തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പും അറിയിച്ചു . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം .
ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട് . ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്.