറ്റം ചുമത്തി കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും, പോലീസ് സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം വ്യാജ്യമാണെന്നു തെളിയുമെന്നും അങ്ങനെ കേസ് അവസാനിപ്പിക്കാൻ തയാറാകണമെന്നും ഉത്ഘാടന പ്രസംഗത്തിൽ അഡ്വ. ഷെറി.ജെ.തോമസ് പറഞ്ഞു.
കെ.എൽ.സി.എ ഫോർട്ട്കൊച്ചി മേഖല പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, രൂപത ട്രഷറർ ജോബ് പുളിക്കൽ, മേഖല സെക്രട്ടറി മെൽവിൻ ജോസഫ്, ബെന്നി ജോസഫ്, വിദ്യ ജോജി, കെ.വി മാത്യു, കെ.പി സേവ്യർ, ഉഷ ആന്റണി, സുഷമ ആന്റണി, നീതു ഷൈജു, ബെനഡിക്ട് റാഫേൽ തുടങ്ങിയവർ സംസാരിച്ചു.