കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ സെൻസെസ്സ് പ്രക്രിയയിൽ ജാതിപേരും തേടുമെങ്കിലും അത് അനുസരിച്ചുള്ള പൊതു തരംതിരിവ് ഉണ്ടാകില്ല. രാജ്യത്താകെ ഉള്ള ഓ ബി സി, ഇ ബി സി തുടങ്ങിയ തരംതിരിവുകൾ ഉണ്ടാകുകയില്ല എന്നാണു സർക്കാർ നൽകുന്ന സൂചന. അതേ സമയം ഓരോ ജാതിയുടെയും അംഗബലം പ്രത്യേകം ലഭ്യമാകും.
ഓ ബി സി, ഇ ബി സി തരംതിരിവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ഓ ബി സി, ഇ ബി സി തരംതിരിവിൽ കേന്ദ്രപട്ടികയാണോ സംസ്ഥാന പട്ടികയാണോ സെൻസെസ്സിൽ ഉപയോഗിക്കുക എന്നുള്ള ആശങ്കയ്ക്കാണ് ഇതോടെ പരിഹാരം ആകുന്നതു.
ഓരോ മതത്തിലും പെട്ടവർ സെൻസെസ്സ് പ്രക്രിയയിൽ തങ്ങൾ ഏതു ജാതിയിൽ പെട്ടത് ആണെന്ന് അറിയിക്കണം. കോവിഡ് 19 മൂലം മുടങ്ങിയ 2021 ലെ സെൻസെസ്സിനായി തയ്യാറാക്കിയ ചോദ്യാവലി കാര്യമായ മാറ്റങ്ങളില്ലാതെ ഉപയോഗിക്കും.
സെൻസെസ്സിന്റെ ഭാഗമാകുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ഒരു ഘട്ടത്തിലും, ജനസംഖ്യാ കണക്കെടുപ്പിൽ വ്യക്തി കേന്ദ്രീകൃത വിവരങ്ങൾ രണ്ടാമത്തെ ഘട്ടത്തിലും സർവ്വേയുടെ ഭാഗമാകും.
ഡിജിറ്റൽ സെൻസെസ്സ് ആയിരിക്കും ഈ സെൻസെസ്സ് എന്നുള്ളതാണ് ഒരു പ്രത്യേകത. അപഗ്രഥനം എളുപ്പമാകും എന്നുള്ളതും ഡിജിറ്റൽ സെൻസെസ്സിനെ വ്യത്യസ്തമാക്കുന്നു.
മണ്ഡല പുനഃനിർണ്ണയം, വനിതാ സംവരണം ഇവയ്ക്കു പുറമെ ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെയും പുതിയ സെൻസെസ്സ് ബാധിക്കും എന്നതിനാൽ രാഷ്രീയ പ്രാധാന്യവും ഉണ്ട്. പ്രതിപക്ഷ പാർട്ടികളുടെയും പ്രതിപക്ഷ സംസ്ഥാന സർക്കാരുകളുടെയും ശക്തമായ എതിർപ്പും ഉണ്ട്.
2027 മാർച്ചു ഒന്നിലെ ജനസംഖ്യ ആണ് പ്രഖ്യാപിക്കുക. ഈ മാസം 16 ലെ വിജ്ഞാപനത്തോടെ സെൻസെസ്സിന്റെ ഔദ്യോദിക തുടക്കമാകും. നടപടി പൂർത്തീകരിക്കാൻ മൂന്നു വർഷം എങ്കിലും വേണ്ടി വരുമെന്നാണ് വിവരം.

