തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ. 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു നമ്മുടെ നാട്.
1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമാകുകയും 5 ജില്ലകളെ കോർത്തിണക്കികൊണ്ട് ഐക്യ കേരളം പിറക്കുകയുമാണ് ഉണ്ടായത്.
കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. പരശുരാമന് എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.
മലയാള നാടിന്റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.
കേരളപ്പിറവി ദിനത്തിൽ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം.
എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി.
കേരളം 68ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളപ്പിറവി ആശംസകൾ നേർന്നു . ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ നിരവധി മേഖലകളിൽ നമ്മുടെ നേട്ടങ്ങൾ ലോകമാകെ ശ്രദ്ധ നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.