തിരുവനന്തപുരം : അത്താഴപട്ടിണിക്കാരുടെ ഏകവരുമാനമാർഗ്ഗമായ ക്ഷേമ പെന്ഷന് തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളോട് ധനവകുപ്പ് നിര്‍ദേശിച്ചു. അനര്‍ഹമായി പണം തട്ടിയെടുത്ത ഹസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായി.
ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല . അനധികൃതമായി സാമൂഹിക ക്ഷേമ പെന്ഷന് കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.